ന്യൂഡല്‍ഹി: തമിഴ്നാടിന് കര്‍ണാടകം നല്‍കേണ്ട വെള്ളത്തിന്റെ അളവ് സുപ്രീംകോടതി കുറച്ചു. ഒക്ടോബര്‍ ആറ് വരെ ദിവസേന ആറായിരം ഘനയടി വെള്ളം നല്‍കാനായിരുന്നു ആദ്യം ആവശ്യപ്പെട്ടതെങ്കിലും അത് തിരുത്തി രണ്ടായിരം ഘനയടി വെള്ളം നല്‍കിയാല്‍ മതിയെന്നാണ് സുപ്രീം കോടതി ചൊവ്വാഴ്ച ആവശ്യപ്പെട്ടത്. ഒക്ടോബര്‍ 18 ന് കേസ് വീണ്ടും പരിഗണിക്കും.
ഇതിന് പുറമെ പ്രശ്നപരിഹാരത്തിനായി കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപവത്കരിക്കണമെന്നുള്ള തീരുമാനവും കോടതി തല്‍ക്കാലത്തേക്ക് മാറ്റിവെച്ചു. കാവേരി മാനേജ്മെന്റ് പെട്ടെന്ന് രൂപവത്കരിക്കാനാവില്ലെന്നും ഇത് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്ത ശേഷമേ നടപ്പില്‍ വരുത്താനാവൂ എന്നും കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദ് കോടതിയെ അറിയിച്ചതോടെയാണ് തീരുമാനം മാറ്റിവെക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത്.തമിഴ്നാടിന് കാവേരി വെള്ളം വിട്ടുനല്‍കാന്‍ നിരവധി തവണ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇത് പാലിക്കാനാവില്ലെന്ന നിലപാടിലായിരുന്നു കര്‍ണാടകം. കുടിവെള്ളത്തിന് മാത്രമേ കാവേരി വെള്ളം ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന പ്രമേയവും കര്‍ണാടകം നിയമസഭയില്‍ പാസാക്കിയിരുന്നു.പക്ഷെ സുപ്രീംകോടതി നിലപാട് കടുപ്പിച്ചതോടെ കാവേരി വെള്ളം എല്ലാ കര്‍ഷകര്‍ക്കും എന്ന പുതിയ പ്രമേയം പാസാക്കിയാണ് വെള്ളം വിട്ടുകൊടുക്കാനുള്ള നിലപാടിലേക്ക് കര്‍ണാടകമെത്തിയത്. പ്രശ്ന പരിഹാരത്തിനായി കേന്ദ്ര ജലകമ്മീഷന്‍ തലവനായുള്ള വിദഗ്ധ സമിതിയെയും കോടതി നിയോഗിച്ചിരുന്നു. ഇവരുടെ ഇടക്കാല റിപ്പോര്‍ട്ട് പരിഗണിച്ചാണ് ദിവസേന 6000 ഘനയടി വെള്ളമെന്നത് 2000 ഘനയടിയാക്കി കുറച്ചത്.