സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ ഇ-കൊമേഴ്സ് വെബ് പോര്‍ട്ടലുമായി കെല്‍ട്രോണ്‍

236

തിരുവനന്തപുരം• സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നിര്‍മിക്കുന്ന സകല ഉല്‍പന്നങ്ങളും വിറ്റഴിക്കാന്‍ ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് മാതൃകയില്‍ ഇ-കൊമേഴ്സ് വെബ് പോര്‍ട്ടലുമായി കെല്‍ട്രോണ്‍. വിപണിയിലേതിനേക്കാള്‍ വിലക്കുറവില്‍ സര്‍ക്കാരിന്റെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഉല്‍പന്നങ്ങള്‍ കെലിബൈ.കോം (kelebuy.com) എന്ന ഇൗ വെബ്സൈറ്റില്‍ നിന്നു വാങ്ങാം. രാജ്യത്ത് ആദ്യമായാണു സര്‍ക്കാര്‍ ഉല്‍പന്നങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ സര്‍ക്കാര്‍ തന്നെ ഇ-കൊമേഴ്സ് വെബ്സൈറ്റുമായി രംഗത്തുവരുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ വില്‍പന ആരംഭിച്ച കെലിബൈ ഇൗ മാസം തന്നെ ഒൗദ്യോഗിക പ്രവര്‍ത്തനം തുടങ്ങും.
ഹാന്‍ടെക്സ് വക തുണിത്തരങ്ങള്‍, റബ്കോയുടെ ഫര്‍ണിച്ചര്‍, സുരഭി കരകൗശല ഉല്‍പന്നങ്ങള്‍, കെല്‍ട്രോണിന്റെ ശ്രവണ സഹായിയായ തരംഗ്, കേരഫെഡിന്റെ വെളിച്ചെണ്ണ, സ്പൈസസ് ബോര്‍ഡിന്റെ ഉല്‍പന്നങ്ങള്‍, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുസ്തകങ്ങള്‍, പിഎസ്സി പരീക്ഷയ്ക്കുള്ള ഗൈഡുകള്‍, പഴയ ചോദ്യക്കടലാസുകള്‍, ഒൗഷധിയുടെ ആയുര്‍വേദ മരുന്നുകള്‍, കേരള ദിനേശ് ഉല്‍പന്നങ്ങള്‍, ഹിന്ദുസ്ഥാന്‍ ലിവറിന്റെ ഗര്‍ഭ നിരോധന ഉറ തുടങ്ങിയവ കെലിബൈയില്‍ ഓര്‍ഡര്‍ ചെയ്യാം.

ശബരിമലയില്‍ നിര്‍മിക്കുന്ന അപ്പവും അരവണയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി സഹകരിച്ചു സൈറ്റ് വഴി വില്‍ക്കാനും ആലോചനയുണ്ട്. കുടുംബശ്രീ, കണ്‍സ്യൂമര്‍ഫെഡ് തുടങ്ങിയവയുടെ ഉല്‍പന്നങ്ങളും കെലിബൈയിലൂടെ വാങ്ങാന്‍ ഉടന്‍ സൗകര്യമൊരുക്കുമെന്നു കെല്‍ട്രോണ്‍ മാനേജിങ് ഡയറക്ടര്‍ സി.പ്രസന്നകുമാര്‍ മനോരമയോടു പറഞ്ഞു. ഓര്‍ഡര്‍ ചെയ്യുന്ന ഉല്‍പന്നങ്ങള്‍ ഇന്ത്യാ പോസ്റ്റ് വഴിയാണു വീട്ടിലെത്തിക്കുക.
10 ദിവസത്തിനകം ഉല്‍പന്നം എത്തിക്കുമെന്നാണു വാഗ്ദാനം. ഇതുവരെയുള്ള പരീക്ഷണത്തില്‍ ആറു ദിവസമാണു പരമാവധി എടുത്ത സമയം. എല്ലാ ബാങ്കുകളുടെയും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളും ഇന്റര്‍നെറ്റ് ബാങ്കിങ് സംവിധാനവും ഉപയോഗിച്ചു മുന്‍കൂര്‍ പണമടച്ച്‌ ഉല്‍പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം. സാധനം വീട്ടിലെത്തിക്കുമ്ബോള്‍ പണം ഇൗടാക്കുന്ന സംവിധാനം വൈകിയേ വരൂ.
മിക്ക ഉല്‍പന്നങ്ങളും അഞ്ചു മുതല്‍ 10% വരെ വിലക്കുറവില്‍ നല്‍കാനാണു കെല്‍ട്രോണ്‍ ആലോചിക്കുന്നത്.
കെലിബൈയിലൂടെ ലഭിക്കുന്ന ഓര്‍ഡറുകള്‍ ഉല്‍പന്ന നിര്‍മാതാക്കള്‍ക്കു കൈമാറും. അവരാണ് ഉല്‍പന്നങ്ങള്‍ പായ്ക്കു ചെയ്തു കെലിബൈയുടെ സ്റ്റിക്കര്‍ പതിച്ച്‌ ഉപഭോക്താവിനു അയച്ചുകൊടുക്കുക. രാജ്യത്തെവിടെയും ഉല്‍പന്നങ്ങള്‍ എത്തിക്കാനാകും. ഇടനിലക്കാരെ ഒഴിവാക്കി നേരിട്ടു ജനങ്ങളിലെത്തിക്കുന്നതു വഴി കിട്ടുന്ന തുകയാണു കെല്‍ട്രോണിന്റെ ലാഭം. ഓര്‍ഡര്‍ സംബന്ധിച്ച പരാതികള്‍ പരിഹരിക്കാനും സംശയങ്ങള്‍ക്കു മറുപടി നല്‍കാനും വെള്ളയമ്ബലത്തെ കെല്‍ട്രോണ്‍ ആസ്ഥാനത്ത് കോള്‍ സെന്ററും പ്രവര്‍ത്തിച്ചുതുടങ്ങി. ഇൗ മാസം മന്ത്രി ഇ.പി.ജയരാജന്‍ കെലിബൈ ഉദ്ഘാടനം ചെയ്യും.

NO COMMENTS

LEAVE A REPLY