ചലച്ചിത്രമേഖലയിലെ സ്ത്രീ പ്രശ്‌നങ്ങൾ പഠിക്കാൻ സമിതിയെ നിയോഗിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം കേരളം

12

ചലച്ചിത്ര മേഖലയിലെ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ ഒരു സംസ്ഥാന സർക്കാർ ഇന്ത്യയിൽ ആദ്യമായി സമിതിയെ നിയോഗിച്ചത് കേരളമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജസ്റ്റിസ് ഹേമ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിൽ ഇക്കാര്യം ആമുഖമായി എടുത്തു പറയുന്നുണ്ട്.

ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട് ചില ഗൗരവതരമായ വിഷയങ്ങൾ ഉയർന്നു വന്നപ്പോഴാണ് സർക്കാർ ഈ കമ്മിറ്റിയെ നിയോഗിച്ചത്.സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന വനിതകൾ നേരിടുന്ന പ്രശ്നങ്ങളും തൊഴിൽ സാഹചര്യവും പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായാണ് റിട്ടയേഡ് ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റിയെ നിയോഗിച്ചത്. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിലെ ശുപാർശകൾ അതീവ പ്രധാന്യം നൽകി നടപ്പിലാക്കാനാണ് സർക്കാർ ശ്രമിച്ചത്.

അടിയന്തരസ്വഭാവത്തിൽ പരിഗണിക്കേണ്ടതും ഉടൻ പരിഹാരം കാണേണ്ടതുമായ പ്രശ്നങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ തീർപ്പുണ്ടാ ക്കിയത്. വിശദമായ പരിശോധനയിലൂടെ നടപ്പിലാക്കേണ്ട ശുപാർശകൾ തുടർന്ന് പരിഗണിച്ചു. റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കുന്നതിന് പൊതുമാർഗ്ഗ രേഖകൊണ്ടുവരാൻ സർക്കാരിന് അധികാരം ഉണ്ടോ എന്ന പ്രശ്നം അഭിസംബോധന ചെയ്യാനാണ് അടുത്ത ഘട്ടത്തിൽ ശ്രമിച്ചത്.

സിനിമാ വ്യവസായമേഖലയിൽ ഇൻറേണൽ കംപ്ലൈയിന്റ് കമ്മറ്റി രൂപീകരിക്കുക എന്നത് അടിയന്തിര സ്വഭാവത്തോടെ നടപ്പിലാ ക്കുന്നു എന്നുറപ്പാക്കിയിട്ടുണ്ട്. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ പ്രധാന ആവശ്യമായിരുന്നു അത്. മറ്റൊരു പ്രധാന ശുപാർശ വനിതകൾ സംവിധായകരും സാങ്കേതികപ്രവർത്തകരുമായി വരുന്ന സിനിമകൾക്ക്പ്രോൽസാഹനം നൽകണമെ ന്നതാണ്. ക്രിയാത്മകമായ ഇടപ്പെടലാണ് സർക്കാർ അതിൽ നടത്തിയത്. അതിനായി ബജറ്റ് വിഹിതം നീക്കിവെച്ചു.

പ്രതിവർഷം വനിതകളുടെ വിഭാഗത്തിൽ രണ്ടും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ രണ്ടും സിനിമകൾക്ക് പരമാവധി ഒന്നരകോടി രൂപ നൽകാൻ തീരുമാനിച്ചു. നിലവിൽ നാല് സിനിമകൾ സർക്കാരിന്റെ ധനസഹായത്തോടെ വനിതാ സംവിധായകരും സാങ്കേതി കപ്രവർത്തകരും ചേർന്ന് പുറത്തിറക്കി. സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ വനിതകൾ നിർമ്മിക്കുന്ന മറ്റ് ചലചിത്രങ്ങൾ നിർമ്മാണഘട്ടത്തിലാണ്. മലയാള സിനിമയുടെ ആദ്യ നായികയെ കല്ലെറിഞ്ഞ് ഓടിച്ച ഈ നാട്ടിൽ സ്ത്രീകൾക്ക് സാമ്പത്തിക സഹായം നൽകി അവരെ കൊണ്ട് സിനിമ സംവിധാനം ചെയ്യിപ്പിച്ചത് സർക്കാരിന്റെ എടുത്ത് പറയേണ്ട നേട്ടമാണ്. അന്തരാഷ്ട്ര ചലചിത്രവേദിയായ കാനിൽപോലും ഈ നേട്ടം ചർച്ചയായത് ഓർക്കണം.

