കൊല്‍ക്കത്ത• ഹിമാചല്‍ പ്രദേശിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം ഒന്നാം ഇന്നിങ്സ് ലീഡിലേക്ക്. കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 248 റണ്‍സ് പിന്തുടര്‍ന്ന് ബാറ്റു ചെയ്യുന്ന ഹിമാചല്‍ രണ്ടാം ദിനം കളിനിര്‍ത്തുമ്ബോള്‍ എട്ടിന് 198 എന്ന നിലയിലാണ്. 16 ഓവറില്‍ 53 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴിത്തിയ ജലജ് സക്സേനയാണ് ഹിമാചലിനെ തകര്‍ത്തത്.നാലിന് 163 എന്ന നിലയിലാണ് കേരളം ബാറ്റിങ് പുനരാരംഭിച്ചത്. മികച്ച നിലയിലായിരുന്നിട്ടും കേരളത്തിന് ഭേദപ്പെട്ട സ്കോര്‍ കണ്ടെത്താനായിട്ടില്ല. 52 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന സച്ചിന്‍ ബേബി 61 റണ്‍സെടുത്ത് പുറത്തായി. വി.എ.ജഗദീഷ് 35 റണ്‍സെടുത്തു. നേരത്തെ, നാലു ബൗണ്ടറിയും ഒരു സിക്സുമടക്കം വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ സഞ്ജു വി. സാംസന്‍ 47 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിങ് തുടങ്ങിയ ഹിമാചലിന് ഗംഭീര തുടക്കമാണ് ലഭിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ എ.കെ.ബെയ്ന്‍സും പി.എസ്.ചോപ്രയും ചേര്‍ന്ന് 74 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. ജലജ് സക്സേനയ്ക്കു മുന്നില്‍ ഹിമാചല്‍ ബാറ്റ്സ്മാന്‍മാര്‍ ഓരോന്നായി മുട്ടുമടക്കി.