കളിച്ചും പഠിച്ചും ബിനാലെയില്‍ കുട്ടികള്‍ക്ക് ‘ഒറിഗാമെട്രിയ’ പരിശീലന കളരി

473

കൊച്ചി: ആറാം ക്ലാസുകാരന്‍ അര്‍ജുന്‍ തിരക്കിലാണ്. ശ്രദ്ധ കയ്യിലിരിക്കുന്ന സമചതുരത്തിലുള്ള കടലാസ് പലതായി മടക്കുന്നതില്‍ മാത്രം. ഉദ്ദേശിക്കുന്ന രൂപം കിട്ടാതെ വരുമ്പോള്‍ ക്ഷമയോടെ വീണ്ടും മടക്കുകള്‍ ശരിയാക്കും. ഒടുവില്‍ കിട്ടുന്ന രൂപം ജാമ്യതീയ ശാസ്ത്രത്തിലെ (ജ്യോമെട്രി) പ്രധാനപ്പെട്ട ഒന്നാണെന്ന് അവന്‍ അറിഞ്ഞിരുന്നില്ല. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ കുട്ടികള്‍ക്കായി തുടങ്ങിയ ആര്‍ട്ട് ബൈ ചില്‍ഡ്രന്റെ ഭാഗമായി ആസ്പിന്‍വാള്‍ ഹൗസിലെ വാസ്തുകലാ പന്തലില്‍ സംഘടിപ്പിച്ച ‘ഒറിഗാമെട്രിയ’ പരിശീലന കളരി കുട്ടികള്‍ക്ക് വിനോദവും വിജ്ഞാനവും ഒരേ അളവില്‍ പകര്‍ന്നു നല്‍കി. കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തിലെ യു പി ക്ലാസുകളില്‍ നിന്നുള്ള 30 വിദ്യാര്‍ത്ഥികളാണ് ഈ ദ്വിദിന പരിശീലന കളരിയില്‍ പങ്കെടുത്തത്.

ജാമ്യതീയ രൂപങ്ങളും അവയുടെ പ്രാഥമിക പാഠങ്ങളും വിദ്യാര്‍ത്ഥികള്‍ പഠിച്ചു തുടങ്ങുന്നത് യുപി ക്ലാസുകള്‍ മുതലാണ്. ഈയവസരത്തില്‍ കണക്കില്‍ പതിവായി ഉണ്ടാകുന്ന മടുപ്പ് ഇല്ലാതാക്കാന്‍ ഇത്തരം ക്ലാസുകള്‍ ഉപകരിക്കുമെന്ന് ഒറിഗാമെട്രിയ പരിശീലകനായ ആന്‍ോ ജോര്‍ജ് പറഞ്ഞു. ഇത് അധ്യയനത്തിന്റെ ഭാഗമാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് ആന്റോയും സംഘവും. തമാശകളിലൂടെയുള്ള പഠനം ഏറെ ഇഷ്ടപ്പെട്ടെന്ന് വിദ്യാര്‍ത്ഥി ആതിര മേനോന്‍ പറഞ്ഞു. ജാമ്യതീയ രൂപങ്ങളെ കുറിച്ച് പഠിപ്പിച്ചിട്ടുണ്ടെങ്കിലും സ്വയം അതുണ്ടാക്കിയ അനുഭവം വേറിട്ടതായിരുന്നു. ഓരോ രൂപങ്ങള്‍ ഉണ്ടാക്കുമ്പോഴും മനസ് നിറയുന്ന അനുഭൂതിയുണ്ടായി എന്ന് ആതിര പറഞ്ഞു.

ഒറിഗാമെട്രിയ കളരിയുടെ മാത്രം അനുഭവമല്ല ഇത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ‘ആര്‍ട്ട് ബൈ ചില്‍ഡ്രന്‍’ (എബിസി) നടത്തി വരുന്ന എല്ലാ പരിപാടികളിലും കുട്ടികളുടെ അഭിപ്രായം ഇതു തന്നെയാണ്. കുരുത്തോല കൊണ്ടുള്ള കരകൗശലം, കലാലിപി, ബത്തീക് പെയിന്റിംഗ്, കഥപറച്ചില്‍, കലാപ്രകടനങ്ങള്‍ തുടങ്ങി നിരവധി മേഖലകളിലാണ് എബിസി തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചത്. ഇതു വരെ അമ്പതോളം സ്‌കൂളുകളില്‍ നിന്നായി രണ്ടായിരത്തോളം കുട്ടികളിലേക്ക് ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ വ്യാപിച്ചു കഴിഞ്ഞു. കേരളത്തിലെ 14 ജില്ലകളിലെ നൂറു സ്‌കൂളുകളിലായി 5000 കുട്ടികളിലേക്ക് ആറു മാസം കൊണ്ട് ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ സംരംഭം എത്തിക്കാനാണ് സംഘാടകരുടെ പദ്ധതി.

