കേരളം വികസത്തിന്റെ പുതിയ പാതയിൽ – റവന്യൂ മന്ത്രി

20

കാസറഗോഡ് : കേരളമാകെ വികസത്തിന്റെ പുതിയ പാതയിലാണ്. നാടിന്റെ വികസനം ലക്ഷ്യമാക്കി കേരള സര്‍ക്കാര്‍ കഴിഞ്ഞ നാലര വര്‍ഷമായി നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്ന് ഗ്രാമ നഗര ഭേതമന്യേ ജനങ്ങള്‍ക്ക് അനുഭവപ്പെട്ടു തുടങ്ങിയെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. നവീകരിച്ച കോട്ടിക്കുളം തച്ചങ്ങാട് റോഡ് നാടിന് സമര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു, അദ്ദേഹം.

മാറിയ കാലത്തെ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രത്യേക വീക്ഷണത്തോടെ സര്‍ക്കാര്‍ ഇടപെടുന്നുണ്ട്. മുന്‍പ് നഗര പ്രദേശങ്ങളില്‍ മാത്രം കണ്ടു വന്നിരുന്ന മെക്കാഡം ടാറിങ്ങ് പുതിയ കാലം പുതിയ നിര്‍മ്മാണം എന്ന സര്‍ക്കാര്‍ നയത്തെ തുടര്‍ന്നാണ് ഗ്രാമീണ റോഡുകളില്‍ കൂടി കൊണ്ടു വരാന്‍ കഴിഞ്ഞത്.

നാടിന്റെ വികസനത്തെ ത്വരിതപ്പെടുത്താന്‍ വിവിധങ്ങളായ പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചു വരുന്നത്. സര്‍ക്കാറിന് സമൂഹ്യ ക്ഷേമ പെന്‍ഷന്‍ പരിരക്ഷ പുതിയതായി 27 ലക്ഷം ആളുകള്‍ക്ക് കൂടി നല്‍കാന്‍ കഴിഞ്ഞു. കോവിഡ് മഹാമാരിയുടെ കാലത്ത് സമൂഹത്തിന്റെ നാനാവിഭാഗം ജനങ്ങള്‍ക്കും പട്ടിണി ഒഴിവാക്കാന്‍ വിവിധങ്ങളായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കി. 87 ലക്ഷം കുടുംബങ്ങള്‍ക്ക് അവശ്യ സാധനങ്ങള്‍ വീടുകളിലേക്ക് എത്തിച്ചു നല്‍കുന്ന പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു.

സാമൂഹ്യ ക്ഷേമ സുരക്ഷിതത്വം ഓരോ കുടുംബങ്ങള്‍ക്കും ഉറപ്പ് നല്‍കാനും വിദ്യാഭ്യാസ ആരോഗ്യ മഖലയിലും അടിസ്ഥാന സൗകര്യ വികസനത്തിലും കാര്‍ഷിക മേഖലയിലും മാലിന്യ നിര്‍മ്മാര്‍ജ്ജന രംഗത്തും വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാറിന് സാധിച്ചു. പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങളെല്ലാം പൂര്‍ത്തീകരിച്ച സര്‍ക്കാരാണിതെന്നും മന്ത്രി പറഞ്ഞു.

നവീകരിച്ച കോട്ടിക്കുളം തച്ചങ്ങാട് റോഡ് റവന്യൂ മന്ത്രി നാടിന് സമര്‍പ്പിച്ചു

ജില്ലയിലെ പ്രധാന ജനവാസ കേന്ദ്രമായ ഉദുമ പള്ളിക്കര പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന കോട്ടിക്കുളം തച്ചങ്ങാട് റോഡിന്റെ ഉദ്ഘാടനം റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ അധ്യക്ഷനായി. കോട്ടിക്കുളം തച്ചങ്ങാട് റോഡ് അഭിവൃദ്ധിപ്പെടുത്തലിന്റെ ഒന്നാം ഘട്ടത്തില്‍ 2.200 കിലോമീറ്റര്‍ ദൂരം ബജറ്റില്‍ ഉള്‍പ്പെടുത്തി 2018ല്‍ തന്നെ പൂര്‍ത്തീകരിച്ചു. രണ്ടാം ഘട്ടത്തില്‍ 4.200 കിലോമീറ്റര്‍ ദൂരം അഭിവൃദ്ധിപ്പെടുത്തി. മൂന്നാം ഘട്ടത്തില്‍ അഞ്ച് കിലോ മീറ്റര്‍ ദൂരം വിജയകരമായി പൂര്‍ത്തീകരിച്ചിരിക്കുകയാണ്. നാല് കോടി രൂപ മുതല്‍ മുടക്കി പണി പൂര്‍ത്തിയാക്കിയ റോഡ് ഉദുമ പള്ളിക്കര പഞ്ചായത്തുകളിലെ ജനങ്ങള്‍ക്കും മറ്റ് യാത്രക്കാര്‍ക്കും ഏറെ ഗുണം ചെയ്യും.

കാസര്‍കോട്ക ാഞ്ഞങ്ങാട് പൊതുമരാമത്ത് റോഡില്‍ പാലക്കുന്ന് ടൗണില്‍ നിന്നും തുടങ്ങി ബേക്കല്‍പനയാല്‍ റോഡില്‍ തച്ചങ്ങാട് അവസാനിക്കുന്നു. അഞ്ച് കിലോമീറ്റര്‍ ദൂരം 5.50 മീറ്റര്‍ വീതിയില്‍ ടാറിങ് ചെയ്ത് സുരക്ഷാ ബോര്‍ഡുകള്‍ സ്ഥാപിച്ച് നാടിന് സമര്‍പ്പിക്കുകയാണ്.

ചടങ്ങില്‍ ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ അധ്യക്ഷനായി. പി.ഡബ്ല്യൂ.ഡി റോഡ്‌സ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ കെ.പി വിനോദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ഗൗരി, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് പി. ഇന്ദിര, ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കെ. എ മഹമ്മദ് അലി, പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാര്‍, മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സംഘാടക സമിതി ചെയര്‍മാന്‍ വി.വി സുകുമാര സ്വാഗതവും പി.ഡബ്ല്യൂ.ഡി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ പി. പ്രകാശന്‍ നന്ദിയും പറഞ്ഞു.

NO COMMENTS