തിരുവനന്തപുരം: മോദി അനുകൂല പ്രസ്താവന തരൂര്‍ തിരുത്താത്തതില്‍ കേരളത്തിലെ നേതാക്കള്‍ക്ക് കടുത്ത അതൃപ്തിയാണുള്ളത്. കെ.പി.സി.സി തരൂരില്‍ നിന്ന് വിശദീകരണം തേടും. മുന്‍ കെ.പി.സി.സി അധ്യക്ഷനും വടകരയില്‍ നിന്നുള്ള ലോക്‌സഭാംഗവുമായ കെ. മുരളീധരന്‍ അടക്കമുള്ള നേതാക്കള്‍ രൂക്ഷമായ രീതിയില്‍ ആണ് തരൂരിനെതിരെ രംഗത്ത് വന്നത്.
മോദി സ്തുതികള്‍ നടത്തണമെങ്കില്‍ അത് ബിജെപിയില്‍ ചേര്‍ന്നതിന് ശേഷമാകാമെന്നുവരെ നേതാക്കള്‍ പ്രസ്താവന നടത്തിയിരുന്നു. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് വരെ കത്ത് അയക്കുന്ന സാഹചര്യംഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം വിഷയത്തില്‍ ഇടപെടുന്നത്. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് തരൂര്‍ വ്യക്തമാക്കണമെന്ന് കെ.പി.സി.സി ആവശ്യപ്പെടും.
ഉപതിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ബിജെപി അനുകൂല നിലപാടുകളായി രാഷ്ട്രീയ എതിരാളികള്‍ പ്രസ്താവന ഉപയോഗിച്ചേക്കാമെന്നതിനാലാണ് കെ.പി.സി.സി വിഷയത്തില്‍ ഇടപെടുന്നത്. തരൂര്‍ ഇത്തരത്തില്‍ പ്രസ്താവനകള്‍ ആവര്‍ത്തിക്കരുതെന്നും കെ.പി.സി.സി ആവശ്യപ്പെട്ടേക്കും. കോണ്‍ഗ്രസ് നേതാക്കളുടെ മോദി അനുകൂല പ്രസ്താവനകളില്‍ ഇടപെടണമെന്ന് എ.ഐ.സി.സിയോട് ഔദ്യോഗികമായി ആവശ്യപ്പേട്ടേക്കുമെന്നും സൂചനയുണ്ട്.
സംഘടനാ ചുമതലയുള്ള എഐസിസി സെക്രട്ടറി കെ.സി.വേണുഗോപാല്‍ മോദിക്ക് അനുകൂലമായ തരൂരിന്റെ പ്രസ്താവന തള്ളിക്കളഞ്ഞിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ ജയ്‌റാം രമേശ്, അഭിഷേക് മനു സിങ്‌വിയും മോദിക്ക് ആനുകൂലമായ പ്രസ്താവന നടത്തിയിരുന്നു. ഇതിനെ പിന്തുണച്ചാണ് തരൂരും രംഗത്ത് വന്നത്.