തിരുവനന്തപുരം : സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖലയില്‍ കുതിപ്പ് തുടരുന്നതിന്ബജറ്റില്‍ 1773 കോടി വകയിരുത്തി. ഉന്നത വിദ്യാഭ്യാസമേഖലയ്ക്ക് 816.79 കോടി രൂപയും കേളേജുകള്‍ക്ക് 98.35 കോടിയും അനുവദിച്ചു. സാങ്കേതിക വിദ്യാഭ്യാസത്തിനായി 252.40 കോടി രൂപയും വകയിരുത്തി.
സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 95 കോടി, സൗജന്യ യൂണിഫോമിന് 140 കോടി, ഉച്ചഭക്ഷണത്തിനായി 344 കോടി രൂപ എന്നിവയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ സഹായിക്കുന്നതിനുള്ള പ്രത്യേക കർമ്മ പദ്ധതിക്കായി 816.79 കോടി രൂപ വകയിരുത്തി. ഗവേഷണ ഫണ്ടിനുള്ള പ്രാരംഭ പിന്തുണയായി 10 കോടി രൂപ നീക്കിവയ്ക്കുന്നു. വെെജ്ഞാനിക മേഖലകളിൽ മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് 14 കോടി സംസ്ഥാന ബജറ്റില്‍ വകയിരുത്തി.
സ്കൂൾ-കോളേജ് സർവ്വകലാശാലാ തലങ്ങളിലെ വിദ്യാഭ്യാസത്തിനായി സർക്കാർ വലിയ മൂലധനമാണ് ഓരോ വിദ്യാർത്ഥിക്കുവേണ്ടിയും ചെലവഴിക്കുന്നത്. കേരളത്തിലെ സ്കൂളുകളിൽ ഏറ്റവും മെച്ചപ്പെട്ട വിദ്യാർത്ഥി അധ്യാപക അനുപാതമാണുള്ളത്. ഒരു വർഷം ഒരു സ്കൂൾ വിദ്യാർത്ഥിക്കുവേണ്ടി സർക്കാർ മുടക്കുന്നത് ഏകദേശം 50,000 രൂപയാണ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇതിന്റെ പലമടങ്ങ് ചെലവഴിക്കുന്നുണ്ട്. ഇത്തരത്തിൽ വലിയ നിക്ഷേപം നടത്തി സർക്കാർ പ്രാപ്തരാക്കുന്ന യൗവ്വനങ്ങളെ പരമാവധി നമ്മുടെ നാട്ടിൽ തന്നെ നിലനിർത്താനും തൊഴിലൊരുക്കാനും കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കണം. കൂടാതെ ആധുനിക തൊഴിലുകളിൽ ഏർപ്പെടുന്നവരെ കേരളത്തിന് പുറത്തുനിന്നും സംസ്ഥാനത്തേക്ക് ആകർഷിക്കാനും കഴിയും.
നേത്രാരോഗ്യത്തിനായി ബജറ്റില്‍ 50 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു. നേര്‍ക്കാഴ്ച എന്ന പേരിലാണ് നേത്രാരോഗ്യത്തിനുള്ള പദ്ധതി മന്ത്രി അവതരിപ്പിച്ചത്. നാലുവര്‍ഷം കൊണ്ടാണ് പദ്ധതി പൂര്‍ത്തിയാക്കുക. ഇതിലൂടെ കാഴ്ച വൈകല്യങ്ങള്‍ ഉള്ള എല്ലാ വ്യക്തികള്‍ക്കും സൗജന്യ വൈദ്യോപദേശവും മരുന്നുകളും ലഭ്യമാക്കും.കാഴ്ച വൈകല്യമുള്ള സാമ്പത്തിക പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തില്‍ സൗജന്യ കണ്ണടകള്‍ നല്‍കുമെന്നും മന്ത്രിപറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ വോളന്റിയര്‍മാര്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിപുലമായ ജനകീയ ക്യാംപയിനാണ് നേര്‍ക്കാഴ്ച.