കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ മൂന്നാം പതിപ്പില്‍ കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ ജയം. മുംബൈ സിറ്റി എഫ്സിക്കെതിരായ മത്സരത്തില്‍ കേരളത്തിന്റെ ഗോള്‍ നേടിയതു മൈക്കല്‍ ചോപ്രയാണ്. 57-ാം മിനിറ്റിലാണു ചോപ്രയിലൂടെ മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്.ആക്രമിച്ചു കളിച്ച കേരളത്തിനു നിര്‍ഭാഗ്യം കൊണ്ടാണ് ആദ്യ പകുതിയില്‍ ഗോള്‍ നേടാന്‍ കഴിയാതിരുന്നത്. മലയാളി താരം മുഹമ്മദ് റാഫിയുള്‍പ്പെടെയുള്ള മുന്നേറ്റനിര ആദ്യ പകുതിയില്‍ നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ നേടാനായിരുന്നില്ല.
ആദ്യപകുതി തീരാന്‍ നിമിഷങ്ങള്‍ ശേഷിക്കെ, മൈക്കല്‍ ചോപ്ര തൊടുത്ത ഷോട്ട് ഗോളാകാതെ പോയത് മുംബൈ ഗോളി റോബര്‍ട്ടോയുടെ മിടുക്കുകൊണ്ടുമാത്രമാണ്. ഈ പിഴവു രണ്ടാം പകുതിയുടെ തുടങ്ങി പത്തു മിനിട്ടു കഴിഞ്ഞപ്പോള്‍ ചോപ്ര തീര്‍ക്കുകയായിരുന്നു. കേരളത്തിന്റെ ആരാധകര്‍ കാത്തിരുന്ന ഗോള്‍ ചോപ്രയിലൂടെ പിറക്കുകയായിരുന്നു.
68-ാം മിനിറ്റില്‍ ഗോളെന്നുറപ്പിച്ച ഷോട്ട് കേരള ക്യാപ്റ്റന്‍ ആരോണ്‍ ഹ്യൂസ് ഗോള്‍ ലൈനില്‍ നിന്നു തട്ടി രക്ഷപ്പെടുത്തിയത് കാണികള്‍ നെടുവീര്‍പ്പോടെയാണു നോക്കിനിന്നത്. മൈക്കല്‍ ചോപ്ര നേടിയ ഗോളിനേക്കാള്‍ മികച്ചതായി വിശേഷിപ്പിക്കാവുന്ന രക്ഷപ്പെടുത്തലായിരുന്നു ക്യാപ്റ്റന്റെത്.