മുത്തങ്ങ : മൈസൂരു, ബംഗളൂരു സര്‍വീസ് നടത്തുന്ന മൂന്ന് കെഎസ്‌ആര്‍ടിസി ബസ്സുകളാണ് കേരള – കര്‍ണാടക അതിര്‍ത്തിയായ മൂലഹള്ളയിലെ ചെക്ക് പോസ്റ്റില്‍ വെള്ളിയാഴ്ച രാവിലെ എട്ടുമുതല്‍ തടഞ്ഞിട്ടത്.
കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍നിന്നും ബത്തേരിയിലേക്ക് വന്ന കര്‍ണാടകയുടെ ബസ്സിലുണ്ടായിരുന്ന യാത്രക്കാരെ രാവിലെ കല്ലൂര്‍ 67ല്‍ ഉള്ള ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെന്ററില്‍ കേരളാ അധികൃതര്‍ പരിശോധിച്ചിരുന്നു. കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാതെയായിരുന്നു ഇതിലെ യാത്രക്കാര്‍ വന്നത്. തൊഴിലാളികളുള്‍ പ്പെടെയുള്ളവരാണ് എത്തിയത്.
ഇവരുടെ പേരുകള്‍ ഫെസിലിറ്റേഷന്‍ സെന്ററിലെ അക്ഷയകേന്ദ്രത്തില്‍നിന്ന് ജാഗ്രതാ പോര്‍ട്ടലില്‍ കേരളാധികൃതര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനിടയില്‍ ബസ് ജീവനക്കാര്‍ യാത്രക്കാരെ നിര്‍ബന്ധിച്ച് വാഹനത്തില്‍ കയറ്റി തിരികെപോയി. ഇവര്‍ മൂലഹള്ള ചെക്ക് പോസ്റ്റിലെത്തി കേരളത്തില്‍ വാഹനം തടഞ്ഞെന്ന് തെറ്റിദ്ധരിപ്പിച്ചു. ഇതിനെ തുടര്‍ന്ന് കേരളത്തില്‍നിന്നുമുള്ള ബസ്സുകള്‍ ചെക്ക് പോസ്റ്റ് ജീവനക്കാരും കര്‍ണാടക ബസ്സിലെത്തിയവരും ചേര്‍ന്ന് തടഞ്ഞിട്ടു. പിന്നീട് ഇരുസംസ്ഥാനങ്ങളിലെയും റവന്യൂ അധികൃതരും പൊലീസും ചര്‍ച്ച നടത്തി പകല്‍ പതിനൊന്നോടെ ബസ്സുകള്‍ കടത്തിവിട്ടു.
കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഇരുസംസ്ഥാനങ്ങളിലേക്കും ആളുകളെ പ്രവേശിപ്പിച്ചാല്‍ മതിയെന്ന തീരുമാനമാണ് ചര്‍ച്ചയില്‍ ഉണ്ടായത്. ഇരുസംസ്ഥാനങ്ങളിലും പൊതുഗതാഗതത്തിന്റെ ചുമതലയുള്ളവരെ പൊലീസ് ഇക്കാര്യം അറിയിച്ചിട്ടുണ്ട്. നിത്യം യാത്രചെയ്യുന്ന അതിര്‍ത്തിയിലുള്ള തൊഴിലാളികള്‍ക്ക് പാസ് അനുവദിക്കുമെന്ന് നേരത്തെതന്നെ വയനാട് കലക്ടര്‍ അറിയിച്ചിട്ടുണ്ട്.