പൂണെ • ഐഎസ്‌എല്‍ മൂന്നാം സീസണിലെ വേഗമേറിയ ഗോള്‍ നേടിയിട്ടും പൂണെ സിറ്റിക്കെതിരായ മല്‍സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് സമനിലക്കുരുക്ക്. ഇരു ടീമുകളും ഒരോ ഗോള്‍ വീതം നേടി. മല്‍സരം തുടങ്ങി മൂന്നാം മിനിറ്റില്‍ സെഡ്രിക് ഹെങ്ബര്‍ട്ട് നേടിയ ഗോളിലൂടെ കേരളാ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. പൂണെ പ്രതിരോധത്തിലുണ്ടായ പിഴവ് ഹെങ്ബര്‍ട്ട് ഗോളാക്കുകയായിരുന്നു.
എന്നാല്‍, ഗോള്‍ വീണതുമുതല്‍ ഉണര്‍ന്നുകളിച്ച പൂണെയ്ക്ക് ഗോളിനായി രണ്ടാം പകുതി വരെ കാത്തിരിക്കേണ്ടിവന്നു. 68-ാം മിനിറ്റില്‍ സിസോക്കു ആണ് പൂണെയുടെ സമനില ഗോള്‍ നേടിയത്. തുടര്‍ന്ന് വിജയ ഗോളിനായി ഇരുടീമുകളും കിണഞ്ഞു പരിശ്രമിച്ചെങ്കിലും മല്‍സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. പാസിങ്ങിലെ പോരായ്മകളും ഒത്തിണക്കത്തിലെ പ്രശ്നങ്ങളും ഇന്നത്തെ മല്‍സരത്തിലും ബ്ലാസ്റ്റേഴ്സിനെ അലട്ടി. അലക്ഷ്യമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ പല പാസുകളും. എന്നാല്‍, പൂണെയ്ക്കാകട്ടെ നിര്‍ഭാഗ്യം കൊണ്ടാണ് പല ഗോളുകളും നഷ്ടമായത്. സമനിലയോടെ പോയിന്റ് പട്ടികയില്‍ കേരളം ഒരു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാമത് എത്തി.