എൻ.ഐ.ആർ.എഫ് റാങ്കിങ്ങിൽ മികച്ച നേട്ടവുമായി കേരളം

30

കേരളത്തിന് വീണ്ടും അഭിമാനമുയർത്തി ഈ വർഷവും സംസ്ഥാനത്തെ സർവകലാശാലകളും കലാലയങ്ങളും എൻഐആർഎഫ് റാങ്കിങ്ങിൽ മികച്ച നേട്ടം കൈവരിച്ചു. രാജ്യത്തെ 200 മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 42 കോളേജുകൾ സംസ്ഥാനത്തു നിന്നാണ്. രാജ്യത്തെ മികച്ച കോളേജുകളുടെ ആദ്യത്തെ 100 റാങ്കിൽ സംസ്ഥാനത്തെ 14 കോളേജുകൾ ഇടം പിടിച്ചു.

24-ാം റാങ്ക് നേടിയ കേരള സർവ്വകലാശാലയടക്കം ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ നാല് സർവ്വകലാശാലകൾ മികച്ച സർവ്വകലാ ശാലകളുടെ പട്ടികയിൽ ആദ്യ നൂറിൽ ഇടംനേടി. രാജ്യത്തെ മുഴുവൻ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും പരിഗണിക്കുന്ന ഓവർ ഓൾ വിഭാഗത്തിൽ സംസ്ഥാനത്തെ മൂന്ന് സർവ്വകലാശാലകൾ ഇടംപിടിച്ചു. ഉന്നതവിദ്യാഭ്യാസ മേഖലയുടെ വളർച്ചക്ക് സർക്കാർ നൽകുന്ന മികച്ച പിന്തുണയുടെയും ആസൂത്രണങ്ങളുടെയും ഗുണഫലമാണ് ഈ നേട്ടങ്ങളെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

രാജ്യത്തെതന്നെ 24-മത്തെ മികച്ച സർവ്വകലാശാലയായി കേരള സർവ്വകലാശാല സ്ഥാനം മെച്ചപ്പെടുത്തിയത് വൻകുതിപ്പാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം 40-ാം റാങ്കുണ്ടായിരുന്നതിൽനിന്നാണ് സർവകലാശാല ഈ കുതിപ്പ് നേടിയത്. മികച്ച സർവ കലാശാലകളുടെ പട്ടികയിൽ കേരളക്കു പിന്നാലെ എം.ജി സർവകലാശാല 31-ാം റാങ്കോടെ കേരളത്തിൽ രണ്ടാം സ്ഥാനത്തുണ്ട്. കഴിഞ്ഞ വർഷം 41-ാം റാങ്കിലുണ്ടായിരുന്ന കുസാറ്റ് ഇത്തവണ നില മെച്ചപ്പെടുത്തി 37-ാം സ്ഥാനത്തെത്തി. കാലിക്കറ്റ് സർവകലാശാല 70-ാം റാങ്കിലാണ്. കാസർകോട് കേന്ദ്ര സർവകലാശാല (108-ാം റാങ്ക്), കേരള കാർഷിക സർവകലാശാല (127), കണ്ണൂർ സർവകലാ ശാല (167) എന്നിവയും കേരളത്തിൽനിന്നും മികച്ച സർവകലാശാലകളുടെ പട്ടികയിലുണ്ട്.

ഓവറോൾ റാങ്കിങിലും കേരളത്തിൽ നിന്ന് കേരള സർവകലാശാല 47ാം റാങ്കോടെ മുന്നിലുണ്ട്. രാജ്യത്തെ മുഴുവൻ ഉന്നത വിദ്യാ ഭ്യാസ സ്ഥാപനങ്ങളെയും പരിഗണിക്കുന്ന ഓവറോൾ വിഭാഗത്തിൽ കേരളയ്ക്ക് പിന്നാലെ എം.ജി (52), കുസാറ്റ് (63) സർവ്വകലാ ശാലകളാണ് ഇടം നേടിയിരിക്കുന്നത്. എൻഐടി കാലിക്കറ്റ് ഈ പട്ടികയിൽ അമ്പത്തിനാലാം സ്ഥാനം സ്വന്തമാക്കി.

