കൊച്ചി: പീരുമേട് ബാലു വധക്കേസിൽ പ്രതികളായ എട്ടു സിപിഎം പ്രവർത്തകരെയും സംശയത്തിന്റെ ആനുകൂല്യം നല്കി ഹൈക്കോടതി വെറുതെവിട്ടു. കീഴ്ക്കോടതി വിധിക്കെതിരെ പ്രതികള്‍ നല്കിയ അപ്പീലിലാണ് വിധി
പ്രതികളെ 8 വർഷം തടവിന് ശിക്ഷിച്ച ഏറണാകുളം സെഷൻസ് കോടതിയുടെ വിധിക്കെതിരായാണ് പ്രതികള്‍ അപ്പീല്‍ നല്‍കിയത്. ജസ്റ്റിസ് കെടി ശങ്കരൻ, ജസ്റ്റീസ് ബാബു മാത്യു പി ജോസഫ് എന്നിവരടങ്ങിയ ബഞ്ചാണ് ആദ്യം കേസിൽ വാദം കേട്ടത്. എന്നാൽ വിധി സംബന്ധിച്ച് ബെഞ്ചിന് ഏക അഭിപ്രായത്തിലെത്താൻ കഴിഞ്ഞില്ല. പ്രതികളുടെ ശിക്ഷ ജസ്റ്റിസ് കെ ടി ശങ്കരന് ശരിവെച്ചപ്പോള്‍ സംശയത്തിന്റെ ആനുകൂല്യം നല്കി വിട്ടയക്കണം എന്നായിരുന്നു ജസ്റ്റീസ് ബാബു മാത്യു പി ജോസഫ് വിധിച്ചത്.
തുടര്‍ന്ന് മൂന്നാമതൊരു ജഡ്ജിയുടെ അഭിപ്രായത്തിനായി അപ്പീല്‍ സമര്‍പ്പിച്ചു.ഇതിലാണ് ജസ്റ്റിസ് ബി കമാൽ പാഷ വിധി പറഞ്ഞത്. പ്രതികളെ വെറുതെ വിടണമെന്ന ജസ്റ്റീസ് ബാബു മാത്യു പി ജോസഫിന്റെ വിധിയോട് ജസ്റ്റിസ് ബി കമാൽ പാഷ യോജിക്കുകയായിരുന്നു.
2004 ഓക്ടോബര്‍ 20 നാണ് ഐഎന്‍ടിയുസി നേതാവായ ബാലു കൊല്ലപ്പെടുന്നത്. തൊഴിലാളികളുടെ യോഗത്തില്‍ പ്രസംഗിച്ചു കൊണ്ടു നില്ക്കവേ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷംവെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
22 സാക്ഷികള്‍ കൂറുമാറിയിട്ടും വിചാരണ കോടതി എട്ടു പ്രതികളെയും എട്ടു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. ഇതിനിടെ സിപിഎം നേതാവ് എം എം മണി ഇതുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങള്‍ വന്‍ വിവാദത്തിനിടയാക്കി. മണിക്കെതിരെയും കേസെടുക്കണം എന്നും തുടര്‍ അന്വേഷണം നടത്തണം എന്നുമാവശ്യപ്പെട്ട് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയെങ്കിലും ഹൈക്കോടതി തള്ളുകയായിരുന്നു.