പതിനാലാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് ഇന്നു തുടക്കം

175

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് ഇന്നു തുടക്കം. ബജറ്റ് പാസാക്കുകയാണു സമ്മേളനത്തിന്‍റെ പ്രധാന ഉദ്ദേശമെങ്കിലും സഭയുടെ കൂടുതല്‍ സമയവും രാഷ്ട്രീയപ്പോരാട്ടങ്ങളാകും അപഹരിക്കുക. പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം നടക്കുന്ന രണ്ടാമത്തെ സമ്മേളനമാണെങ്കിലും ഇക്കുറിയാണു ആവേശം നിറഞ്ഞ രാഷ്ട്രീയപ്പോരാട്ടം. അധികാരമേറ്റ് നാലുമാസം കഴിയുന്പോഴാണു സമ്മേളനം നടക്കുന്നത്. പതിവിനു വിപരീതമായി തുടക്കം മുതല്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ കയറ്റാനുള്ള ശ്രമമാകും യു.ഡി.എഫില്‍നിന്നും ഉണ്ടാകുക. സാമാജികരുടെ എണ്ണത്തിലുള്ള കുറവ് ആക്രമണോത്സുകതകാട്ടി മറികടക്കാനാണ് യു.ഡി.എഫ്. ശ്രമം.ഭരണപക്ഷത്തും പ്രതിപക്ഷത്തും തലവേദനകള്‍ നിലനില്‍ക്കുന്നുണ്ട്.
യു.ഡി.എഫിന്‍റെ ഘടനതന്നെ മാറി. കഴിഞ്ഞതവണ ഒപ്പമുണ്ടായിരുന്ന കേരളാ കോണ്‍ഗ്രസ്(എം) ഇപ്പോള്‍ പ്രത്യേക ബ്ലോക്കായിമാറി. ഇത് സഭയിലെ യു.ഡി.എഫ്. സ്വാധീനം 41 ആക്കി കുറച്ചു. ഇതു മറികടക്കാന്‍ നേതാക്കള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. ഇതിന്‍റെ ഭാഗമായാണു നിയമസഭയില്‍ ഉന്നയിക്കേണ്ടവിഷയങ്ങളില്‍ ജനകീയാഭിപ്രായംതേടി രമേശ് ചെന്നിത്തല ഫെയ്സ്ബുക്കിലൂടെ രംഗത്തുവന്നത്. ഇതിന് എട്ടരലക്ഷം െലെക്ക് ലഭിച്ചത് യു.ഡി.എഫ്. ക്യാന്പിന് ആവേശമായി. സഭയില്‍ ഇക്കുറി ഏറെ ചര്‍ച്ചയ്ക്ക് വഴിവയ്ക്കാന്‍ പോകുന്നത് സ്വാശ്രയപ്രശ്നം തന്നെയായിരിക്കും.
സ്വാശ്രയ മെഡിക്കല്‍ -ദന്തല്‍ കോഴ്സുകളില്‍ വരുത്തിയ ഫീസ് വര്‍ധനയ്ക്കെതിരേ കോണ്‍ഗ്രസും മറ്റ് യു.ഡി.എഫ്. കക്ഷികളും ശക്തമായ പ്രക്ഷോഭത്തിലാണ്. അതോടൊപ്പം സൗമ്യക്കേസില്‍ സര്‍ക്കാരിനുണ്ടായ തിരിച്ചടിയും ജിഷാ കേസിലെ കുറ്റപത്രം സംബന്ധിച്ച്‌ ഉയരുന്ന ആശങ്കകളും സഭയെ പിടിച്ചുലയ്ക്കും.
സമ്മേളനത്തില്‍ കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുക സംസ്ഥാനത്തെ പോലീസ് നയമായിരിക്കും. ഭാഗഉടന്പടികള്‍ക്കുളള ഫീസ് വര്‍ധന തുടങ്ങി നിരവധി വിഷയങ്ങള്‍ ഇതിനകം തന്നെ യു.ഡി.എഫ്. ഉയര്‍ത്തിക്കൊണ്ടുവന്നിട്ടുണ്ട്. അവയെല്ലാം 29 ദിവസം നീണ്ടുനില്‍ക്കുന്ന ഈ സമ്മേളനത്തില്‍ ആയുധങ്ങളാക്കി മാറ്റാനാണു ശ്രമം. അതേസമയം യു.ഡി.എഫിലെയും കോണ്‍ഗ്രസിലേയും അെനെക്യമായിരിക്കും ഭരണമുന്നണിക്ക് ലഭിച്ചിട്ടുള്ള പ്രധാന പ്രതിരോധം.
കെ. ബാബുവിനെതിരായ വിജിലന്‍സ് അന്വേഷണം ഭരണപക്ഷത്തിനു ശക്തമായ ആയുധമാണ്. നിയമസഭയില്‍ ഭരണമുന്നണിയും കോണ്‍ഗ്രസും തമ്മിലായിരിക്കും പ്രധാന പോര്. പ്രതിപക്ഷനിരയിലെ മുസ്ലീംലീഗും മറ്റും അങ്ങനെ ശക്തവും കടുത്തതുമായ ഒരു നിലപാട് ഇതുവരെ സര്‍ക്കാരിനെതിരേ സ്വീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അവരുടെ ആക്രമണം തീവ്രമാകില്ല.
യു.ഡി.എഫ് വിട്ടെങ്കിലും പ്രതിപക്ഷത്ത് തന്നെയാണ് കേരളാ കോണ്‍ഗ്രസി(എം)ന്‍റെ സ്ഥാനം. എന്നാല്‍ മുന്‍കാലങ്ങളിലേതുപോലെ എല്ലാത്തിനും സര്‍ക്കാരിനെ എതിര്‍ക്കുക എന്ന നയമായിരിക്കില്ല അവരില്‍നിന്നുണ്ടാകുക. ബി.ജെ.പിക്ക് ഒരംഗം മാത്രമുളളതുകൊണ്ടുതന്നെ അവരെ ഭരണപക്ഷമോ-യു.ഡി.എഫോ കാര്യമായി എടുത്തിട്ടുമില്ല. 29 ദിവസം നീളുന്ന സമ്മേളനത്തില്‍ ധനാഭ്യര്‍ത്ഥനകളെ സംബന്ധിച്ച ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനുമായി 13 ദിവസവും അനൗദ്യോഗിക അംഗങ്ങളുടെ കാര്യങ്ങള്‍ക്കായി അഞ്ചു ദിവസവും മാറ്റിവച്ചിട്ടുണ്ട്. ഒക്ടോബര്‍ 27നു ധനവിനിയോഗ ബില്ലിന്‍റെ ചര്‍ച്ചയും 31ന് ഉപധനാഭ്യര്‍ത്ഥനകളുടെ ചര്‍ച്ചയും നടക്കും. സമ്മേളനത്തിലെ മറ്റൊരു ശ്രദ്ധേയമായ ബില്‍ നെല്‍വയല്‍-തണ്ണീര്‍ത്തട മൂലനിയമം കൂടുതല്‍ കര്‍ക്കശമാക്കുന്നതിനു കൊണ്ടുവരുന്ന ഭേദഗതി ബില്ലാണ്. ഇതേക്കുറിച്ച്‌ ചര്‍ച്ചചെയ്യാന്‍ അടുത്തമാസം ഒന്നിനു സര്‍ക്കാര്‍ സര്‍വകക്ഷിയോഗവും വിളിച്ചിട്ടുണ്ട്. സമ്മേളനം നവംബര്‍ പത്തിന് അവസാനിക്കും.

NO COMMENTS

LEAVE A REPLY