ഷൂട്ടിംഗ് രംഗത്ത് കേരളത്തിനും ഇന്ത്യയ്ക്കുമുള്ളത് മികച്ച സാധ്യതകൾ -മന്ത്രി ഇ.പി. ജയരാജൻ

94

തിരുവനന്തപുരം : ഷൂട്ടിംഗ് രംഗത്ത് കേരളത്തിനും ഇന്ത്യയ്ക്കുമുള്ളത് മികച്ച സാധ്യതകളാണെന്ന് വ്യവസായ, കായിക യുവജനകാര്യ മന്ത്രി ഇ.പി. ജയരാജൻ. വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ചിൽ കേരള ഷൂട്ടിംഗ് അക്കാദമിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക കായിക വേദികളിൽ രാജ്യത്തിന് തിളങ്ങാ നാവുന്ന ഇനമാണ് ഷൂട്ടിംഗ്. ഒളിമ്പിക്സ് ഉൾപ്പെടെയുള്ള മത്സരവേദികൾ ലക്ഷ്യമാക്കി ലോകോത്തര പരിശീലനം നൽകാൻ ഷൂട്ടിംഗ് അക്കാദമിയിൽ സൗകര്യങ്ങളുണ്ട്.

മുമ്പ് ഷൂട്ടിംഗ് ഉൾപ്പെടെയുള്ള കായികവിനോദങ്ങൾ സമ്പന്നർക്ക് മാത്രം പ്രാപ്യമായിരുന്നു. എന്നാൽ ഇപ്പോൾ സാധാരണക്കാർക്കും ഈ കായികമേഖലയിലേക്ക് കടന്നുവരാൻ ഷൂട്ടിംഗ് അക്കാദമി സഹായിക്കും. ന്യൂ ജനറേഷൻ ഇപ്പോൾ ഏറെ താത്പര്യമെടുക്കുന്ന മേഖലയാണിത്. യുവാക്കളിൽ കൂടുതൽ ആത്മവിശ്വാസവും കഴിവും ഉയർത്തിയെടുക്കാനും മനസും ശക്തിയും കേന്ദ്രീകരിച്ച് ഏകാഗ്രത വളർത്താനും ഈ കായികവിനോദം സഹായിക്കും.

കായികരംഗത്തിന്റെ വികസനത്തിന് കേരള സർക്കാർ മികച്ച പരിഗണനയാണ് നൽകുന്നത്. 1000 കോടി രൂപയാണ് കായികരംഗത്ത് വിനിയോഗിക്കുന്നത്. 44 ആധുനിക മൾട്ടിപർപ്പസ് സ്റ്റേഡിയങ്ങളാണ് കേരളമുടനീളം നിർമിക്കുന്നത്. ഇതിൽ 23 എണ്ണം പൂർത്തീകരിച്ചു. 33 നീന്തൽക്കുളങ്ങൾ നിർമാണത്തിലാണ്. മറ്റനേകം സൗകര്യങ്ങളാണ് കായികരംഗത്ത് ഒരുക്കിവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നഗരസഭാ മേയർ കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ സീനിയർ വൈസ് പ്രസിഡൻറ് കലികേശ് നാരായൺ സിങ് ദിയോ മുഖ്യാതിഥിയായിരുന്നു.

സ്പോർട്സ് കൗൺസിൽ സെക്രട്ടറി സഞ്ജയൻ കുമാർ, റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ ഡി.വി. സീതാരാമറാവു, സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻറ് ഒ.കെ. വിനീഷ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് എസ്.എസ്. സുധീർ, കായികയുവജനകാര്യാലയം ചീഫ് എഞ്ചിനീയർ എസ്. രാജീവ് തുടങ്ങിയവർ സംബന്ധിച്ചു. കായിക യുവജനകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയി സ്വാഗതവും ഡയറക്ടർ ജെറോമിക് ജോർജ് നന്ദിയും പറഞ്ഞു.

വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ചിൽ സജ്ജമാക്കിയിട്ടുള്ള ഷൂട്ടിംഗ് അക്കാദമിയിൽ അന്തർദേശീയ മത്സരങ്ങളായ ഒളിമ്പിക്സ്, ഏഷ്യൻ ഗെയിംസ് തുടങ്ങിയവയിൽ ഉപയോഗിക്കുന്ന ആധുനിക ഹൈബ്രിഡ് ഇലക്ട്രോണിക് ടാർജറ്റ് സിസ്റ്റം ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. രണ്ടു നിലകളിലായി 3875 ചതുരശ്രമീറ്റർ കെട്ടിടവും 5252 ചതുരശ്രമീറ്റർ ഷൂട്ടിംഗ് ഏര്യയും ഉള്ള ഈ റേഞ്ചിൽ 10 മീറ്റർ റേഞ്ചിൽ 60 പേർക്കും 20 മീറ്റർ, 50 മീറ്റർ റേഞ്ചുകളിൽ 40 പേർക്കും ഒരേ സമയം പരിശീലനം നടത്താം.

3.5 ഏക്കർ സ്ഥലത്താണ് ഷൂട്ടിംഗ് റേഞ്ച് നിർമിച്ചിട്ടുള്ളത്. ചെറിയപ്രായം മുതൽ കുട്ടികൾക്ക് ശാസ്ത്രീയ പരിശീലനം നൽകാൻ അക്കാദമി സഹായകമാകും. അക്കാദമിയിൽ പ്രവേശനം ലഭിക്കാനുള്ള കുറഞ്ഞ പ്രായപരിധി 10 വയസ്സാണ്. ഒരു ബാച്ചിൽ 90 പേർക്ക് പ്രവേശനം നൽകും.

NO COMMENTS