കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ എംബിബിഎസ് പ്രവേശനം റദ്ദാക്കണം : ജയിംസ് കമ്മിറ്റി

270

കൊച്ചി• കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെ ഈ അധ്യയന വര്‍ഷത്തെ എംബിബിഎസ് പ്രവേശനം റദ്ദുചെയ്യണമെന്നു പ്രവേശന മേല്‍നോട്ടസമിതി ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. ജസ്റ്റിസ് ജെ.എം.ജയിംസ് ഹൈക്കോടതിക്ക് ഇതു സംബന്ധിച്ച റിപ്പോര്‍ട്ടു നല്‍കി. റാങ്ക് ലിസ്റ്റിലും പ്രവേശനത്തിലും വ്യാപകമായ ക്രമക്കേടുകളാണ് ഉണ്ടായിട്ടുള്ളതെന്നു റിപ്പോര്‍ട്ട് പറയുന്നു. ഈ മാസം ഏഴാം തീയതി കോടതി നിര്‍ദ്ദേശ പ്രകാരം നടന്ന സ്പോട്ട് പ്രവേശനത്തിനു കണ്ണൂര്‍ മെഡിക്കല്‍ കോളജിന്റെ പ്രതിനിധികളെന്ന് അവകാശപ്പെട്ട് എത്തിവരുടെ പക്കല്‍ അവര്‍ ആരെന്നു തെളിയിക്കുന്ന രേഖകള്‍ ഉണ്ടായിരുന്നില്ല. രേഖകള്‍ ഹാജരാക്കാന്‍ പറഞ്ഞതും പ്രവേശന നടപടികള്‍ നടക്കുന്ന ഹാളില്‍നിന്ന് അവര്‍ ഇറങ്ങിപ്പോയി.

പതിന്നൊര മണിയോടെ എത്തിയവര്‍ പന്ത്രണ്ടിനുതന്നെ സ്ഥലം വിട്ടെന്നും ജയിംസ് കമ്മറ്റി ഹൈക്കോടതിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കോളജ് നല്‍കിയ രേഖകളില്‍ ഗുരുതര ക്രമക്കേടുകള്‍ ഉണ്ട്. മെറിറ്റ് ലിസ്റ്റില്‍ കുട്ടികളുടെ റോള്‍ നമ്ബരോ നീറ്റ് റാങ്കോ രേഖപ്പെടുത്തിയിട്ടില്ല. പല അപേക്ഷകരുടെയും പേരു രണ്ട് തവണ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവരുടെ റാങ്ക് നിലയും തെറ്റായാണു രേഖപ്പെടുത്തിയിട്ടുള്ളത്. എല്ലാ രേഖകളും പ്രവേശന പരീക്ഷാ കമ്മിഷണര്‍‍ക്കു കൈമാറണമെന്ന കോടതി നിര്‍ദ്ദേശം കോളജ് കാറ്റില്‍ പറത്തിയെന്നും റിപ്പോര്‍‍ട്ട് പറയുന്നു.അതിനാല്‍ മെറിറ്റ് അടിസ്ഥാനമാക്കിയുള്ള പ്രവേശനം നടത്തനായില്ല. ഇക്കാര്യങ്ങള്‍ പരിഗണിച്ചു കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ ഈ വര്‍ഷത്തെ എംബിബിഎസ് പ്രവേശനം റദ്ദുചെയ്യണം. നീറ്റ് റാങ്കിനെ അടിസ്ഥാനമാക്കി പുതിയ ലിസ്റ്റിനു രൂപം നല്‍കി പ്രവേശനം നടത്തണമെന്നും റിപ്പോര്‍ട്ട് പറയുന്നു. കരുണ മെഡിക്കല്‍ കോളജില്‍ 100 സീറ്റിലും കോടതി നിര്‍ദ്ദേശ പ്രകാരം മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നടത്തിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

NO COMMENTS

LEAVE A REPLY