സംസ്ഥാനത്തെ മികച്ച കോളജുകളുടെ ആദ്യത്തെ 100 റാങ്കിൽ ഉൾപ്പെട്ട സംസ്ഥാനത്തെ 14 കോളേജുകളിൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ആണ് 26-ാം റാങ്കുമായി മുൻപന്തിയിലുള്ളത്. എറണാകുളം രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസ് ആണ് 30-ാം റാങ്കോടെ രണ്ടാം സ്ഥാനത്ത്. എറണാകുളം സെന്റ് തെരേസാസ് (41), തിരുവനന്തപുരം മാർ ഇവാനിയോസ് (45), എറണാകുളം മഹാരാജാസ് (46), മാവേലിക്കര ബിഷപൂർ (51), തൃശൂർ സെന്റ് തോമസ് (53), ചങ്ങനാശേരി എസ്.ബി (54), കോഴിക്കോട് സെന്റ് ജോസഫ്‌സ് ദേവഗിരി (59), തേവര സേക്രഡ് ഹാർട് (72), തിരുവനന്തപുരം ഗവ. വിമൻസ് (75), ആലുവ യു.സി (77), കോട്ടയം സി.എം.എസ് (85), കോതമംഗലം മാർ അതനേഷ്യസ് (87) എന്നീ കോളജുകൾ ആദ്യ നൂറ് റാങ്കിൽ ഇടംപിടിച്ചു.

സംസ്ഥാനത്തെ മികച്ച കോളേജുകളുടെ ആദ്യത്തെ 100 റാങ്കിൽപ്പെട്ട സംസ്ഥാനത്തെ 14 കോളജുകളിൽ മൂന്നെണ്ണം സർക്കാർ കോളജുകളാണെന്നത് അഭിമാനകരമാണ്. യൂണിവേഴ്‌സിറ്റി കോളജ്, മഹാരാജാസ് കോളജ്, വിമൻസ് കോളജ് തിരുവനന്തപുരം എന്നിയവയടക്കം പന്ത്രണ്ട് കോളജുകൾ 100-150 ബാൻഡിലും പതിനാറ് കോളജുകൾ 150-200 ബാൻഡിലും ഉൾപ്പെട്ടത് നമ്മുടെ കൊളജുകൾ പൊതുവിൽ ഉണ്ടാക്കിയിരിക്കുന്ന മുന്നേറ്റത്തിന് തെളിവാണ്.

മികച്ച ആർക്കിടെക്ചർ കോളജുകളിൽ തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗ് പതിനേഴാം സ്ഥാനത്തുണ്ട്. രാജ്യത്തെ മികച്ച എഞ്ചിനീയറിംഗ് സ്ഥാപനങ്ങളുടെ റാങ്കിങ്ങിൽ കേരളത്തിൽ പ്രവർത്തിക്കുന്ന എൻഐടി, ഐ.ഐ.എസ്.ടി, ഐഐടി എന്നിവ സ്ഥാനം പിടിച്ചതും മികച്ച മാനേജെന്റ് സ്ഥാപനങ്ങളിൽ കോഴിക്കോട് ഐഐഎം മൂന്നാംസ്ഥാനവും രാജഗിരി സ്‌കൂൾ ഓഫ് മാനേജ്‌മെന്റ്‌ എൺപത്തിമൂന്നാം റാങ്കും നേടിയതും കേരളത്തിന്റെ മികച്ച ഉന്നതവിദ്യാഭ്യാസ അന്തരീക്ഷത്തിന് അടിവരയിടുന്നു.

സാമൂഹ്യപുരോഗതിയിലേയ്ക്കുള്ള വഴിയായി ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ വളർച്ചയെ കാണുന്നതിന്റെ ഭാഗമായി കേരളത്തിൽ നടപ്പാക്കി വരുന്ന ഉന്നതവിദ്യാഭ്യാസ പരിഷ്‌കാരങ്ങളാണ് എൻഐആർഎഫ് റാങ്കിങ് അടക്കമുള്ള സമീപകാല നേട്ടങ്ങളിൽ പ്രതിഫലിക്കുന്നതെന്നു മന്ത്രി പറഞ്ഞു. കേരളത്തിന്റെ സവിശേഷ മാതൃകയിൽ, ജനപങ്കാളിത്തമുള്ള വിജ്ഞാന സമൂഹം എന്നതിലൂന്നിയാണ് പ്രവർത്തനങ്ങൾ. അറിവിനെ സമൂഹത്തിന് ഉപയോഗപ്പെടുത്തുക, കേരളത്തെ സാമ്പത്തിക ശക്തിയായി വളർത്തുക, അതിൽ എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തുക – ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനങ്ങളെല്ലാം ഈ തത്ത്വത്തിലാണ് വേരുറപ്പിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും നടക്കുന്ന മുഴുവൻ ഗവേഷണങ്ങളും ട്രാൻസിലേഷണൽ റിസർച്ചിലൂടെ സമൂഹത്തിന് പ്രയോജനപ്പെടുന്ന ഉത്പന്നങ്ങളാക്കി, അതിനെ ഇൻക്യുബേറ്റ് ചെയ്ത് സ്റ്റാർട്ടപ്പ് പദ്ധതികളാക്കി മാറ്റുക എന്നത് പ്രധാനപ്പെട്ടതാണ്. ഇതിന്റെ ഭാഗമായാണ് ട്രാൻസിലേഷണൽ റിസർച്ച് ലാബുകൾ തുടങ്ങാൻ സർവ്വകലാശാലകൾക്ക് സർക്കാർ തുക അനുവദിച്ചിട്ടുള്ളത്. ട്രാൻസിലേഷണൽ റിസർച്ചിന്റെ ഭാഗമായുണ്ടാകുന്ന സ്റ്റാർട്ടപ്പ് കേന്ദ്രങ്ങൾ തുടങ്ങാൻ 2023-ലെ സംസ്ഥാന ബജറ്റിൽ റിസ്‌ക് ഫണ്ട് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

