പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമെന്ന നേട്ടം കരസ്ഥമാക്കി. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഹൈടെക് ക്‌ളാസ്മുറി, ഹൈടെക് ലാബ് പദ്ധതികൾ പൂർത്തിയായ തോടെയാണിത്.
വിദ്യാഭ്യാസരംഗത്ത് സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമാകുന്നതോടെ 41 ലക്ഷം കുട്ടികൾക്കാണ് പ്രയോജനം ലഭിക്കുന്നത്.
ഒന്നു മുതൽ 12 വരെയുള്ള ക്‌ളാസുകളിലേക്ക് 16,027 സ്‌കൂളുകളിലായി 3,74,274 ഡിജിറ്റൽ ഉപകരണങ്ങളാണ് സ്മാർട് ക്ലാസ്റൂം പദ്ധതിക്കായി വിതരണം ചെയ്തത്. 4752 ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കൂളുകളിലായി 45,000 ഹൈടെക് ക്ലാസ് മുറികൾ ഒന്നാം ഘട്ടത്തിൽ സജ്ജമാക്കി. പ്രൈമറി- അപ്പർ പ്രൈമറി തലങ്ങളിൽ 11,275 സ്‌കൂളുകളിൽ ഹൈടെക് ലാബും തയ്യാറാക്കി.
12, 678 സ്‌കൂളുകളിൽ ഹൈസ്പീഡ് ഇന്റർനെറ്റ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. സ്‌കൂളുകളിലെ ഐ.ടി. ഉപകരണങ്ങൾക്ക് അഞ്ച് വർഷത്തെ വാറന്റിയും ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്. 1,83,440 അധ്യാപകർക്കാണ് പരിശീലനം നൽകിയത്.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായാണ് ഹൈടെക് ക്ലാസ് റൂം പദ്ധതി നടപ്പാക്കിയത്. 2017ലാണ് കൈറ്റിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ എൽ. പി, യു. പി വിഭാഗങ്ങളിൽ ആദ്യഘട്ട പ്രവർത്തനം തുടങ്ങിയത്. കിഫ്ബിയുടെ ധനസഹായത്തോടെയായിരുന്നു പദ്ധതി. എം പി മാർ, എം എൽ എ മാർ എന്നിവരുടെ ആസ്തി വികസനഫണ്ട്, തദ്ദേശ സ്ഥാപനഫണ്ട് എന്നിവ ഉപയോഗിച്ചും ഹൈടെക് ക്ലാസ് മുറികൾ സജ്ജമാക്കിയിട്ടുണ്ട്.