തിരുവനന്തപുരം • സ്വശ്രയ പ്രശ്നത്തെച്ചൊല്ലി നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ പൊലീസ് അക്രമം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കി. ഷാഫി പറമ്ബിലാണ് അടിയന്തര പ്രമേയത്തിനു അനുമതി തേടിയത്. പൊലീസ് അക്രമത്തിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷ അംഗങ്ങള്‍ സഭയിലെത്തിയത്.അതേസമയം, സെക്രട്ടേറിയറ്റിനുമുന്നില്‍ ലാത്തിച്ചാര്‍ജിനു കാരണമായ പ്രകോപനമുണ്ടാക്കിയത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. ഗതാഗതം തടയുകയും വഴിയാത്രക്കാര്‍ക്കും പൊലീസിനുംനേരെ കയ്യേറ്റമുണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് ലാത്തിച്ചാര്‍ജ് നടത്തിയത്.പൊലീസ് അക്രമം അഴിച്ചുവിട്ടില്ല. സമരക്കാരാണ് അക്രമം നടത്തിയത്. ചുവന്ന മഷി ഷര്‍ട്ടില്‍ പുരട്ടി അക്രമിച്ചുവെന്നു വരുത്താനാണ് യൂത്ത് കോണ്‍ഗ്രസ് ശ്രമം. സര്‍ക്കാര്‍ ചര്‍ച്ച തുടങ്ങിയതിനാല്‍ യൂത്ത് കോണ്‍ഗ്രസ് സമരം അവസാനിപ്പിക്കണമെന്നും അടിയന്തരപ്രമേയത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശം സഭയെ പ്രക്ഷുബ്ധമാക്കി. പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി കുത്തിയിരുന്ന് പ്രതിഷേധിച്ചു. അതിനിടെ, പറയാനുള്ളത് ബഹളം വച്ചാലും പറയുമെന്നു മുഖ്യമന്ത്രി ആവര്‍ത്തിച്ചു. സ്വാശ്രയകരാറില്‍നിന്ന് പിന്നോട്ടുപോകില്ല. നീറ്റ് മെറിറ്റ് ഉറപ്പാക്കും. ആവശ്യമെങ്കില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.പിണറായിയുടെ സംസാരം തെരുവില്‍ സംസാരിക്കുന്നതുപോലെയാണെന്നു മറുപടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പിണറായിയുടെ സര്‍ട്ടിഫിക്കറ്റ് യൂത്ത് കോണ്‍ഗ്രസിന് ആവശ്യമില്ല. മഹാന്‍മാര്‍ ഇരുന്ന കസേരയിലാണ് പിണറായി ഇരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പ്രഹസനമാണെന്നും സ്പീക്കറുടെ സമ്മര്‍ദം കൊണ്ടാണ് ചര്‍ച്ചയ്ക്ക് തയാറായതെന്നും നോട്ടിസ് നല്‍കിയ ഷാഫി പറമ്ബില്‍ ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസിന്റെ സമരങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.