കാട്ടാക്കട :സര്‍ക്കാര്‍ ജോലി കിട്ടിയിട്ട് വേണം ലീവെടുക്കാന്‍ എന്ന പഴഞ്ചന്‍ ഡയലോഗ് തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഈ സര്‍ക്കാര്‍ ഓഫീസിന്റെ പ്രവര്‍ത്തനം. കാട്ടാക്കട താലൂക്ക് ആസ്ഥാനമാണ് തഹസീല്‍ദാര്‍ ഷീജാ ബീഗത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഞായറാഴ്ച്ചയും പ്രവൃത്തി ദിനമാക്കി സേവന പ്രവര്‍ത്തനത്തില്‍ ഒരു വ്യത്യസ്ഥവും ഒപ്പം അനുകരണീയവുമായ പുതു മാതൃക സൃഷ്ടിച്ച് കയ്യടി നേടുന്നത്.
കാല്‍ നൂറ്റാണ്ടായി പട്ടയത്തിനു കാത്തിരിക്കുന്നവര്‍ക്ക് പൂര്‍ണ്ണമായും ഭൂമിയുടെ അവകാശം നല്‍കുന്നതിനായി നടപടികള്‍ തീര്‍പ്പാക്കുന്നതിനാണ് ഞായറാഴ്ചയും തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഓഫീസ് പ്രവര്‍ത്തിച്ചത്. പ്രവൃത്തി ദിവസം പോലെ രാവിലെ പത്തുമണിയോടെ തന്നെ ജീവനക്കാര്‍ ഹാജരാക്കുകയും പട്ടയ വിതരണ സംബന്ധമായ ഫയലുകള്‍ പരിശോധിച്ച് നടപടികള്‍ ആരംഭിക്കുകയും ചെയ്തു.
കാട്ടാക്കട താലൂക്ക് നിവാസികള്‍ക്ക് പട്ടയം നല്‍കുന്നതിനായുള്ള അവസാനവട്ടജോലികളും, തഹസീല്‍ദാര്‍ ഷീജാ ബീഗം പട്ടയത്തില്‍ ഒപ്പിടുന്ന ജോലികളും ആണ് ഇന്നലെ നടന്നത്. ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ സുരേഷ്, ഹരി, വില്ലേജ് ഓഫീസര്‍മാരായ ജ്യോതി, മനോജ് എന്നിവര്‍ക്ക് പുറമെ മറ്റു ജീവനക്കാരും കര്‍ത്തവ്യ നിര്‍വഹണത്തിനായി എത്തി. പതിനൊന്നാം തീയതിയാണ് പട്ടയമേള നടക്കുന്നത്.