കൊച്ചി • മാറാട് ഒന്നാം കലാപത്തിനിടെ തെക്കേത്തൊടി ഷിംജിത് കൊല്ലപ്പെട്ട കേസിലെ ഏഴു പ്രതികളുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി റദ്ദാക്കി. കൊലക്കുറ്റം സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിയുന്നില്ലെന്നു വ്യക്തമാക്കിയാണു ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. അതേസമയം, വീടിനു തീവെയ്ക്കല്‍, അതിക്രമിച്ചു കടക്കല്‍, മത സ്പര്‍ധയുണ്ടാക്കാന്‍ ഗൂഢാലോചന നടത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ നിലനില്‍ക്കുമെന്നും വിചാരണ കോടതി വിധിച്ച അഞ്ചു വര്‍ഷം തടവുശിക്ഷ ശരിവെക്കുന്നതായും കോടതി വ്യക്തമാക്കി. ഇതേ കുറ്റങ്ങള്‍ക്കു മാറാട് പ്രത്യേക കോടതി അഞ്ചു വര്‍ഷം ശിക്ഷ വിധിച്ച മറ്റ് ഒന്‍പതു പേരുടെ അപ്പീല്‍ തള്ളി. മാറാട് പ്രത്യേക കോടതിയുടെ ശിക്ഷാ വിധിക്കെതിരെ പ്രതികള്‍ സമര്‍പ്പിച്ച അപ്പീലാണു ഹൈക്കോടതി പരിഗണിച്ചത്. ഒന്നാം മാറാട് കലാപ കാലത്ത് 2002 ജനുവരി മൂന്നിന് രാത്രി എട്ടു മണിയോടെ വീട്ടില്‍ കയറി മാറാട് തെക്കേത്തൊടി ഷിംജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണു കേസ്. 2010 ഫെബ്രുവരിയിലായിരുന്നു വിചാരണ കോടതിയുടെ വിധി.