കൊച്ചി : പൊലീസ് ഡ്രൈവര്‍ ഗവാസ്കറെ മര്‍ദിച്ച കേസില്‍ എഡിജിപിയുടെ മകള്‍ സ്നിഗ്ധയുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. അറസ്റ്റ് തടയണമെന്ന ആവശ്യത്തെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തിരുന്നു. എഡിജിപിയുടെ മകള്‍ എന്തിന് അറസ്റ്റ് ഭയപ്പെടണമെന്ന് ഹൈക്കോടതി ചോദിച്ചു. മാത്രമല്ല കോടതിയുടെ ഭാഗത്തുനിന്ന് ‘സംരക്ഷണം’ വേണ്ടയാളല്ല എഡിജിപിയുടെ മകളെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. രാജ്യത്തെ ഏത് പൗരനും തുല്യമാണ് എഡിജിപിയുടെ മകളുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് വേണമെന്ന ആവശ്യവും കോടതി തള്ളി. ഹര്‍ജി അടുത്ത വ്യാഴാഴ്ചത്തേയ്ക്ക് മാറ്റിവെച്ചു.