കൊച്ചി : തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് തുറക്കാന്‍ ഹൈക്കോടതിയുടെ അനുമതി. ഇടക്കാല ഉത്തരവിലൂടെയാണ് ഹൈക്കോടതിയുടെ അനുമതി നല്‍കിയത്. പാസ്‌പോര്‍ട്ട് കോപ്പി ഉപയോഗിച്ച് വിദേശ മദ്യം തിരിമറി നടത്തിയെന്ന കേസില്‍ ലൈസന്‍സ് റദ്ദാക്കിയ നടപടിക്ക് എതിരെ പ്ലസ് മാക്‌സ് കമ്പനി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ഡ്യൂട്ടി പെയ്ഡ് ഷോപ്പിന്റെ ലൈസന്‍സ് റദ്ദാക്കിയ നടപടിയും സ്റ്റേ ചെയ്തു. ഒരുമാസം ഡ്യൂട്ടി പെയ്ഡ് ഷോപ്പ് അടച്ചിട്ടതിലൂടെ ഒന്നര കോടിയുടെ നഷ്ടം ഉണ്ടായെന്നു എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. അതിനാല്‍ അന്വേഷണം അവസാനഘട്ടത്തിലാണെന്ന പരാതിക്കാരന്റെയും വാദം പരിഗണിച്ചാണ് തീരുമാനമെന്നും യാത്രക്കാരുടെ പ്രതിഷേധം കൂടി കണക്കിലെടുത്താണ് ഇടക്കാല ഉത്തരവെന്നും ഹൈക്കോടതി അറിയിച്ചു.