സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇന്നു മാനേജ്മെന്‍റ് അസോസിയേഷനുമായി ചര്‍ച്ച നടത്തും

197

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇന്നു മാനേജ്മെന്‍റ് അസോസിയേഷനുമായി ചര്‍ച്ച നടത്തും.
സ്വാശ്രയ കോളജുകളിലെ മുഴുവന്‍ സീറ്റുകളും ഏറ്റെടുത്ത സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി ഉപാധികളോടെ സ്റ്റേ ചെയ്ത പശ്ചാത്തലത്തില്‍ തുടര്‍നടപടികള്‍ തീരുമാനിക്കാനാണ് ചര്‍ച്ച.
മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ഹൈക്കോടതി ഉത്തരവു വന്നിട്ടും ഈ വര്‍ഷത്തെ പ്രവേശന നടപടികളില്‍ വ്യക്തത വരാത്തത് വിദ്യാര്‍ഥികളേയും രക്ഷിതാക്കളേയും ഒരുപോലെ ആശങ്കയിലാക്കി.
ദേശീയ പ്രവേശന പരീക്ഷ(നീറ്റ്)യുടെ റാങ്ക് അടിസ്ഥാനത്തില്‍ സുതാര്യത ഉറപ്പാക്കി മാനേജ്മെന്‍റുകള്‍ക്ക് പ്രവേശനം നടത്താ മെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചത്.

ഈ സാഹചര്യത്തില്‍ ഇതില്‍ തീരുമാനം മാനേജ്മെന്‍റുകളുടേതാണ്.
കോടതിവിധിയുടെ അടിസ്ഥാനത്തില്‍ മാനേജ്മെന്‍റ് ക്വാട്ടയില്‍ മാനേജ്മെന്‍റുകള്‍ക്ക് പ്രവേശനം നടത്താം. എന്നാല്‍, മെറിറ്റ് സീറ്റുകളുടെ കാര്യത്തിലാണ് ആശയക്കുഴപ്പം തുടരുന്നത്. ഏതെല്ലാം കോളജുകള്‍ സര്‍ക്കാരുമായി ധാരണയിലെത്തി പകുതി സീറ്റ് വിട്ടുകൊടുക്കണം, മെറിറ്റ് സീറ്റിലെ ഫീസ് എത്രയായിരിക്കണം എന്നിവയെല്ലാം ഇന്നത്തെ ചര്‍ച്ചകളിലൂടെ തീരുമാനിക്കേണ്ടതാണ്.
സര്‍ക്കാരുമായുള്ള കൂടി ക്കാഴ്ചയില്‍ ഏകീകൃതഫീസ് വേണമെന്ന ആവശ്യം ശക്തമായിത്തന്നെ അസോസിയേഷന്‍ ഉന്നയിക്കും. ഈ വര്‍ഷം പകുതി സീറ്റ് സര്‍ക്കാരിന് നല്‍കാന്‍ മാനേജ്മെന്‍റുകള്‍ സമ്മതിച്ചാലും ഫീസ് നിശ്ചയിക്കുന്നത് തലവേദന സൃഷ്ടിക്കും.
മുന്‍വര്‍ഷത്തെപോലെ ഏറ്റവും പാവപ്പെട്ട വിദ്യാര്‍ഥികളെ കുറഞ്ഞ ഫീസില്‍ പ്രവേശനം നല്‍കാന്‍ മാനേജ്മെന്‍റുകള്‍ തയാറായില്ലെങ്കില്‍ ഇവരുടെ കാര്യം പരുങ്ങലിലാകും. സീറ്റിന്‍റേയും ഫീസിന്‍റേയും കാര്യത്തില്‍ സര്‍ക്കാരുമായി മാനേജ്മെന്‍റുകള്‍ ധാരണയിലെത്തുന്നില്ലെങ്കില്‍ പ്രവേശനമേല്‍നോട്ടസമിതിയായ ജെയിംസ് കമ്മിറ്റിയായിരിക്കും അവരുടെ ഫീസ് അംഗീകരിച്ച്‌ നല്‍കുക. ഓരോ മെഡിക്കല്‍ കോളജുകളുടേയും വരവും ചെലവും കണക്കാക്കിയാവും കമ്മിറ്റി ഫീസ് നിശ്ചയിക്കുന്നത്.

NO COMMENTS

LEAVE A REPLY