തീരുമാനങ്ങളെടുക്കാനുള്ള കഴിവും പൂര്‍ണമായ അര്‍പ്പണ മനോഭാവവുമാണ് കുട്ടികളെ ഈ സംരംഭത്തിലൂടെ പഠിപ്പിക്കുന്നതെന്ന് ‘ആര്‍ട്ട് ബൈ ചില്‍ഡ്രന്‍’ തലവന്‍ മനു ജോസ് പറഞ്ഞു. കലയെ വ്യത്യസ്തമായ വീക്ഷണത്തിലൂടെ സമീപിക്കാന്‍ കുട്ടികളെ എബിസി പ്രാപ്തരാക്കുന്നു. വീടിനും സ്‌കൂളിനും പുറത്ത് കലാപഠനം നടത്താനായി ബൃഹത്തായ ഇടമുണ്ടെന്നതും പ്രത്യേകതയാണ്. ഇതിലൂടെ കളിച്ചും പഠിച്ചും, സ്വയം തിരിച്ചറിഞ്ഞും അവര്‍ക്ക് വളരാമെന്നും അദ്ദേഹം പറഞ്ഞു. ലിവര്‍ പൂള്‍ ബിനാലെയുടെ വിദ്യാഭ്യാസ ക്യൂറേറ്റര്‍ പോളി ബ്രണ്ണന്‍ അടക്കമുള്ള പ്രമുഖര്‍ ആര്‍ട്ട് ബൈ ചില്‍ഡ്രനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. സര്‍ഗ്ഗാത്മകതയുടെ പരിസ്ഥിതിവ്യവസ്ഥ എന്ന പേരില്‍ ഒരു പരിശീലന പരിപാടി അവര്‍ കൊച്ചി ബിനാലെ വേദിയില്‍ സംഘടിപ്പിച്ചിരുന്നു. കളിയിലൂടെ പഠനമെന്നതായിരുന്നു അവര്‍ സ്വീകരിച്ച രീതി. ഭൂമി എഡ്യൂക്കേഷന്‍ സെന്റര്‍ വിദ്യാര്‍ത്ഥികളുമൊന്നിച്ച് അവര്‍ പാഴ്‌വസ്തുക്കള്‍ കൊണ്ട് എടവനക്കാട് കുഴിപ്പള്ളി ബീച്ചില്‍ കുട്ടികള്‍ക്ക് കളിസ്ഥലവും നിര്‍മ്മിച്ചു നല്‍കി.

എബിസി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ളതാണെങ്കില്‍ യുവാക്കളായ വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ചുള്ളതാണ് സ്റ്റുഡന്റ്‌സ് ബിനാലെ. കുട്ടിക്കളിയിലൂടെയുള്ള അധ്യയനത്തില്‍ നിന്നു മാറി, ഉന്നത കലാപഠനം നടത്തുന്നവരെ ഉദ്ദേശിച്ചുള്ളതാണ് ഈ പരിപാടി. കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി 465 വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന സ്റ്റുഡന്റ് ബിനാലെ പ്രദര്‍ശനങ്ങളും നടക്കുന്നുണ്ട്. ഏഴു വേദികളിലായി നടക്കുന്ന ഈ പ്രദര്‍ശനങ്ങളില്‍ 55 ഫൈന്‍ ആര്‍ട്ട് കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണുള്ളത്.
പ്രദര്‍ശനങ്ങളുടെ സംഘാടനം നടത്തിയത് 16 ക്യൂറേറ്റര്‍മാരാണ്. അന്താരാഷ്ട്ര നിലവാരത്തില്‍ കലാമേളകള്‍ എങ്ങിനെ സംഘടിപ്പിക്കണം എന്നതിന്റെ പരിശീനത്തിനപ്പുറം, സര്‍ഗ്ഗശേഷിയെ പ്രമേയത്തിനനുബന്ധമായി എങ്ങിനെ സമന്വയിപ്പിക്കണം എന്ന കാര്യങ്ങളെല്ലാം പഠിക്കാന്‍ കിട്ടുന്ന അവസരമാണിത്. ലോക പ്രശസ്തമായ കൊച്ചി ബിനാലെയ്‌ക്കൊപ്പം ഇത്തരം സംരംഭത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്ന് സ്റ്റുഡന്റ്‌സ് ബിനാലെ ക്യൂറേറ്റര്‍മാരിലൊരാളായ നവീന്‍ മഹന്തേഷ് പറഞ്ഞു. കോര്‍പ്പറേറ്റ് മേഖലയില്‍ നിന്നുള്‍പ്പെടെ മികച്ച പ്രോത്സാഹനമാണ് രണ്ട് പദ്ധതികള്‍ക്കും ലഭിക്കുന്നത്. പ്രമുഖ ഔഷധ കമ്പനിയായ മെര്‍ക്കാണ് ആര്‍ട്ട് ബൈ ചില്‍ഡ്രന്റെ പ്രധാന സ്‌പോണ്‍സര്‍. ടാറ്റാ ട്രസ്റ്റ്, ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യന്‍ കണ്ടംപററി ആര്‍ട്ട്, ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യന്‍ ആര്‍ട്ട് ആന്‍ഡ് എഡ്യൂക്കേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് സ്റ്റുഡന്റ്‌സ് ബിനാലെ നടക്കുന്നത്.

NO COMMENTS

LEAVE A REPLY