കശ്മീരിലെ സുരക്ഷാ സേനയെക്കുറിച്ചുള്ള തന്ത്രപ്രധാന വിവരങ്ങള്‍ പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കു കൈമാറിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു

208

ശ്രീനഗര്‍• കശ്മീരിലെ സുരക്ഷാ സേനയെക്കുറിച്ചുള്ള തന്ത്രപ്രധാന വിവരങ്ങള്‍ പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കു കൈമാറിയ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. പൊലീസ് കണ്‍ട്രോള്‍ റൂമില്‍ പ്രവര്‍ത്തിച്ചിരുന്ന ഡിവൈഎസ്പി തന്‍വീര്‍ അഹമ്മദിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.ഒരു മാസം മുന്‍പ് കണ്‍ട്രോള്‍ റൂമിലേക്ക് ഒരു ഫോണ്‍ കോള്‍ വന്നു. സേനാ കമാന്‍ഡര്‍ എന്നു സ്വയം പരിചയപ്പെടുത്തിയ വ്യക്തി തന്‍വീറിനോടു കശ്മീര്‍ താഴ്‍വരയിലെ വിവിധ ഇടങ്ങളില്‍ വിന്യസിച്ചിരിക്കുന്ന പൊലീസുകാരെയും അര്‍ധ സൈനിക വിഭാഗത്തെയും കുറിച്ചുള്ള വിവരങ്ങള്‍ തിരക്കി. ഈ വിവരങ്ങള്‍ കൈമാറുന്നതിനു എസ്പിയുടെ അനുവാദം വേണമെന്ന് തന്‍വീര്‍ പറഞ്ഞു.

എന്നാല്‍ പിന്നീടു വാട്സ്‌ആപ് മുഖേന ഈ വിവരങ്ങള്‍ തന്‍വീര്‍ പാക്കിസ്ഥാനു കൈമാറിയതായാണു സൂചന.
കണ്‍ട്രോള്‍ റൂമിലേക്കെത്തിയ ഈ കോളിനെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണം കേന്ദ്ര ആഭ്യന്തരമന്ത്രാലയം നടത്തി. അന്വേഷണത്തില്‍ തന്‍വീര്‍ പാക്കിസ്ഥാന്‍ ഏജന്‍സികളുമായി ബന്ധപ്പെട്ടുവെന്നും വിവരങ്ങള്‍ കൈമാറിയെന്നും കണ്ടെത്തി. ഇക്കാര്യം ജമ്മു കശ്മീര്‍ ഡിജിപി കെ.രാജേന്ദ്ര കുമാറിനെ അറിയിച്ചു. അദ്ദേഹം ഉടന്‍തന്നെ അന്വേഷണത്തിന് ഉത്തരവിടുകയും തന്‍വീറിനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പാക്കിസ്ഥാനില്‍നിന്നു കശ്മീരിലെ സുരക്ഷാ സേനയെക്കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ചുകൊണ്ടുള്ള ഫോണ്‍ കോളുകള്‍ ജമ്മു കശ്മീര്‍ പൊലീസിനു ലഭിക്കുന്നതായാണ് ഇന്റലിജന്‍സ് വൃത്തങ്ങളില്‍നിന്നു ലഭിക്കുന്ന വിവരം. വിളിക്കുന്നവര്‍ സേനാ ഉദ്യോഗസ്ഥനെന്നോ അല്ലെങ്കില്‍ സുരക്ഷാ ഏജന്‍സികളിലെ ഉദ്യോഗസ്ഥനെന്നോ പരിചയപ്പെടുത്തിയ ശേഷമായിരിക്കും സേനയെക്കുറിച്ചുള്ള വിവരങ്ങള്‍ ചോദിക്കുക. സാധാരണ ഇത്തരം കോളുകള്‍ക്കു പൊലീസ് ഉദ്യോഗസ്ഥര്‍ മറുപടി പറയാറില്ല. ഔദ്യോഗിക മാര്‍ഗ്ഗങ്ങളിലൂടെ വിവരങ്ങള്‍ തിരക്കാനായിരിക്കും ആവശ്യപ്പെടുക.

NO COMMENTS

LEAVE A REPLY