കമ്മറ്റിയുടെ ശുപാർശകളിലൊന്ന് സിനിമാ, ടെലിവിഷൻ, സീരിയൽ രംഗത്തെ തർക്ക പരിഹാരത്തിനും ചൂഷണം തടയുന്നതിനും ഒരു ജുഡീഷ്യൽ ട്രിബ്യൂണൽ രൂപീകരിക്കണമെന്നതായിരുന്നു. കേരളാ സിനിമാ റെഗുലേറ്ററി അതോറിറ്റി ബില്ല് നടപ്പിലാക്കുന്നത് സംബന്ധിച്ച് സർക്കാർ പരിശോധന നടത്തി. വലിയ പ്രാഥമിക ചെലവും പ്രതിവർഷം ഗണ്യമായ ആവർത്തന ചെിലവും വരുന്ന താണ് അതോറിറ്റിയുടെ രൂപീകരണം. എന്നാൽ കേരള സിനി എപ്ലോയേഴ്സ് ആന്റ് എപ്ലോയീസ് (റെഗുലേഷൻ) ആക്ട് ഉണ്ടാക്കണ മെന്നും ട്രിബ്യൂണൽ രൂപീകരിക്കണം എന്നുമുള്ള കമ്മിറ്റിയുടെ ശുപാർശ സർക്കാർ പരിഗണിച്ച് നടപടിയെടുക്കും.

സമഗ്രമായ സിനിമാ നയം നടപ്പിലാക്കുക എന്നതാണ് മറ്റൊരു ശുപാർശ. സിനിമാ നയത്തിന്റെ കരട് തയ്യാറാക്കുന്നതിനായി പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുണിന്റെ അദ്ധ്യക്ഷതയിൽ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സിനിമാ നയത്തിന്റെ കരട് രേഖ ചർച്ച ചെയ്യുന്നതിനായി ഒരു കോൺക്ലേവ് നടത്തും. സിനിമയിലെ പ്രൊഡക്ഷൻ ബോയി മുതൽ സംവിധായകൻ വരെയുളള സിനിമക്ക് മുന്നിലും അണിയറയിലും ഉളള എല്ലാവരേയും പങ്കെടുപ്പിച്ച് വിപുലമായ ചർച്ച നടത്തിയാണ് സിനിമാ നയം രൂപീകരിക്കുക.

വനിതകൾക്കായി പ്രൊഡക്ഷൻ മാനേജ്മെന്റ്, ക്യാമറ ആന്റ് ലൈറ്റിംഗ്, ആർട്ട് ആന്റ് ഡിസൈൻ, കൊസ്റ്റ്യൂം, മേക്കപ്പ്, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവിഷൻ, മാർക്കറ്റിംഗ് ആന്റ് പബ്ലിസിറ്റി എന്നീ വിഭാഗങ്ങളിൽ തൊഴിൽ പരിശീലനം നൽകുന്നതിനുള്ള പദ്ധതി സംസ്ഥാന ചലച്ചിത്ര അക്കാദമി വഴി ആരംഭിച്ചിട്ടുണ്ട്. പരിശീലനത്തിനുശേഷം പ്രൊഫഷണൽ ഫിലിം പ്രൊഡക്ഷൻ കമ്പനികളിൽ തൊഴിലവസരത്തിന് വഴിയൊരുക്കും. ഗുണഭോക്താക്കൾക്ക് ആറ് മാസക്കാലത്തേക്ക് സ്റ്റൈപന്റ് അനുവദിക്കും. കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ സിനിമയുടെ ഏതെങ്കിലും മേഖലയിൽ മികവു പുലർത്തുന്ന സ്ത്രീ, ട്രാസ്ജെൻഡർ വിഭാഗങ്ങൾക്കായി 50,000 രൂപയുടെ പ്രത്യേക അവാർഡ് ഏർപെടുത്തിയിട്ടുണ്ട്. ഗോത്രവർഗ്ഗ ഗായിക നാഞ്ചിയമ്മ, ശ്രുതി ശരണ്യം എന്നിവർ ഈ അവാർഡ് നേടിയിട്ടുണ്ട്.

