കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ ശനിയാഴ്ച വൈകീട്ട് 7.30-നാണ് മത്സരം. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ പ്ലേ ഓഫ് സാധ്യത സാങ്കേതിക മായെങ്കിലും നിലനിര്‍ത്താന്‍ കേരള ബ്ലാസ്റ്റേഴ്സിന് ചെന്നൈയിന് എഫ്.സി.യെ തോല് പ്പിക്കണം. ഭേദപ്പെട്ട ഫുട്ബോള്‍ കളിച്ചിട്ടും ഫലം അതിനനുസരിച്ച് വരാത്ത ബ്ലാസ്റ്റേഴ്സ് ഇപ്പോഴും എട്ടാം സ്ഥാന ത്താണ്. 14 കളികളില്‍ 14 പോയന്റ് മാത്രം. ഇനിയുള്ള നാലു മത്സരങ്ങളിലും ജയിച്ചാലെ ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷയുള്ളൂ.
ഇരുടീമുകളും ആദ്യപാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ 3-1ന് ജയം ചെന്നൈയിനായിരുന്നു. ലീഗിന്റെ തുടക്കത്തിലെ തുടര്‍ച്ചയായ പരാജയങ്ങള്‍ക്കുശേഷം കോച്ച് ജോണ്‍ ഗ്രിഗറിക്ക് പകരം ഓവന് കോയ്ല് വന്നതോടെയാണ് ചെന്നൈ യിന്റെ കളിമാറിയത്. കോയ്ല് ചുമതലയേറ്റശേഷം 16 ഗോളുകളാണ് അവര്‍ അടിച്ചത്. 13 കളിയില്‍നിന്ന് 16 പോയന്റുള്ള അവര്‍ ആറാം സ്ഥാനത്താണ്. ചെന്നൈ ടീമിനും പ്രതീക്ഷ നിലനിര്‍ത്തണമെങ്കില്‍ വിജയം അനിവാര്യം.
തുടര്‍ച്ചയായ രണ്ടു വിജയങ്ങള്‍ വന്നാല്‍ സ്ഥിതി മാറുമെന്ന് ബ്ലാസ്റ്റേഴ്സ് സഹപരിശീലകന്‍ ഇഷ്ഫാഖ് അഹമ്മദ് പറഞ്ഞു. ഇരുടീമുകള്‍ക്കും മികച്ച അറ്റാക്കര്മാരാണുള്ളതെന്നും മികച്ച മത്സരമാകും ശനിയാഴ്ച നടക്കുകയെന്നും ചെന്നൈയിന് പരിശീലകന് ഓവന് കോയ്ല് വ്യക്തമാക്കുന്നു.
മികച്ചഫോമിലുള്ള മെസ്സി ബൗളി, ബര്‍ത്തലോമ്യു ഒഗ്ബെച്ചെ എന്നിവരിലാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷ. സസ്പെന്‍ഷനിലുള്ള മുസ്തഫ നിങ്, വ്ളാറ്റ്കോ ഡ്രൊബറോവ് എന്നിവര്‍ക്ക് കളിക്കാനാകാത്തത് തിരിച്ചടിയാണ്. മുന്നിലെത്തിയാല്‍ അലസരാകുന്നതും അവസാന നിമിഷങ്ങളില്‍ ഗോള്‍ വഴങ്ങുന്നതും ബ്ലാസ്റ്റേഴ്സിന്റെ പോരായ്മയാണ്. ജയിക്കാവുന്ന പൊസിഷനില്‍നിന്നാണ് പല മത്സരങ്ങളും തോറ്റതും സമനില വഴങ്ങിയതും.
ജംഷേദ്പുരും ഗോവയും അവസാന പത്തുമിനിറ്റില്‍ ഗോളടിച്ചാണ് ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ചത്. അവസാന മൂന്നു മത്സരങ്ങളില്‍ തുടര്‍ച്ചയായി ജയിച്ചാണ് ചെന്നൈ ടീം വരുന്നത്. ഐ.എസ്.എല്‍. ടോപ് സ്കോറര്‍ നെരിജസ് വല്‍സ്കിസ് (10), ആന്ദ്രെ ഷെംബ്രി എന്നിവരാണ് അവരുടെ കരുത്ത്. മിഡ്ഫീല്‍ഡില്‍ അനിരുദ്ധ് ഥാപ്പ, എഡ്വിന് വാന്‍സ്പോള്‍ എന്നിവരും മികച്ച ഫോമിലാണ്.