സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ പ്രവേശനം : പ്രശ്നപരിഹാരത്തിനു സാധ്യത തെളിഞ്ഞു

242

തിരുവനന്തപുരം• സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ പ്രവേശനം സംബന്ധിച്ചു മാനേജ്മെന്റുകളുമായി ആരോഗ്യ മന്ത്രി കെ.കെ.ശൈലജ നടത്തിയ മൂന്നാംവട്ട ചര്‍ച്ചയില്‍ ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്കു തയാറായതോടെ പ്രശ്നപരിഹാരത്തിനു സാധ്യത തെളിഞ്ഞു. ഇന്ന് ആറരയ്ക്കു മുഖ്യമന്ത്രി പിണറായി വിജയന്‍ മാനേജ്മെന്റുകളുമായി നടത്തുന്ന ചര്‍ച്ചയോടെ ഫീസ് സംബന്ധിച്ചു ധാരണയിലെത്തുമെന്നാണു പ്രതീക്ഷ. സര്‍ക്കാരിനു നല്‍കുന്ന 50% സീറ്റില്‍ 20 ശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഫീസിനു പഠിപ്പിക്കാമെന്നു മാനേജ്മെന്റുകള്‍ നേരത്തേതന്നെ സമ്മതിച്ചിരുന്നു. ശേഷിക്കുന്ന 30% സീറ്റിലെ ഫീസിനെ ചൊല്ലിയാണു മുഖ്യമായും അഭിപ്രായ ഭിന്നത തുടരുന്നത്.
ഈ സീറ്റില്‍ 10 മുതല്‍ 12.5 ലക്ഷം രൂപ വരെ ഫീസ് വേണമെന്നു തുടക്കത്തില്‍ ആവശ്യപ്പെട്ടിരുന്ന മെഡിക്കല്‍ മാനേജ്മെന്റുകള്‍, ഇന്നലെ നടന്ന ചര്‍ച്ചയില്‍ 4.4 ലക്ഷം രൂപയായി കുറയ്ക്കാന്‍ തയാറായി.

ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സിലിന്റെ നാലു മെഡിക്കല്‍ കോളജുകളിലെ ഫീസായ ഇത്രയുമെങ്കിലും തങ്ങള്‍ക്കു ലഭിക്കണമെന്ന് അവര്‍ വാദിച്ചു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ 1.85 ലക്ഷം രൂപ 2.5 ലക്ഷമായി വര്‍ധിപ്പിക്കാമെന്നാണു സര്‍ക്കാര്‍ അറിയിച്ചത്. ഇന്നു നടത്തുന്ന ചര്‍ച്ചയില്‍ സ്വീകാര്യമായ തുകയിലേക്കു രണ്ടു കൂട്ടരും വരുമെന്നാണു കരുതപ്പെടുന്നത്. ഡെന്റല്‍ കോളജുകളിലെ 30% സീറ്റില്‍ 3.3 ലക്ഷം രൂപ ചോദിച്ചിരുന്ന മാനേജ്മെന്റുകള്‍ മൂന്നു ലക്ഷം രൂപയായി കുറയ്ക്കാന്‍ തയാറായി.
എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ 1.75 ലക്ഷം രൂപ ഫീസ് 2.40 വരെ ഉയര്‍ത്താമെന്നും അതില്‍ കൂടുതല്‍ അനുവദിക്കാന്‍ നിവൃത്തിയില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇന്നു രണ്ടു കൂട്ടര്‍ക്കും സ്വീകാര്യമായ ഫീസില്‍ എത്താനാണു സാധ്യത. ഇന്നലെ മാനേജ്മെന്റുകളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും വി.വി.ദക്ഷിണാമൂര്‍ത്തിയുടെ മരണത്തെ തുടര്‍ന്ന് അദ്ദേഹത്തിന് അടിയന്തരമായി കോഴിക്കോട്ടേക്കു പോകേണ്ടിവന്നു. തുടര്‍ന്നു മന്ത്രി ശൈലജയെ ചുമതലപ്പെടുത്തുകയായിരുന്നു.
ചര്‍ച്ചയില്‍ ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനും പ്രവേശനപ്പരീക്ഷാ കമ്മിഷണര്‍ ബി.എസ്.മാവോജിയും പങ്കെടുത്തു.. അതേസമയം ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സിലിനു കീഴിലുള്ള നാലു മെഡിക്കല്‍ കോളജുകളിലെ മാനേജ്മെന്റ് സീറ്റിലേക്കുള്ള ആദ്യ അലോട്മെന്റ് ശനിയാഴ്ചയാണ്. സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്മെന്റ്സ് അസോസിയേഷനു കീഴിലുള്ള മെഡിക്കല്‍ കോളജുകള്‍ സ്വന്തം നിലയില്‍ ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചതിനെ തുടര്‍ന്ന് ഒട്ടേറെ അപേക്ഷ ലഭിച്ച സാഹചര്യത്തില്‍ അപേക്ഷ സ്വീകരിക്കുന്നത് അവസാനിപ്പിച്ചതായി മാനേജ്മെന്റുകള്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY