ദില്ലി: തമിഴ്‌നാടിന് വെള്ളം നല്‍കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കാവേരി മേല്‍നോട്ട സമിതിയുടെ യോഗം ഇന്ന് ദില്ലിയില്‍ ചേരും. കേന്ദ്ര ജലവിഭവ മന്ത്രാലയ സെക്രട്ടറി ശശി ശേഖറിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കര്‍ണാടകം തമിഴ്‌നാട് ചീഫ് സെക്രട്ടറിമാര്‍ പങ്കെടുക്കും. സംസ്ഥാനത്ത് മഴയില്ലാത്തതും കാവേരിയില്‍ നീരൊഴിക്ക് കുറഞ്ഞതും സമിതിക്ക് മുന്നില്‍ ശക്തമായി അവതരിപ്പിക്കാനാണ് കര്‍ണാടകത്തിന്റെ തീരുമാനം. ഇതിനായി ഹൈക്കോടതി മുന്‍ ജഡ്ജിമാരുള്‍പ്പെടെയുള്ള നിയമവിദഗ്ദരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. മേല്‍നോട്ട സമിതി യോഗത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതേ സമയം വിവിധ കന്നട സംഘടനകള്‍ ഇന്ന് തമിഴ്‌നാട് കര്‍ണാടക അതിര്‍ത്തിയായ അത്തിബലയില്‍ ഉപരോധ സമരം നടത്തും.