കൊച്ചി: ബെര്‍ലിനാലെ എന്നറിയപ്പെടുന്ന വിഖ്യാതമായ ബെര്‍ലിന്‍ ചലച്ചിത്രോത്സവത്തിലെ തെരഞ്ഞെടുത്ത ചലച്ചിത്രങ്ങള്‍ കൊച്ചി-മുസിരിസ് ബിനാലെയില്‍ പ്രദര്‍ശിപ്പിക്കുന്നു. ബിനാലെയുടെ ആര്‍ട്ടിസ്റ്റ്‌സ് സിനിമ വിഭാഗത്തിലാണ് ഇവയുടെ പ്രദര്‍ശനം. മാര്‍ച്ച് പത്ത് വെള്ളിയാഴ്ച വൈകീട്ട് 6.50-നാണ് ആദ്യപ്രദര്‍ശനം. കഴിഞ്ഞ മാസം നടന്ന 67-ാമത് ബെര്‍ലിനാലെയിലെ ആറു സിനിമകളടക്കം കഴിഞ്ഞ മൂന്നു ബെര്‍ലിനാലെകളില്‍ നിന്നായി മൊത്തം 20 സിനിമകളാണ് മൂന്നു ദിവസത്തെ പാക്കേജില്‍ പെടുത്തി ഫോര്‍ട്ട്‌കൊച്ചി കബ്രാള്‍ യാര്‍ഡില്‍ പ്രദര്‍ശിപ്പിക്കുന്നത്. ബെര്‍ലിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചലച്ചിത്ര ഗവേഷകനായ ഉള്‍റിച്ച് സീമണ്‍സാണ് സിനിമ പാക്കേജ് ഒരുക്കിയിട്ടുള്ളത്. ബെര്‍ലിന്‍ സ്‌പോട്ട്‌ലൈറ്റെന്നാണ് പാക്കേജിന് നല്‍കിയിരിക്കുന്ന പേര്. വൈകീട്ട് 6.30 ന് ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ ഷാജി എന്‍ കരുണ്‍ ബെര്‍ലിനാലെ പാക്കേജ് ഉദ്ഘാടനം ചെയ്യും. ഗെയ്‌ഥെ-സെന്‍ട്രം തിരുവനന്തപുരം ഡയറക്ടര്‍ സെയ്ദ് ഇബ്രാഹിം, കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, സെക്രട്ടറി റിയാസ് കോമു എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.
ബെര്‍ലിനാലെ ഷോര്‍ട്‌സ്, ഫോറം എക്‌സാപന്‍ഡഡ് എന്നീ രണ്ട് വിഭാഗങ്ങളില്‍ നിന്നാണ് 20 സിനിമകള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഇക്കഴിഞ്ഞ ബെര്‍ലിന്‍ മേളയില്‍ നിന്ന് ബാര്‍ബറ വാഗ്നര്‍, ബെഞ്ചമിന്‍ ഡി ബുര്‍ക എന്നിവര്‍ സംവിധാനം ചെയ്ത എസ്താസ് വെന്‍ഡോ കൊയിസാസ്(ബ്രസീല്‍), വിന്‍സന്റ് ടോയിയുടെ ദി ക്രയിംഗ് കോഞ്ച്(കാനഡ), ലാറ ഹോറെല്ലിയുടെ ജോക്കിനെന്‍(ഫിന്‍ലാന്റ്), റാവേന്‍ നാസിഫിന്റെ സൊകുന്‍ അല്‍ സുള്‍ഹുഫാത്(ലെബനെന്‍) ബ്രെന്‍ഡ് ലുറ്റ്‌സെലെറിന്റെ ക്യാമറ ത്രെട്ട്(ജര്‍മ്മനി), ഫെണ്‍ സില്‍വയുടെ റൈഡ് ലൈക്ക് ലൈറ്റ്‌നിംഗ്, ക്രാഷ് ലൈക് തണ്ടര്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ബെര്‍ലിനാലെയുടെ രണ്ട് വിഭാഗങ്ങളും തങ്ങളുടെ ചിത്രങ്ങള്‍ കൊച്ചിയിലെ പ്രേക്ഷകര്‍ക്കായി അവതരിപ്പിക്കുന്നതിനെ ആവേശത്തോടെയാണ് കാണുന്നതെന്ന് ഉള്‍റിച്ച് സിമ്മണ്‍സ് പറഞ്ഞു. മേളയില്‍ കാണിച്ച സിനിമകളുടെ വൈവിദ്ധ്യം ബെര്‍ലിനാലെ സ്‌പോട്ട്‌ലൈറ്റ് പാക്കേജിലൂടെ നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ മൂന്നു ബെര്‍ലിനാലെകളില്‍ നിന്നും തെരഞ്ഞെടുത്ത ചെറുതും വലുതുമായ ചിത്രങ്ങളാണ് കൊച്ചിയില്‍ പ്രദര്‍ശിപ്പിക്കുക. ഇതില്‍ കഥയും ഡോക്കുമെന്ററിയും, പരീക്ഷണങ്ങളുമെല്ലാമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹ്രസ്വചിത്രത്തിനുള്ള പരമോന്നത പുരസ്‌കാരമായ ഗോള്‍ഡന്‍ ബെയര്‍ പുരസ്‌കാരം 66-ാമത് മേളയില്‍ നേടിയ ലിയോനര്‍ ടെലിസിന്റെ ബാലാഡ ഡെ ഉം ബട്രാക്വിയോ ശനിയാഴ്ച വൈകീട്ട് പ്രദര്‍ശിപ്പിക്കുന്നുണ്ട്. പോര്‍ച്ചുഗലില്‍ താമസിക്കുന്ന റോമേനിയന്‍ ജനതയുടെ കഥയാണ് ഈ പതിനൊന്ന് മിനിറ്റ് നീളമുള്ള ചിത്രം പറയുന്നത്. ബെര്‍ലിനാലെ ഷോര്‍ട്‌സ് വിഭാഗത്തില്‍ നിന്നും അയ്മന്‍ നാഹെലിന്റെ നൗ എന്‍ഡ് ഓഫ് സീസണ്‍(ലെബനന്‍), ക്രിസ്റ്റീസ് റെബെറ്റിന്റെ ഇന്‍ ദ സോള്‍ജിയേഴ്‌സ് ഹെഡ്, ക്രിസ്‌റ്റോഫ് ജിറാദെ, മത്തായിസ് മുള്ളര്‍ എന്നിവര്‍ സംവിധാനം ചെയ്ത പേഴ്‌സൊണെ എന്നീ ചിത്രങ്ങളാണുള്ളത്. ഫോറം എക്‌സപാന്‍ഡഡ് വിഭാഗത്തില്‍ നിന്ന് ഷെല്ലി സില്‍വറിന്റെ ദി ലാംപ്‌സ്(യുഎസ്എ), ലാറിസ സാന്‍സൗറിന്റെ ഇന്‍ ദി ഫ്യൂച്ചര്‍ ദേ എയിറ്റ് ഫ്രം ദി ഫൈനസ്റ്റ് പോര്‍സെലിന്‍(പാലസ്തീന്‍/ഡെന്‍മാര്‍ക്ക്/യുകെ/ഖത്തര്‍), വോള്‍ക്കര്‍ സാറ്റെലിന്റെ സോറെന്‍ ലിന്‍ഡ് ലാ കപോള(ജര്‍മ്മനി), ദേബോറ സ്ട്രാറ്റ്മാന്റെ ദി ഇല്ല്യനോയിസ് പാരാബിള്‍സ്(യു എസ് എ) എന്നിവയും പ്രദര്‍ശിപ്പിക്കുന്നുണ്ട്.
വ്രെഗാസ് ഭാനുതേജയുടെ ലെംബുസുര(ഇന്തോനേഷ്യ)യാണ് ഉദ്ഘാടന ചിത്രം. ഡേവിഡ് ഡേവിഡ് മുനോസിന്റെ എല്‍ ജ്യൂഗോ ഡെല്‍ എസ്‌കോണ്ടൈറ്റ്(സ്‌പെയിന്‍), മിഷ ലീന്‍കൗഫ്, ലുറ്റ്‌സ് ഹെന്‍കെ, മത്തായിസ് വെര്‍മ്‌കെ എന്നിവരുടെ സിംബോളിക് ത്രെട്ട്‌സ്(ജര്‍മ്മനി) മാര്‍വ ആര്‍സാനിയോസിന്റെ ഹാവ് യൂ എവര്‍ കില്‍ഡ് എ ബെയര്‍ ഓര്‍ ബികമ്മിംഗ് ജാമില(ലെബനന്‍), ജാസ്മിന മെറ്റ് വാലി, ഫിലിപ് റിസ്‌ക് എന്നിവരുടെ ബാര ഫെല്‍ ഷെയര്‍(ഈജിപ്ത്) ഫെലിപെ ബ്രാഗന്‍സായുടെ എസ്‌കേപ് ഫ്രം മൈ ഐസ്(ബ്രസീല്‍/ജര്‍മ്മനി, എന്നിവയാണ് ഉദ്ഘാടന ദിവസത്തെ ചിത്രങ്ങള്‍. കൊച്ചി ബിനാലെ ഫൗണ്ടേഷനും കേരളത്തിലെ സിനിമ ലോകത്തിനും ബെര്‍ലിനാലെയുമായുള്ള സഹകരണം നാഴികക്കല്ലാകുമെന്ന് സെക്രട്ടറി റിയാസ് കോമു പറഞ്ഞു. ഹ്രസ്വചിത്ര സംവിധായകര്‍ക്കാണ് ഇത് കൂടുതല്‍ അര്‍ത്ഥവത്താകുന്നത്. നിരവധി തട്ടുകളുള്ള സമൂലമായ അവതരണരീതിയാണ് ഇതിനുള്ളത്. സ്വന്തം നൈപുണ്യം വികസിപ്പിച്ചെടുക്കാന്‍ ഒരാള്‍ക്ക് കിട്ടുന്ന അവസരമാണിത്. അതിലും പ്രയാസങ്ങളും അപൂര്‍വതകളും മേന്മകളും ഉണ്ടാകാം. സംവിധാന മികവിലും കഥ പറച്ചിലിലും ഒരു പോലെ മികവ് പുലര്‍ത്തുന്നവയാണ് ഇവിടെ പ്രദര്‍ശിപ്പിക്കാന്‍ പോകുന്ന ചിത്രങ്ങളെന്നും റിയാസ് ചൂണ്ടിക്കാട്ടി.