അതിരുകള്‍ക്കതീതമായി നിര്‍മിച്ച ഇന്ത്യ-പാക്ക് സിനിമ കൊച്ചി ബിനാലെയില്‍ പ്രദര്‍ശിപ്പിക്കുന്നു

270

കൊച്ചി: പരസ്പരം നേരിട്ടുകാണാതെ രണ്ട് വനിതാ സംവിധായകര്‍ ഇന്ത്യയിലും പാക്കിസ്ഥാനിലുമിരുന്നു നിര്‍മ്മിച്ച സിനിമ കൊച്ചി-മുസിരിസ് ബിനാലെ മൂന്നാം ലക്കത്തില്‍ പ്രദര്‍ശിപ്പിക്കുന്നു. ബിനാലെയിലെ ആര്‍ട്ടിസ്റ്റ്‌സ് സിനിമ വിഭാഗത്തിലാണ് ഏറെ ശ്രദ്ധിക്കപ്പെട്ട ‘ല്യാരി നോട്ട്‌സ്’ എന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ‘സിനിമ ഫ്രം സബ് കോണ്ടിനെന്റ’് എന്നാണ് ബിനാലെ ഒരുക്കിയ സിനിമ പാക്കേജിന് നല്‍കിയിരിക്കുന്ന പേര്. ബിനാലെ വേദിയായ കബ്രാള്‍ യാര്‍ഡില്‍ ഫെബ്രുവരി ഒന്ന് ബുധനാഴ്ച വൈകീട്ട് ആറരയ്ക്കാണ് പ്രദര്‍ശനം. ബിനാലെ അവസാനിക്കുന്നതു വരെ നിശ്ചിത ഇടവേളകളില്‍ ഈ സിനിമയുടെ പ്രദര്‍ശനം കബ്രാള്‍ യാര്‍ഡില്‍ ഉണ്ടാകും.

മുംബൈയില്‍ നിന്നുള്ള മിറിയം ചന്ദി മീനാച്ചേരി, കറാച്ചിയില്‍ നിന്നുള്ള മാഹീന്‍ സിയ എന്നിവര്‍ കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ടാണ് ല്യാരി നോട്ട്‌സ് നിര്‍മ്മിച്ചത്. കറാച്ചിയിലെ പ്രാന്തപ്രദേശങ്ങളിലെ സംഗീതട്രൂപ്പുകളെക്കുറിച്ചുള്ള ഡോക്യുമെന്ററിയാണിത്. അക്‌സ, മെഹ്‌റൂസ്, ജാവേറിയ, ഷേര്‍ബാനു എന്നീ നാലു പെണ്‍കുട്ടികളുടെ കഥയാണ് ചിത്രം പറയുന്നത്. തങ്ങളേക്കാള്‍ വലിയ ഗിത്താറുകളും ചുമന്ന് ഒട്ടും സുരക്ഷിതമല്ലാത്ത ല്യാരിയിലെ തെരുവുകളിലൂടെ സംഗീതം പഠിക്കാന്‍ പോകുന്നതാണ് ഇതിവൃത്തം. ഗുരുനാഥനായ ഹംസ ജാഫ്രി, രാഷ്ട്രീയമായ വിമര്‍ശനങ്ങളിലൂടെയാണ് സംഗീതസൃഷ്ടി നടത്തുന്നത്. അതിനാല്‍ തന്നെ അദ്ദേഹത്തിന് എല്ലായ്‌പോഴും സുരക്ഷാസൈനികരുടെ അകമ്പടിയുണ്ട്. ഇതും പെണ്‍കുട്ടികളുടെ സംഗീതപഠനത്തെ കൂടുതല്‍ അപകടകരമാക്കുന്നു.

സാര്‍വദേശീയവും സമയബന്ധിതവുമാണ് ഈ സിനിമയെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സെക്രട്ടറി റിയാസ് കോമു വിശേഷിപ്പിച്ചു. അക്രമത്തിന്റെയും ഭീഷണിയുടെയും പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് സംവിധായകര്‍ ഈ കഥ പറയാന്‍ ശ്രമിച്ചിരിക്കുന്നത്. പ്രത്യയശാസ്ത്രവും തീവ്രവാദവും മൂലം ചുരുങ്ങിക്കൊണ്ടിരിക്കുന്ന ലോകത്ത് ഇത്തരം ഉദ്യമങ്ങള്‍ അത്യാവശ്യമാണെന്ന് റിയാസ് ഓര്‍മ്മിപ്പിക്കുന്നു. അതിനെ മറികടന്നുകൊണ്ട് സര്‍ഗസൃഷ്ടികള്‍ വൈവിദ്ധ്യമാര്‍ന്ന പ്രേക്ഷകരിലേക്കെത്തിക്കുന്നത് പരമപ്രധാനമാണ്. സിനിമ പാക്കേജില്‍ ല്യാരി നോട്ട്‌സ് ഉള്‍പ്പെടുത്തിയതും അതിന്റെ ഭാഗമാണെന്ന് റിയാസ് ചൂണ്ടിക്കാട്ടി.

2012 മുതല്‍ 15 വരെയുള്ള വര്‍ഷങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. പാക്കിസ്ഥാനിലെ പൊതുതെരഞ്ഞെടുപ്പ്, മലാല യൂസഫ് സായിയുടെ നോബല്‍ പുരസ്‌കാര ലബ്ധി എന്നിവയുടെ പശ്ചാത്തലമാണ് ഇതിനുള്ളത്. നാലു നായികമാരുടെ കണ്ണിലൂടെ ഈ സാമൂഹ്യ സാഹചര്യത്തെ വീക്ഷിക്കുകയാണ് രണ്ട് സംവിധായകരും. രണ്ട് രാജ്യങ്ങളുടെ അതിര്‍ത്തിയുടെ അപ്പുറത്തും ഇപ്പുറത്തുമായി പരസ്പരം കാണാതെ സിനിമ നിര്‍മിച്ച രീതി തന്നെ വലിയൊരു കഥയാണ്. സ്‌കൈപ്പിലൂടെ വീഡിയോ ചാറ്റ് നടത്തിയാണ് മിറിയവും മാഹിനും ഈ സിനിമയുണ്ടാക്കിയത്. മാഹിന്‍ ഹാര്‍ഡ് ഡിസ്‌കില്‍ പകര്‍ത്തി നല്‍കിയ ഷോട്ടുകള്‍ മിറിയം മുംബെയില്‍ വച്ച് എഡിറ്റ് ചെയ്യും. ഇരുരാജ്യത്തുമുള്ള സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ അകമഴിഞ്ഞ പിന്തുണ ഈ സംരംഭത്തിനുണ്ടായിരുന്നു. ല്യാരിയില്‍ സുരക്ഷിതമായി ഏതെല്ലാം സമയത്ത് ഷൂട്ട് ചെയ്യാമെന്ന് പ്രാദേശികവാസികള്‍ മുന്‍കൂട്ടി മാഹിനെ അറിയിക്കും. പൊതുജനങ്ങളില്‍ നിന്നും പണപ്പിരിവ് നടത്തിയാണ് സിനിമയ്ക്കുള്ള പണം ഇരുവരും കണ്ടെത്തിയത്. ലോകത്തെമ്പാടു നിന്നും നൂറിലധികം പേരുടെ സംഭാവന ഇവര്‍ക്ക് ലഭിച്ചു.

NO COMMENTS

LEAVE A REPLY