കേരള സർക്കാർ ഊർജ വകുപ്പിന് കീഴിലുള്ള എനർജി മാനേജ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഇന്റർ നാഷണൽ എനർജി ഫെസ്റ്റിവലിന് (ഐ ഇ എഫ് കെ) തിരുവനന്തപുരത്ത് ഇന്ന് (07/02) തുടക്കമാകും. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി തൈക്കാട് പോലീസ് മൈതാനിയിൽ ഉച്ചക്ക് 2 മണിക്ക് മേളയുടെ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ സംസ്ഥാന ഊർജ സംരക്ഷണ അവാർഡുകളുടെ വിതരണം മന്ത്രി നിർവഹിക്കും. ആന്റണി രാജു എം എൽ എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എനർജി മാനേജ്മന്റ് സെന്റർ ഡയറക്ടർ ഡോ.ആർ ഹരികുമാർ സ്വാഗതമാശംസിക്കും.
ഊർജ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ മുഖ്യ പ്രഭാഷണവും പുസ്തക പ്രകാശനവും നടത്തും. കെ എസ് ഇ ബി എൽ മാനേജിങ് ഡയറക്ടറും ചെയർമാനുമായ ബിജു പ്രഭാകർ, നവകേരളം കർമ പദ്ധതി കോർഡിനേറ്റർ ടി എൻ സീമ, ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി ഡയറക്ടർ പ്രവതനളിനി സമൽ, അനെർട്ട് സി ഇ ഒ നരേന്ദ്രനാഥ് വേലുരി, സംസ്ഥാന ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ജി വിനോദ്, തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ ജി മാധവദാസ് എന്നിവർ ചടങ്ങിൽ സംബ ന്ധിക്കും. എനർജി മാനേജ്‌മെന്റ് സെന്റർ രജിസ്ട്രാർ സുഭാഷ് ബാബു ബി വി ചടങ്ങിന് നന്ദി അറിയിക്കും.
കാർബൺ രഹിത കേരളം എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ മേള സംഘടിപ്പിക്കുന്നത്. ഊർജ കാര്യക്ഷമത ഉറപ്പുവരുത്തുക, കാർബൺ ബഹിർഗമനം കുറയ്ക്കുക, ഊർജ സംരക്ഷണ പ്രവർത്തനങ്ങളിൽ ആഗോള സഹകരണം ശക്തമാക്കുക എന്നിവയാണ് ഈ വർഷത്തെ ഊർജ മേളയുടെ പ്രധാന ലക്ഷ്യം. മേളയോടനുബന്ധിച്ച്, സാങ്കേതിക സെഷനുകൾ, പാനൽ ചർച്ചകൾ, വിവിധ തരം പരിശീലന സെഷനുകൾ, കേരള സ്റ്റുഡന്റ്സ് എനർജി കോൺഗ്രസ്സ് മത്സരങ്ങൾ, പൊതുപ്രദർശനം, വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി മെഗാക്വിസ് തുടങ്ങിയവ നടക്കും.
ഏഷ്യ ലോ കാർബൺ ബിൽഡിംഗ് ട്രാൻസിഷൻ പ്രോജക്ട് വെബ്‌സൈറ്റ് ലോഞ്ച്, പാനൽ ചർച്ച, ഇന്ത്യാ സ്മാർട്ട് ഗ്രിഡ് ഫോറം, സി.എൽ.എ.എസ്.പി എന്നീ ഏജൻസികളുടെ നേതൃത്വത്തിലുള്ള പാനൽ ചർച്ചകൾ, കേരള സംസ്ഥാന ഊർജ സംരക്ഷണ അവാർഡ് ജേതാക്കളുടെ അവതരണം എന്നിവ ആദ്യ ദിനത്തിൽ നടക്കും. വിവിധ സാംസ്‌കാരിക പരിപാടികളും മേളയുടെ ഭാഗമായി അരങ്ങേറും മേള ഫെബ്രുവരി 9 ന് സമാപിക്കും.