ശ്രീനഗര്‍ • രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് 12 സര്‍ക്കാര്‍ ജീവനക്കാരെ പുറത്താക്കി. നൂറിലധികം പേര്‍ നീരീക്ഷണത്തിലാണെന്നും കൂടുതല്‍പേരെ ഇനിയും പിരിച്ചുവിട്ടേക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കശ്മീരില്‍ തുടരുന്ന സംഘര്‍ഷത്തിനു പിന്നില്‍ പങ്കുണ്ടെന്നു വ്യക്തമായ ഉദ്യോഗസ്ഥരെയാണ് പിരിച്ചുവിട്ടതെന്നാണ് സൂചന. കശ്മീര്‍ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് റജിസ്ട്രാര്‍ അടക്കമുള്ളവര്‍ പുറത്താക്കപ്പെട്ടവരിലുണ്ട്. വിദ്യാഭ്യാസം, റവന്യൂ, ആരോഗ്യം തുടങ്ങിയ വകുപ്പുകളില്‍ ഉള്‍പ്പെട്ടവരും പുറത്താക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാന പൊലീസ് ക്രൈം ഇന്‍വേസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്മെന്റ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ചീഫ് സെക്രട്ടറിയാണ് ഇതുസംബന്ധിച്ച നിര്‍ദേശം വകുപ്പു മേധാവികള്‍ക്ക് നല്‍കിയത്. രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ ഇതു രണ്ടാം തവണയാണ് ജമ്മു കശ്മീരില്‍ ഉദ്യോഗസ്ഥരെ പുറത്താക്കുന്നത്. ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് ജമ്മു കശ്മീരില്‍ സംഘര്‍ഷം ഉടലെടുത്തത്. സംഘര്‍ഷത്തില്‍ ഇതുവരെ 90 ഓളം പേര്‍ കൊല്ലപ്പെടുകയും 12,000 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.