കൊച്ചി: കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും പുകഴ്ത്തി തമിഴ്‌നടന്‍ സത്യരാജ്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ആദര്‍ശ ധീരനാണ് എന്നാണ് സത്യരാജ് കൊച്ചിയില്‍ സിനിമാ പ്രമോഷനിടെ സംസാരിക്കവെ മാധ്യമങ്ങളോട് പ്രതികരിച്ചത്. തമിഴ്‌നാട്ടിലും കമ്മ്യൂണിസ്റ്റ് സര്‍ക്കാരുണ്ടാവണം എന്നാണ് ആഗ്രഹിക്കുന്നതെന്നും സത്യരാജ് കൂട്ടിച്ചേര്‍ത്തു. നല്ല കണ്ണിനെ പോലുളള ആദര്‍ശധീരരായ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ തമിഴ്‌നാട്ടിലുണ്ടെന്നും നടന്‍ പറഞ്ഞു. അത്തരത്തില്‍ ജനസേവനം ലക്ഷ്യമിടുന്ന, അധികാരമോഹമില്ലാത്ത നേതാക്കളെയാണ് നാടിന് ആവശ്യമെന്നു സത്യരാജ് കൂട്ടിച്ചേര്‍ത്തു.
തമിഴ്‌നാട്ടില്‍ സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനേയും സത്യരാജ് കുറ്റപ്പെടുത്തി. സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലെത്തുന്നവരുടെ ലക്ഷ്യം ജനസേവനമല്ല. മറിച്ച് മുഖ്യമന്ത്രിയാവുക എന്ന ലക്ഷ്യം മാത്രമാണ് അവര്‍ക്കുളളത്. ഇനി അത് നടക്കില്ലെന്നും നടന്‍ മുന്നറിയിപ്പ് നല്‍കി. താന്‍ 41 വര്‍ഷമായി സിനിമാ രംഗത്തുണ്ടായിരുന്നിട്ടും ഇതുവരെ തനിക്ക് രാഷ്ട്രീയത്തില്‍ പ്രവേശിക്കണം എന്ന് തോന്നിയിട്ടില്ലെന്നും നടന്‍ പറഞ്ഞു.
തമിഴ് സൂപ്പര്‍ താരങ്ങളായ കമല്‍ ഹാസനും രജനീകാന്തും അടുത്തിടെയാണ് രാഷ്ട്രീയത്തില്‍ പ്രവേശനം നടത്തിയത്. മക്കള്‍ നീതി മയ്യം എന്ന പേരില്‍ പാര്‍ട്ടിയുണ്ടാക്കിയ കമല്‍ ഹാസന്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും. രജനീകാന്ത് പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചിട്ടില്ല ഇതുവരെ. ഇരുവരും തമിഴ്‌നാട്ടില്‍ സഖ്യസാധ്യതകള്‍ തേടുകയാണ്. നടന്‍ പ്രകാശ് രാജ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. വിജയ് രാഷ്ട്രീയത്തിലിറങ്ങും എന്ന തരത്തിലും അഭ്യൂഹങ്ങളുണ്ട്.