കാവേരി പ്രശ്‌നം: കേന്ദ്രം ഉന്നതാധികാര സാങ്കേതികസമിതി രൂപീകരിച്ചു

259

ദില്ലി: കാവേരി കേസില്‍ കേന്ദ്രസര്‍ക്കാര്‍ ഉന്നതാധികാര സാങ്കേതികസമിതി രൂപീകരിച്ചു. മറ്റന്നാള്‍ ബംഗലൂരുവില്‍ സമിതി യോഗം ചേരും. കാവേരി നദീ തര്‍ക്കം കാരണം തടസപ്പെട്ടിരുന്ന കര്‍ണാടകത്തിനും തമിഴ്‌നാടിനുമിടയിലെ ലോറി ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു.കാവേരി നദീജല പരിപാലന ബോര്‍ഡിന് പകരം സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ് ഉന്നതാധികാര സാങ്കേതിക സമിതി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചത്. കേന്ദ്ര ജലകമ്മീഷന്‍ ചെയര്‍മാന്‍ ജിഎസ് ഷായാണ് സമിതി അധ്യക്ഷന്‍. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിയോ പ്രതിനിധിയോ സമിതിയില്‍ ഉണ്ടാകും. തമിഴ്‌നാട്, കര്‍ണാടക, കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള ഒരു ചീഫ് എഞ്ചിനിയറും സമിതിയില്‍ അംഗമാണ്. മറ്റന്നാള്‍ ബംഗലൂരുവില്‍ യോഗം ചേരുന്ന സമിതി കാവേരി നദീതടം സന്ദര്‍ശിക്കും. ഈ മാസം 17ന് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതേസമയം കാവേരി നദീ തര്‍ക്കം കാരണം തടസപ്പെട്ടിരുന്ന കര്‍ണാടകത്തിനും തമിഴ്‌നാടിനുമിടയിലെ ലോറി ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. അത്തിബലെ ഉള്‍പ്പെടെയുള്ള അതിര്‍ത്തികളില്‍ നിന്നും ലോറികള്‍ ഇരു സംസ്ഥാനങ്ങളിലേക്കും വിട്ടുതുടങ്ങി. ഇതിനിടെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ അപകീര്‍ത്തിപ്പെടുത്തുന്ന സംഗീത ആല്‍ബം പുറത്തിറക്കിയതിന് ഷിമോഗ സ്വദേശികളായ മൂന്ന് യുവാക്കളെ ബംഗളുരു പൊലീസ് അറസ്റ്റ് ചെയ്തു.

NO COMMENTS

LEAVE A REPLY