ദില്ലി: കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള കരട് റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ പുനഃപ്രസിദ്ധീകരിച്ചു. ഇതോടെ അന്തിമവിജ്ഞാപനം ഇനിയും വൈകുമെന്നുറപ്പായി. അന്തിവിജ്ഞാപനം ഇറക്കാത്തതില്‍ പ്രതിഷേധിച്ച് ഈ മാസം ആറിന് ഇടുക്കിയില്‍ ഹര്‍ത്താലുമായി മുന്നോട്ട് പോകുമെന്ന് യുഡിഎഫ് നേതാക്കള്‍ അറിയിച്ചു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിന്റെ കാലാവധി മറ്റന്നാള്‍ അവസാനിക്കാനിരിക്കെയാണ് നിലവിലുള്ള കരട് തന്നെ കേന്ദ്രസര്‍ക്കാര്‍ പുനപ്രസിദ്ധീകരിച്ചത്. സംസ്ഥാനത്തെ 123 വില്ലേജുകളില്‍ ജനവാസമേഖലകള്‍ ഉള്‍പ്പെട്ട 889.7 ചതുരശ്രകിലോമീറ്ററും വനമേഖലയായ 9107 ചതുരശ്രകിലോമീറ്ററും ഉള്‍പ്പെടുത്തിയാണ് കരട്. ഇതിന്‍മേല്‍ ആശങ്കകളും പരാതികളും 60 ദിവസത്തിനകം അറിയിക്കണം. പുതിയ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ 540 ദിസവത്തിനുള്ളില്‍ അന്തിമവിജ്ഞാപനം ഇറക്കിയാല്‍ മതി. ഇതോടെ പരിസ്ഥിതിലോലപ്രദേശങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിച്ചുള്ള അന്തിമവിജ്ഞാപനം ഉടന്‍ ഇറങ്ങില്ലെന്നുറപ്പായി. ഈ ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ് ഇന്ന് പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. അന്തിമവിജ്ഞാപനം ഇറങ്ങാത്ത സാഹചര്യത്തില്‍ ആറാം തീയതി പ്രഖ്യാപിച്ച് ഇടുക്കി ഹര്‍ത്താലുമായി മുന്നോട്ട് പോകുമെന്ന് യുഡിഎഫ് നേതാക്കള്‍ അറിയിച്ചു.