സ്റ്റാർട്ട് അപ്പ് നയത്തിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ചേർന്ന് ഗവേഷണ പാർക്കുകൾ ആരംഭിക്കുന്നുണ്ട്. ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിനൊപ്പവും ഓരോ സ്റ്റാർട്ടപ്പ് പാർക്ക് എന്ന ആശയവും സർക്കാർ മുന്നോട്ട് വയ്ക്കുന്നു. ഇതിന്റെ ഭാഗമായി സ്റ്റാർട്ട് അപ്പ് ഇക്കോ സിസ്റ്റം നിർമിക്കുന്നതിനായി തിരുവനന്തപുരം വിളപ്പിൽശാലയിലെ എ പി ജെ അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയുടെ ക്യാമ്പസിനോട് ചേർന്ന് 50 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി ആരംഭിച്ചുകഴിഞ്ഞു. ഈ ക്യാമ്പസ് പദ്ധതിയൊപ്പം ട്രസ്റ്റ് പാർക്കും ഒരുങ്ങുന്നുണ്ട്. ട്രസ്റ്റ് പാർക്കിന്റെ മാതൃകയിൽ മറ്റ് സർവ്വകലാശാലകൾക്കും റിസർച്ച് പാർക്കുകൾ അനുവദിക്കും. കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരത്ത് ഇപ്പോൾ തന്നെ ട്രിവാൻഡ്രം റിസർച്ച് പാർക്ക് എന്ന പേരിൽ കമ്പനിയായി രജിസ്റ്റർ ചെയ്ത ഒരു സ്ഥാപനം നിലവിലുണ്ട്.

ട്രാൻസിലേഷണൽ റിസർച്ചിലൂടെയും ഇൻക്യുബേഷനിലൂടെയും ഗവേഷണ മേഖലയിലെ അറിവുകളെ സമൂഹത്തിന് പ്രയോജനകരമായ വിധത്തിൽ വിനിയോഗിക്കുക, ഗവേഷണത്തെ ട്രാൻസിലേഷണൽ റിസർച്ചിലേയ്ക്കും അത് ഇൻക്യുബേഷനിലേയ്ക്കും പിന്നെ സ്റ്റാർട്ടപ്പിലേയ്ക്കും എത്തിക്കുക എന്നിവയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മിനി ഇൻഡസ്ട്രിയൽ യൂണിറ്റുകൾ ആരംഭിക്കുന്ന പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്. ഇത്തരത്തിലുള്ള രണ്ട് മിനി ഇൻഡസ്ട്രിയൽ യൂണിറ്റുകൾ ആരംഭിച്ചുകഴിഞ്ഞു. ആദ്യത്തേത് തൃപ്പൂണിത്തുറ ആർ.എൽ.വി കോളജ് ഓഫ് മ്യൂസിക് ആന്റ് ഫൈൻ ആർക്‌സിലാണ്. ഒരു കോടി രൂപ ചിലവിലാണ് വേസ്റ്റ് മെറ്റീരിയൽ ഉപയോഗിച്ച് ഉൽപന്നങ്ങളുണ്ടാക്കുന്ന ഈ യൂണിറ്റ് സ്ഥാപിച്ചിരിക്കുന്നത്. എട്ട് പോളിടെക്‌നിക്കുകളിലും ഐ.എച്ച്.ആർ.ഡി.യുടെ നാല് കോളജുകളിലും ഉൾപ്പെടെ 13 മിനി ഇൻഡസ്ട്രിയൽ യൂണിറ്റുകളാണ് ഈ വർഷം സജ്ജമാക്കുന്നത്.

ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സർവകലാശാലകൾ, കോളജുകൾ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവയുടെ അക്കാദമിക് ഭരണകാര്യങ്ങൾ ഒരു കുടക്കീഴിലാക്കും. ഇതിനായി കേരള റിസോഴ്‌സ് ഫോർ എജ്യുക്കേഷൻ അഡ്മിനിസ്‌ട്രേഷൻ ആൻഡ് പ്ലാനിങ് അഥവാ കെ – റീപ് എന്ന പേരിൽ സമഗ്ര സോഫ്റ്റ്‌വെയർ തയാറാക്കുന്നുണ്ട്. ഇതോടെ കേരളത്തിലെ മുഴുവൻ സർവകലാശാലകളിൽ നിന്നും കോളേജുകളിൽ നിന്നും വിദ്യാർഥികൾക്ക് ലഭിക്കേണ്ട എല്ലാ സേവനങ്ങളും അവരവരുടെ പോർട്ടൽ വഴി ലഭ്യമാകും. പ്രവേശനം മുതൽ പരീക്ഷാ സർട്ടിഫിക്കറ്റ് വരെയുള്ള അക്കാദമിക് ജീവിതത്തിലെ മുഴുവൻ കാര്യങ്ങളും സോഫ്റ്റ്‌വെയർ വഴി ലഭ്യമാക്കും. വിദ്യാർഥി പ്രവേശനം, കോഴ്‌സ് റജിസ്‌ട്രേഷൻ കോഴ്‌സിന്റെ പുരോഗതി, വിദ്യാർഥിയുടെ വിലയിരുത്തൽ, പരീക്ഷ, മൂല്യനിർണയം, പരീക്ഷാഫലം, ക്രെഡിറ്റ് സമ്പാദനവും കൈമാറ്റവും, സർട്ടിഫിക്കറ്റ് വിതരണം തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടും.

വിദ്യാർഥികളുടെ അന്തർസർവകലാശാലാ മാറ്റത്തിന് ഇടക്ക് പഠനം നിർത്തിയ വിദ്യാർഥികൾക്ക് പഠനം തുടരാനുള്ള അവസരമൊരുക്കാനും മെയ് മുപ്പതിന് ചേർന്ന വിസിമാരുടെ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. നിലവിലെ സർവകലാശാലാ ചട്ടങ്ങളിൽ ഇത് നടപ്പാക്കാനുള്ള സംവിധാനമില്ല. ക്രെഡിറ്റ് ട്രാൻസ്ഫറിനു കൃത്യമായ ചട്ടങ്ങൾ ഇല്ലാത്തതാണ് പ്രധാന പോരായ്മ. ഇത് പരിഹരിക്കണമെന്ന് സർവകലാശാലാ നിയമപരിഷ്‌കരണ കമ്മീഷനും ശുപാർശ ചെയ്തിരുന്നു. ഇതിനാവശ്യമായ ചട്ടങ്ങൾ ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ നിർവ്വഹണ സെൽ സർവ്വകലാശാലകളുടെ കൂടിയാലോചിച്ച് രൂപപ്പെടുത്തും.

ഗവേഷകമേഖലയിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ അടിയന്തിരമായി പരിഹരിക്കും. കേരളത്തെ ജനപക്ഷ വൈജ്ഞാനിക സമൂഹമാക്കി മാറ്റാൻ ഗവേഷണമേഖലക്ക് ഉന്നത പരിഗണനയാണ് സർക്കാർ നൽകി വരുന്നത്. ട്രാൻസിലേഷണൽ റിസർച്ച് ലാബുകൾ, നവകേരള പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പുകൾ തുടങ്ങിയവ ഈ ലക്ഷ്യത്തിൽ ആരംഭിച്ചതാണ്. എന്നാൽ, ഇന്റർ ഡിസിപ്ലിനറി മേഖലയിലെ ഗവേഷണങ്ങൾക്ക് നിലവിലെ ചട്ടങ്ങൾ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഈ മേഖലയിൽ ഗവേഷണകേന്ദ്രം ആരംഭിക്കാനും ഗൈഡ്ഷിപ്പ് നൽകാനുംസാധിക്കാത്ത സാഹചര്യം പല സർവ്വകലാശാലകളിലും ഉണ്ട്. സർവകലാശാലാ ഗവേഷണ റെഗുലേഷനുമായി ബന്ധപ്പെട്ടും വിദ്യാർത്ഥികൾ നിരവധി പരാതികൾ ഉന്നയിച്ചിട്ടുണ്ട്.

വിദ്യാർഥികളുടെ ഡി-രെജിസ്‌ട്രേഷൻ, റീ-രെജിസ്‌ട്രേഷൻ, തീസിസ് സമർപ്പണവും റിസൾട്ടും തുടങ്ങിയ കാര്യങ്ങളിലെല്ലാം ഗവേഷകർക്ക് അനുകൂലമായ ചട്ടങ്ങൾ ആവശ്യമാണ്. ഈസ് ഓഫ് ഡൂയിങ് ഹയർ എജുക്കേഷനെന്ന സർക്കാരിന്റെ നിലപാടിന് അനുസൃതമാകണം സർവ്വകലാശാല ചട്ടങ്ങളും റെഗുലേഷനുകളും. രണ്ടുമാസത്തിനകം ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കുമെന്നും പറഞ്ഞു.

NO COMMENTS

LEAVE A REPLY