ശ്രീനഗര്‍• കശ്മീരില്‍ 115 ദിവസം നീണ്ട പ്രക്ഷോഭത്തിനിടെ 26 സ്കൂളുകള്‍ തീവച്ചു നശിപ്പിച്ചുവെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വയം കേസെടുത്ത കശ്മീര്‍ ഹൈക്കോടതി, സ്കൂളുകള്‍ സംരക്ഷിക്കാനാവശ്യമായ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ക്കു നിര്‍ദേശം നല്‍കി. വിദ്യാഭ്യാസത്തിന്‍റെ ശത്രുക്കളെ കണ്ടെത്തണമെന്നും ഉരുക്കിമുഷ്ടിയോടെ അവരെ നേരിടണമെന്നും അഭിപ്രായപ്പെട്ട കോടതി സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചു. ഇതേസമയം, സ്കൂളുകള്‍ നശിപ്പിച്ചതിനു പിന്നില്‍ വിഘടനവാദികളാണെന്നു വിദ്യാഭ്യാസമന്ത്രി നയീം അക്തര്‍ വ്യക്തമാക്കി. പ്രക്ഷോഭം നിലയ്ക്കാതിരിക്കാനാണ് ഇവര്‍ സ്കൂളുകള്‍ക്കു തീവയ്ക്കുന്നത്. ബാങ്കുകള്‍ കൊള്ളയടിക്കുന്നതും കടകള്‍ക്കും വാഹനങ്ങള്‍ക്കും തീവയ്ക്കുന്നതും ഇവര്‍ തന്നെയാണെന്നും നയീം അക്തര്‍ കുറ്റപ്പെടുത്തി.