പാലക്കാട് : അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട മധുവിന്റെ മരണത്തില്‍ ഹൈക്കോടതി അമിക്കസ്ക്യൂറിയെ നിയമിച്ചു. അന്വേഷണത്തില്‍ സര്‍ക്കാര്‍ 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം. ഹൈക്കോടതി ജഡ്ജി നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. അഡ്വക്കേറ്റ് പി ദീപക്കിനെയാണ് അമിക്കസ്ക്യൂറിയായി കോടതി നിയമിച്ചിട്ടുള്ളത്. സംഭവവുമയി ബന്ധപ്പെട്ട് ‘കെല്‍സ’ ചുമതലയുള്ള ഹൈകോടതി ജഡ്ജി ചീഫ് ജസ്റ്റിസിന് നല്കിയ കത്ത് ഹര്‍ജിയായി പരിഗണിച്ചാണ് സര്‍ക്കാറിനോട് വിശദീകരണം തേടിയത്. കത്ത് പരിഗണിച്ച ചീഫ് ജസ്റ്റിസ് വിഷയം പൊതുതാല്പര്യ ഹര്‍ജിയായി കോടതി മുമ്പാകെ എത്തിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. കോടതി ഈ വിഷയത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ക്രിമിനല്‍കുറ്റമാണ് നടന്നിരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. ആദിവാസി ക്ഷേമ പദ്ധതികളുടെ കാര്യക്ഷമത ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
സംഭവം സമൂഹത്തിലെ മൂല്യച്യുതിക്ക് ഉദാഹരണമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. കോടതി ഇടപെട്ട് തിരുത്തല്‍ നടപടികള്‍ നിര്‍ദേശിക്കേണ്ടത് അനിവാര്യമാണ്. ഭക്ഷിക്കാന്‍ ഒന്നുമില്ലാത്തത് കൊണ്ട് മധു ഭക്ഷണ പദാര്‍ഥങ്ങള്‍ മോഷ്ടിച്ചത് സത്യമെങ്കില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ ഫലം കാണുന്നില്ലെന്നാണ് വ്യക്തമാകുന്നത്. ആദിവാസി ക്ഷേമത്തിന് നടപ്പാക്കുന്ന പദ്ധതികളുടെ നടത്തിപ്പ് അവരിലെത്തുന്ന വിധം ഉടച്ചു വാര്‍ക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.