കേരള നിര്‍മ്മിതി- കാസര്‍കോട് ജില്ലയിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ പ്രദര്‍ശനവും ബോധവത്കരണ പരിപാടിയും

95

കാസര്‍കോട് നുള്ളിപ്പാടിയില്‍ നടക്കുന്ന കേരള നിര്‍മ്മിതി പ്രദര്‍ശന ബോധവത്കരണ പരിപാടിയിലെ പ്രധാന ആകര്‍ഷണമാണ് ബില്‍ഡിങ് ഇന്‍ഫര്‍മേഷന്‍ മോഡലിങ് . ബി. ഐ.എം ഒരുക്കുന്നത് ദൃശ്യക്കാഴ്ചകളുടെ മായാ ലോകമാണിത്. യാഥാര്‍ത്ഥ്യമാകുന്നതിന് മുന്നേ തന്നെ കെട്ടിടങ്ങളുടെ അകവും പുറവും ഒരു പോലെ യഥാര്‍ത്ഥ വലിപ്പത്തില്‍ വെര്‍ച്ച്വല്‍ റിയാലിറ്റി സങ്കേതിക വിദ്യയിലൂടെ കാണാന്‍ കഴിയുന്ന ബി. ഐ.എം സ്റ്റാളുകള്‍ മേളയില്‍ സജീവമാണ്.

ഇന്ത്യയില്‍ തന്നെ ആദ്യമായി കേരളത്തില്‍ കിഫ് ബിയാണ് ഈ സാങ്കേതിക വിദ്യ നിര്‍മ്മാണ മേഖലയില്‍ ഉപയോഗി ക്കുന്നത്. കിഫ്ബി പ്രദര്‍ശന മേളയിലെ ബി. ഐ.എം സ്റ്റാളിലെത്തിയാല്‍ കെട്ടിടങ്ങളുടെ ത്രിമാന രൂപങ്ങളുടെ ചലന ദൃശ്യങ്ങള്‍ കണ്‍കുളിര്‍ക്കെ കാണാം. 21 കിഫ്ബി പദ്ധതികളുടെ വീഡിയോകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇതില്‍ ജില്ലയിലെ സുബ്രഹ്മണ്യന്‍ തിരുമുന്‍പ് കള്‍ച്ചറല്‍ കോംപ്ലക്‌സ്, എം.ആര്‍.സി കൃഷ്ണന്‍ മെമ്മോറിയല്‍ ഇന്‍ഡോര്‍ സ്റ്റേഡിയം തൃക്കരിപ്പൂര്‍ എന്നിവ യാഥാര്‍ത്ഥ്യമായാല്‍ എങ്ങനെയിരിക്കും എന്ന് ത്രിമാന ചലന ചിത്രങ്ങളിലൂടെ കാണാം.

എഞ്ചിനീയറിങ് വിദഗ്ധര്‍ അവരുടെ തൊഴില്‍ ആവശ്യങ്ങള്‍ക്കായി ഉപയോാഗിച്ചിരുന്ന ബില്‍ഡിങ് ഇന്‍ഫര്‍മേഷന്‍ മോഡലിങ് സാങ്കേതിക വിദ്യ പൊതു ജനങ്ങള്‍ക്ക് മുന്നിലേക്ക് എത്തിക്കുകയാണ് കിഫ്ബി.

പുനര്‍ജ്ജനി; പ്ലാസ്റ്റിക് ബദല്‍ ഉത്പന്നങ്ങളുമായി കുടുംബശ്രീയും

പ്ലാസ്റ്റിക്ക് നിരോധിത സാഹചര്യത്തില്‍ ബദല്‍ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വിതരണവുമായി ജില്ലാ കുംബശ്രീ മിഷനും കേരള നിര്‍മ്മി പ്രദര്‍ശനമേളയില്‍ സജീവമാണ്. കൊറഗ കുടുംബങ്ങളിലെ വനിതകളുമായി ചേര്‍ന്ന് കുടുംബശ്രീ നിര്‍മ്മിക്കുന്ന പ്ലാസ്റ്റിക്ക് ബദല്‍ കുട്ടകളും ഗാര്‍ഹിക ഉപകരണങ്ങളും അലങ്കാര വസ്തുക്കളും ഇവിടെ വില്‍പനയ്ക്കുണ്ട്. ജില്ലയിലെ 560 കൊറഗ കുടുംബങ്ങളിലെ 268 കുടുംബങ്ങളിലെ വനിതകള്‍ ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ്. സര്‍ക്കാറിന്റെ വിവിധ പരിപാടികളിലായി കൊറഗ ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാരെറെയാണ്.

പ്ലാസ്റ്റിക് കവറുകളില്‍ പൂച്ചെടികള്‍ നട്ടുപിടിപ്പിക്കുന്ന രീതിയോട് ഗുഡ് ബൈ പറയാന്‍ പഠിപ്പിക്കുകയാണ് ഈ സ്റ്റാള്‍. കവുങ്ങിന്‍ പാളകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച പരിസ്ഥിതി സൗഹൃദ ഗ്രോബാഗുകള്‍ ഉപയോഗിക്കാന്‍ ഈ സ്റ്റാള്‍ പഠിപ്പിക്കും. തുണി സഞ്ചികള്‍, പാള പ്ലേറ്റുകള്‍, ബഡ്‌സ് സ്‌കൂളിലെ കുഞ്ഞുങ്ങളുടെ അമ്മമാര്‍ നിര്‍മ്മിക്കുന്ന വിത്ത് പേനകള്‍, തുണി ബാഗുകള്‍ തുടങ്ങി നിരവധി പ്ലാസ്റ്റിക്ക് ബദല്‍ ഉത്പന്നങ്ങളാണ് പുനര്‍ജ്ജനി എന്ന ബാനറില്‍ ഒരുക്കിയിരിക്കുന്നത്

NO COMMENTS