മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള തര്‍ക്കം: 29ന് ചീഫ് ജസ്റ്റിസ് യോഗം വിളിച്ചു

157

തിരുവനന്തപുരം:മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഹൈകോടതി ചീഫ് ജസ്റ്റിസ് ഈ മാസം 29ന് ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. ബാര്‍ അസോസിയേഷന്‍, പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിനിധികള്‍ എന്നിവരുടെ യോഗമാണ് നടക്കുന്നത്. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ അഡ്വക്കറ്റ് ജനറലിന്‍റെ നേതൃത്വത്തില്‍ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. സംസ്ഥാന പൊലീസ് മേധാവി, അഡ്വക്കറ്റ് ജനറല്‍, എന്നിവരുടെയും തന്‍റേയും നേതൃത്വത്തില്‍ ഈ വിഷയത്തില്‍ ചര്‍ച്ച നടന്നിരുന്നു. കുറെ അയവ് വന്നെങ്കിലും പ്രശ്നം പൂര്‍ണമായി പരിഹരിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി വിശദീകരിച്ചു വി.ഡി. സതീശന്‍റെ ഉപക്ഷേപത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ വിവിധ കോടതികളില്‍ സംഘര്‍ഷമുണ്ട്. കോടതി നടപടികളും വിധി ന്യായവും റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് തടസം നേരിടുന്നതായി പരാതിയുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതികളില്‍ നിരോധമില്ലെന്ന് കാണിച്ച്‌ ഹൈകോടതി രജിസ്ട്രാര്‍ അറിയിപ്പ് നല്‍കിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.സംഘര്‍ഷം കാരണം മാധ്യമപ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതി ഉള്‍പ്പെടെ ഒരു കോടതിയിലും പോകാന്‍ കഴിയാത്ത സ്ഥിതി ഇപ്പോഴുമുണ്ടെന്ന് സതീശന്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ സര്‍ക്കാരിന് പ്രതികൂലമായി ബാധിച്ചത് കോടതിവിധികളെക്കാളേറെ വാദസമയത്ത് ജഡ്ജിമാര്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ വാര്‍ത്തയായതാണ്. അത്തരം പരാമര്‍ശങ്ങള്‍ പൊതുവേ ഈ സര്‍ക്കാരിനും ബുദ്ധിമുട്ടുണ്ടാക്കുന്നതാകുമെന്ന് പുറത്ത് ഒരു സംസാരമുണ്ട്. അതുകൊണ്ട് ഈ നിലസുഖകരമായ അവസ്ഥയായി കണ്ട് മുന്നോട്ടുകൊണ്ടുപോകരുതെന്നും സതീശന്‍ അഭ്യര്‍ത്ഥിച്ചു.

NO COMMENTS

LEAVE A REPLY