കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി, എം.പിമാരുമായി നടത്തുന്ന കൂടിക്കാഴ്ച നിര്‍ണ്ണായകമാകുന്നു. രാഹുല്‍ഗാന്ധിക്ക് പുറമേ സോണിയഗാന്ധിക്ക് മുന്നിലും സുധീരനെതിരെ ഗ്രൂപ്പുകള്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചത്.
കഴിഞ്ഞ രണ്ട് ദിവസമായി ദില്ലിയില്‍ രാഹുല്‍ഗാന്ധി നടത്തിയ കൂടിക്കാഴ്ചയില്‍ ഗ്രൂപ്പുകള്‍ക്കെതിരെയാണ് അദ്ദേഹം പ്രധാനമായും സംസാരിച്ചത്. എന്നാല്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ സംഘടനാസംവിധാനം അഴിച്ച് പണിയണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. എ ഗ്രൂപ്പ് നേതാക്കള്‍ ഈ ആവശ്യം പാര്‍ട്ടി അധ്യക്ഷ സോണിയക്ക് മുന്നിലും വച്ചു. സുധീരനെതിരെ വിട്ട്വീഴ്ചയില്ലെന്ന നിലപാടിലാണ് എ, ഐ ഗ്രൂപ്പുകള്‍. ഇതിനെ ചെറുക്കാന്‍ വി.എം സുധീരനെ പിന്തുണക്കുന്നവരും ഒരുമിക്കുന്നുണ്ട്. ഇനി എംപിമാരുമായാണ് രാഹുല്‍ ഗാന്ധിയുടെ കൂടിക്കാഴ്ച.
മൂന്ന് വര്‍ഷത്തിന് ശേഷം പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കും. അതിനാല്‍ സംഘടന എത്രയും വേഗം ശക്തിപ്പെടണമെന്നാണ് എംപിമാരുടെ ആവശ്യം. അതിന് എല്ലാവരെയും ഒപ്പം നിര്‍ത്താന്‍ കഴിയുന്ന നേതൃത്വം കേരളത്തില്‍ വേണമെന്ന അഭിപ്രായമാണ് ഭൂരിപക്ഷം എംപിമാര്‍ക്കും. മാത്രമല്ല ഘടകക്ഷികളുമായുള്ള കോണ്‍ഗ്രസിന്റെ ബന്ധം വഷളാകുന്നത് യുഡിഎഫിന് കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നുണ്ടെന്നും എം.പിമാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇങ്ങനെ സംഘടന മുന്നോട്ട് പോയാല്‍ വലിയ തിരിച്ചടി നേരിടേണ്ടി വരുന്നത് തങ്ങള്‍ക്കാണെന്നും എംപിമാര്‍ വിശദീകരിക്കുന്നു. രാഹുല്‍ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി പാര്‍ട്ടിയെ അടിമുടി മാറ്റണമെന്ന നിര്‍ദ്ദേശമാകും എം.പിമാര്‍ മുന്നോട്ട് വയ്ക്കുക. സംഘടനാ സംവിധാനത്തില്‍ മാറ്റം വേണമെന്ന് എം.പിമാര്‍കുടി നിര്‍ദ്ദേശിച്ചാല്‍ ഇക്കാര്യത്തില്‍ ഉപാധ്യക്ഷന് ഉടന്‍ തീരുമാനമെടുക്കേണ്ടി വരും.