കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം ; ആദ്യ ദിനത്തിൽ പ്രകാശനത്തിന് പതിനാറ് പുസ്തകങ്ങൾ

26

പ്രസാധകരുടെ പങ്കാളിത്തത്തിനും പുസ്തക ശേഖരത്തിനുമൊപ്പം വൈവിധ്യമാർന്ന പുസ്തകങ്ങളുടെ പ്രകാശനത്തിനും പ്രഥമ കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം വേദിയാകും. രാഷ്ട്രീയ, കലാ, സാംസ്‌കാരിക, സാഹിത്യ രംഗങ്ങളിലെ പ്രമുഖർ എഴുതിയ 16 പുസ്തകങ്ങളാണ് പുസ്തകോത്സവത്തിന്റെ ആദ്യ ദിനത്തിൽ പ്രകാശനം ചെയ്യുന്നത്. മന്ത്രി എം.ബി. രാജേഷ് എഴുതിയ ‘പരാജയപ്പെട്ട കമ്പോള ദൈവം’ എന്ന പുസ്തകം എസ്. രാമചന്ദ്രൻ പിള്ള, മാധ്യമ പ്രവർത്തകൻ എം.ജി. രാധാകൃഷ്ണന് നൽകി പ്രകാശനം ചെയ്യും. ഗവ. ചീഫ് വിപ്പ് എൻ. ജയരാജ് എഴുതിയ പുസ്തകമായ ‘സാമാജികൻ സാക്ഷി’ സ്പീക്കർ എ.എൻ. ഷംസീറാണ് പ്രകാശനം ചെയ്യുന്നത്.

ഡോ.എസ്. കൃഷ്ണൻ എഴുതിയ ‘മനോരോഗവും പൗരാവകാശങ്ങളും’, ഗോപിനാഥ് മുതുകാട് എഴുതിയ “മാജിക്കൽ മിസ്റ്റ് ഓഫ് മെമ്മറീസ്’ എന്നീ പുസ്തകങ്ങളും പ്രകാശനം ചെയ്യും. ഉമാ മഹേശ്വരിയുടെ ‘മതിലകം രേഖകൾ’ എന്ന പുസ്തകം പ്രകാശനം ചെയ്യുന്നത് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ് ആണ്. ടി.എൻ. പ്രതാപൻ എം.പി. രചിച്ച പുസ്തകമായ ‘കടലിലെ മാഷും കരയിലെ ടീച്ചറും’ സ്പീക്കർ എ.എൻ. ഷംസീർ പ്രകാശനം ചെയ്യുകയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പുസ്തകം സ്വീകരിക്കുകയും ചെയ്യും. എ.എം. ബഷീർ രചിച്ച ‘തെമിസ്,’ വിവേക് പാറാട്ടിന്റെ ‘ഒന്നുകളും പൂജ്യങ്ങളും’, എം.കെ. രാജൻ എഴുതിയ ‘ബിയാസ്’ എന്നീ പുസ്തകങ്ങളും പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യും. വി.സി. അബൂബക്കർ എഡിറ്റ് ചെയ്ത ‘എം.ടി.എം. അഹമ്മദ് കുരിക്കൾ’ എന്ന പുസ്തകം പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എയാണ് പ്രകാശനം ചെയ്യുക. എം.ഒ. രഘുനാഥ് എഡിറ്റ് ചെയ്ത ‘ദേശാന്തര മലയാള കഥകൾ’ എന്ന പുസ്തകം സ്പീക്കർ എ.എൻ. ഷംസീർ പ്രകാശനം ചെയ്യുമ്പോൾ പുസ്തകം സ്വീകരിക്കുന്നത് പ്രശസ്ത സാഹിത്യകാരൻ ബെന്യാമിനാണ്.

കമർബാനു വലിയകത്ത് എഴുതിയ ‘ഗുൽമോഹറിതളുകൾ’, ‘പ്രണയഭാഷ’ എന്നീ പുസ്തകങ്ങളും മേളയിൽ പ്രകാശനം ചെയ്യും. ടി.വി. അബ്ദുറഹിമാൻ കുട്ടി എഴുതിയ ‘പൊന്നാനി താലൂക്ക് മുസ്ലിം ലീഗ്/വിപിസി തങ്ങൾ’ എന്ന പുസ്തകവും ഷിബു ആർ., അയ്യപ്പദാസ് പി.എസ്., നെൽസൺ ജെ എളൂക്കുന്നേൽ എന്നിവർ ചേർന്നെഴുതിയ ‘കേരള നിയമസഭാ ചോദ്യം ഉത്തരം’, സായിദ് അഷറഫ് , അബ്ദുൾ ബാരി സി എന്നിവർ ചേർന്ന് എഡിറ്റ് ചെയ്ത ‘ഇമാജിൻഡ് നാഷണലിസം’ എന്നീ പുസ്തകങ്ങളും പ്രകാശനം ചെയ്യും. ജനുവരി 9 മുതൽ 15 വരെ നിയമസഭ അങ്കണത്തിലാണ് പുസ്തകോത്സവം നടക്കുന്നത്. ഈ ദിവസങ്ങളിൽ രാവിലെ 9 മുതൽ രാത്രി 9 വരെ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും.

NO COMMENTS