അഭിനയം വൈദഗ്ദ്യം ഉളള തൊഴിൽ മേഖലയായതിനാൽ സ്ത്രീ പുരുഷ ഭേഭമന്യ തുല്യവേതനം ഏർപ്പെടുത്തുക പോലെയുളള ശുപാർശകൾ നടപ്പിലാക്കുന്നതിന് ചില പരിമിതികൾ ഉണ്ട്. പ്രൊഫഷണലുകളുടെ വേതനം ഒരാളിൽ നിന്ന് മറ്റൊരാളുടേത് വ്യത്യസ്ത മായിരിക്കും. പ്രൊഫഷണൽ ആയ സിനിമാ താരത്തിന്റെ ശമ്പളവും, തുടക്കക്കാരനായ നടന്റെയോ നടിയുടെയോ ശമ്പളവും ഒന്നാവണം എന്ന് ആഗ്രഹിക്കാമെങ്കിലും നടപ്പിലാക്കുന്നതിന് പ്രായോഗിക തടസമുണ്ട്. മാത്രമല്ല നിയന്ത്രണത്തിന്റെ പേര് പറഞ്ഞ് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും, തൊഴിൽനൈപുണിയിലുമെല്ലാം അനാവശ്യ മാർഗ്ഗരേഖകൾ കൊണ്ട് വരുന്നത് സിനിമക്കും ഹിതകരമല്ല.

മദ്യം, മയക്കുമരുന്ന് പോലെയുളള ആശാസ്യകരമല്ലാത്ത പ്രവൃത്തികൾ തടയണം, ലൈംഗിക അതിക്രമങ്ങൾ തടയണം തുടങ്ങിയ ഗൗരവമേറിയ കാര്യങ്ങളാണ് റിപ്പോർട്ടിലെ മറ്റു ശുപാർശകൾ. അതിനെല്ലാം ഇപ്പോൾ തന്നെ ക്രമസമാധാന രംഗത്ത് പ്രവർത്തിക്കുന്ന ഏജൻസികൾക്ക് ഫലപ്രദമായി ഇടപ്പെടാൻ കഴിയും. ഇടപെടുന്നുമുണ്ട്. ഷൂട്ടിംഗ് സ്ഥലങ്ങളിലെല്ലാം ഇ ടോയിലറ്റുകൾ, സുരക്ഷി തമായ ഡ്രസ് ചേഞ്ചിംഗ് മുറികൾ, സിനിമയുമായി ബന്ധപ്പെട്ട് താമസിക്കുകയും യാത്ര ചെയ്യുകയും ചെയ്യേണ്ടിവരുന്ന സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ചകാര്യങ്ങൾ എന്നിവയിലെല്ലാം സർക്കാരിന് മാത്രമായി തീരുമാനങ്ങൾ എടുക്കാൻ കഴിയുന്നതല്ല. സിനിമാ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന കോൺക്ലേവിൽ ഇതാകെ ചർച്ച ചെയ്യും.

സിനിമാ മേഖല കുത്തഴിഞ്ഞതാണെന്നോ, അതിലെ സാങ്കേതിക പ്രവർത്തകരും നടീ നടൻമാരും ആകെ അസാൻമാർഗിക സ്വഭാവം വെച്ച് പുലർത്തുന്നവരാണെന്നോ ഉളള അഭിപ്രായം സർക്കാരിന് ഇല്ല. ഒരു റിപ്പോർട്ടിന്റെ ഭാഗമായി സിനിമയിലെ ചിലർക്ക് ഉണ്ടായ തിക്താനുഭവങ്ങൾ വെച്ച് 94 വർഷത്തെ പൈതൃകമുളള മലയാള സിനിമ രംഗത്തെ വിലയിരുത്തരുത്. ചലച്ചിത്രരംഗത്തെ ആകെ ചെളിവാരിയെറിയുന്ന തരം ആക്ഷേപങ്ങൾ ഈ നാടിന്റെ സിനിമ പുരോഗതിക്ക് ചേരില്ല. എന്നാൽ അനഭിലഷണീയമായ പ്രവണത കളോട് യാതൊരു സന്ധിയും പാടില്ല.

