ഇന്ത്യന്‍- അറേബ്യന്‍ കലാവിനിമയത്തിനു വഴിയൊരുക്കി കൊച്ചി മുസിരിസ് ബിനാലെ

257

കൊച്ചി: കലയ്ക്കുവേണ്ടി കടല്‍ കടന്നുള്ള കൈകോര്‍ക്കല്‍ കൊച്ചി മുസിരിസ് ബിനാലെയില്‍ സാഫല്യത്തിലേക്ക്. ഇന്ത്യന്‍-അറേബ്യന്‍ കലാവിനിമയത്തിനു വേദിയൊരുക്കി കൊച്ചി മുസിരിസ് ബിനാലെ മൂന്നാം പതിപ്പിനു സമാന്തരമായി കൊച്ചിയില്‍ നടക്കുന്ന, ട്രാന്‍സ്-ഇന്ത്യന്‍ ഓഷന്‍ ആര്‍ട്ടിസ്റ്റ് എക്‌സ്‌ചേഞ്ച് എന്ന സംരംഭം കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷനും ഷാര്‍ജയിലെ മരായ ആര്‍ട് സെന്ററും തമ്മിലുള്ള പങ്കാളിത്തത്തിലൂടെയാണു സാര്‍ഥകമാകുന്നത്. ഡച്ച് കലാകാരനും ക്യുറേറ്ററുമായ മോ റെദയുടെ പരിശ്രമങ്ങളാണ് ഈ കലാ പങ്കാളിത്ത സംരംഭത്തിനു പിന്നില്‍. കേരളവും അറേബ്യന്‍ നാടുകളുമായുള്ള ചരിത്രപരമായ കൈമാറ്റങ്ങളുടെ തുടര്‍ച്ചയും സമകാലിക കലയും സംസ്‌കാരവും അടിസ്ഥാനമാക്കിയുള്ള പുതിയ വിനിമയങ്ങളുമാണ് ഈ കലാസംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. കൊച്ചി മുസിരിസ് ബിനാലെയ്ക്ക് ഡിസംബര്‍ 12ന് തുടക്കമാവുകയാണ്.

നാലു ഘട്ടങ്ങളുള്ള ഈ പദ്ധതിയോടനുബന്ധിച്ച് അറേബ്യന്‍ കലാകാരന്മാരായ മുഹമ്മദ് അഹമ്മദ് ഇബ്രാഹിം, മുഹമ്മദ് കസിം എന്നിവര്‍ ഫോര്‍ട്ട് കൊച്ചിയിലെ പെപ്പര്‍ ഹൗസില്‍ രണ്ടുമാസമായി താമസിച്ചു സൃഷ്ടികള്‍ നടത്തുകയാണ്. ഇരുവരുടെയും സൃഷ്ടികള്‍ കൊച്ചി മുസിരിസ് ബിനാലെയ്ക്കു സമാന്തരമായി പെപ്പര്‍ ഹൗസില്‍ പ്രദര്‍ശനത്തിനുണ്ടാകും. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ കൊച്ചിയുമായി ആഴമേറിയ സൗഹൃദം രൂപപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വെനീസ്, ബോണ്‍, ഹവാന, കയ്‌റോ, മോസ്‌കോ എന്നിവിടങ്ങളില്‍ പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുള്ള ഇബ്രാഹിം പറഞ്ഞു. ഇവിടെ ചെലവഴിച്ച ദിനങ്ങള്‍ കൊച്ചിയുടെ ആത്മാവിലേക്കും അനുഭൂതികളിലേക്കും തന്നെ നയിച്ചു. കല്ലും പേപ്പറും മാധ്യമങ്ങളായുള്ള തന്റെ സൃഷ്ടികളില്‍ കൊച്ചിയുമായുള്ള ഈ ഹൃദയബന്ധത്തിന്റെ അംശങ്ങളുണ്ടെന്നും ഇബ്രാഹിം പറയുന്നു.

കൊച്ചിയുടെ പ്രകൃതിയെയും സാമൂഹിക ജീവിതത്തെയും ജനങ്ങളെയും അടുത്തറിയാന്‍ ഇവിടുത്തെ താമസത്തിലൂടെ കഴിഞ്ഞിട്ടുണ്ടെന്നും അടുത്തറിഞ്ഞ കൊച്ചി അനുഭവങ്ങള്‍ക്ക് ദൃശ്യഭാഷ നല്‍കാനാണു ശ്രമമെന്നും ചിത്രകാരനായ കസിം പറയുന്നു. 2007ലെ ഷാര്‍ജ ബിനാലെയുടെ ഉപ ക്യൂറേററ്ററായിരുന്ന കസിമിന്റെ ഇന്‍സ്റ്റലേഷനും ഫോട്ടോഗ്രാഫുകളും ഡിസംബറില്‍ നടക്കുന്ന പ്രദര്‍ശനത്തിലുണ്ടാകും. വിഡിയോ, പെയ്ന്റിങ്, ഇന്‍സ്റ്റലേഷന്‍ തുടങ്ങി വ്യത്യസ്ത മാധ്യമങ്ങള്‍ കൂട്ടിയിണക്കി സൃഷ്ടി നടത്തുന്ന കസിം വെനീസ്, സിംഗപ്പൂര്‍, ദുബായ്, ബെയ്ജിങ് എന്നിവിടങ്ങളില്‍ പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. അറേബ്യന്‍ കലാകാരന്മാരുടെ കൊച്ചി രചനകള്‍ക്കു സമാനമായി അടുത്ത വര്‍ഷമാദ്യം രണ്ട് ഇന്ത്യന്‍ കലാകാരന്മാര്‍ ഷാര്‍ജയില്‍ മരായ ആര്‍ട് സെന്റര്‍ സന്ദര്‍ശിക്കുകയും അവിടെ താമസിച്ച് ചിത്രരചന നടത്തുകയും ചെയ്യും. രണ്ടു ദേശങ്ങളും തമ്മില്‍ നൂറ്റാണ്ടുകള്‍ പിന്നിട്ട സാമ്പത്തിക-സാംസ്‌കാരിക ഇടപെടലുകളുടെ അടിത്തറയില്‍നിന്നുകൊണ്ട് ചരിത്രപരമായ ബാന്ധവം, സമകാലിക യാഥാര്‍ഥ്യങ്ങള്‍, ഭാവി സാധ്യതകള്‍ എന്നിവയില്‍ ഈ കലാകാരന്മാര്‍ ഗവേഷണം നടത്തും.

രണ്ടു മേഖലകളിലെയും നാലുകലാകാരന്മാരുടെ സൃഷ്ടികള്‍ റെദ ക്യുറേറ്റ് ചെയ്യുന്ന സ്വതന്ത്ര കലാപ്രദര്‍ശനങ്ങളില്‍ പ്രദര്‍ശിപ്പിക്കും. ഒരു പ്രത്യേക സ്ഥലത്തു താമസിച്ചു സൃഷ്ടി നടത്തുമ്പോള്‍ ആശയങ്ങളും അറിവുകളും പരസ്പരം കൈമാറപ്പെടുന്നതു സ്വഭാവികമാണെന്നു റെദ പറയുന്നു. കലാകാരന്മാര്‍ സ്വന്തം തലത്തില്‍ ഗവേഷണവും പര്യവേക്ഷണവും നടത്തുന്നു, അദ്ഭുതങ്ങള്‍ സ്വയം കണ്ടെടുക്കുകയും ചെയ്യുന്നുവെന്നാണ് കൊച്ചി പ്രദര്‍ശനത്തെ സോലിപ്‌സിസം(സ്വന്തം ആത്മാവ് മാത്രമാണ് സുനിശ്ചികമെന്ന തത്വചിന്ത) എന്ന ദാര്‍ശനിക പ്രമേയവുമായി കൂട്ടിയിണക്കാന്‍ പരിശ്രമിക്കുന്ന റെദയുടെ കാഴ്ചപ്പാട്. അറബിനാടുകളിലേക്ക് ആള്‍ക്കാരെ അയയ്ക്കുകയും സമ്പത്തു വര്‍ധിപ്പിക്കുകയുമാണ് ഇന്നു കേരളത്തില്‍ കാണുന്ന രീതിയെന്നും ഈ പുതിയ പദ്ധതിയിലൂടെ കലാകാരന്മാരെ അയയ്ക്കുകയും സാമ്പത്തിക ഉന്നതിക്കു പകരം കലയുടെ ഔന്നത്യം ലക്ഷ്യമിടുകയാണെന്നും കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷന്‍ സെക്രട്ടറി റിയാസ് കോമു പറഞ്ഞു.

NO COMMENTS

LEAVE A REPLY