സിനിമാ തിരക്കഥയുടെ ഭാഗമായി വില്ലൻമാരുണ്ടാകാം. പക്ഷെ സിനിമാ വ്യവസായത്തിൽ വില്ലൻമാരുടെ സാനിധ്യം ഉണ്ടാവാൻ പാടില്ല. സിനിമയിൽ അഭിനയിക്കാൻ വരുന്ന ചെറുപ്പക്കാരും, ചെറുപ്പക്കാരികളും പുതിയ കാലഘട്ടത്തിന്റെ പ്രതിനിധികളാണ്. അപ്രഖ്യാപിതമായ വിലക്കുകൾ കൊണ്ട് ആർക്കും ആരെയും ഇല്ലാത്താക്കാൻ കഴിയില്ലന്നാണ് ഈ തലമുറ നമ്മളോട് പറയുന്നത്.

സിനിമക്കുളളിലെ അനഭലഷണീയമായ പ്രവണതകളെ ചോദ്യം ചെയ്യാനും എടുക്കുന്ന ജോലിക്ക് മാന്യമായ വേതനവും ഉറപ്പ് വരു ത്താനും സിനിമയിലെ സംഘടനകൾ മുൻകൈ എടുക്കണം. സിനിമക്കുളളിൽ സിനിമാക്കഥയെ വെല്ലുന്ന തിരക്കഥകൾ പാടില്ല. മാന്യമായ പെരുമാറ്റവും, മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷവും ഉറപ്പ് വരുത്തുന്നില്ലെങ്കിൽ മലയാളസിനിമക്ക് മുന്നോട്ട് പോകാൻ കഴിയില്ല. ലോബിയിംഗിന്റെ ഭാഗമായി കഴിവുളള നടീ നടൻമാരെ ഒറ്റപ്പെടുത്തുകയോ അവരുടെ അവസരങ്ങൾ നിഷേധിക്കപ്പെടുന്ന സാഹചര്യമോ ഉണ്ടാവരുത്.

ആശയപരമായ അഭിപ്രായഭിന്നതകൾ സിനിമയെ ശക്തിപെടുത്താൻ വേണ്ടിയുളളതാവണം. ആരേയും ഫീൽഡ് ഔട്ട് ആക്കാനോ, കഴിവില്ലാത്തവർക്ക് അവസരം നൽകാനോ സിനിമക്കുള്ളിലെ ആരും തങ്ങളുടെ അധികാരങ്ങൾ ഉപയോഗിക്കരുത്. കഴിവും, സർഗ്ഗാത്മകതയും തന്നെയായിരിക്കണം സിനിമയിലെ എല്ലാ തരം സാങ്കേതിക പ്രവർത്തനത്തിന്റെയും മാനദണ്ഡം. ഗ്രൂപ്പുക ളോ,കോക്കസുകളൊ ഭരിക്കുന്നതാവരുത് സിനിമ. ചൂഷകർക്ക് ഒപ്പമല്ല, മറിച്ച് ചൂഷണം ചെയ്യപ്പെടുന്നവരോട് ഒപ്പമാണ് സർക്കാർ. ഇരയ്ക്ക് നിരുപാധികമായ ഐക്യദാർഢ്യവും വേട്ടക്കാരനെതിരെ സന്ധിയില്ലാത്ത പോരാട്ടവുമാണ് ഈ സർക്കാരിന്റെ മുഖമുദ്ര. അത് ഒരിക്കലല്ല, പല തവണ ഈ സർക്കാർ സ്വന്തം പ്രവർത്തി കൊണ്ട് അടയാളപ്പെടുത്തിയിട്ടുളളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY