തിരുവനന്തപുരം : കേരളം ഇ-വാഹനങ്ങളുടെ നാടായി മാറാൻ പോകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിന്റെ നീം-ജി ഇലക്ട്രിക് ഓട്ടോറിക്ഷയുടെ വ്യാവസായിക അടിസ്ഥാനത്തിലുള്ള നിർമാണോദ്ഘാടനം നിർവഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇലക്ട്രിക് വാഹനങ്ങൾ നല്ലരീതിയിൽ സംസ്ഥാനത്ത് അഭിവൃദ്ധിപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. മാറ്റങ്ങൾ സ്വീകരിക്കുന്ന ജനങ്ങളാണ് നമ്മുടെ പ്രത്യേകത. വിപുലമായ രീതിയിൽ ചാർജിംഗ് സ്റ്റേഷനുകളും ഉണ്ടാക്കാനാണ് ആലോചിക്കുന്നത്. ഇതിന്റെ തുടക്കമായി സെക്രട്ടേറിയറ്റിൽ ചാർജിംഗ് സ്റ്റേഷൻ ആരംഭിച്ചിട്ടുണ്ട്. ഓട്ടോകൾ മാത്രമല്ല, ഇ-കാറുകളും നമ്മുടെ നിരത്തുകളിൽ വന്നുതുടങ്ങിയിട്ടുണ്ട്.നാം മനസുവെച്ചാൽ നമ്മുടെ തെരുവുകളിലാകെ ഇ-ഓട്ടോകൾ ഓടുന്ന സ്ഥിതിയുണ്ടാക്കാനാകും.
പരിസ്ഥിതി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനാവുമെന്നതാണ് പ്രത്യേകത. ഇന്ധനവില വർധനയുടെ കാലത്ത് ഇ-വാഹനങ്ങൾ ആശ്വാസമാണ്. വിപ്ലവകരമായ മുന്നേറ്റത്തിനാണ് കേരള ഓട്ടോമൊബൈൽസ് തുടക്കം കുറിച്ചിരിക്കുന്നത്. ഒരു പൊതുമേഖലാ സ്ഥാപനം ആദ്യമായി ഇ-വാഹനരംഗത്തേക്ക് കടന്നുവന്ന് ദേശീയതലത്തിൽതന്നെ യശസ്സ് ഉയർത്തിയിരിക്കുകയാണ്. ഐ.എസ്.ആർ.ഒ അടക്കമുള്ള സ്ഥാപനങ്ങൾ കേരള ഓട്ടോമൊബൈൽസിന് ഓർഡറുകൾ നൽകാൻ സന്നദ്ധമാകുന്നത് സ്ഥാപനത്തിന്റെ അഭിവൃദ്ധിക്ക് വഴിവെക്കും. അതിദയനീയ സാഹചര്യത്തിലായിരുന്ന സ്ഥാപനം മൂന്നുവർഷം കൊണ്ട് അഭിമാനകരമായാണ് ഉയർത്തെഴുന്നേറ്റതെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാപനത്തിലെ ആധുനിക മെഷീൻ ഷോപ്പിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.
ഇ-വാഹനങ്ങൾ നിർമിച്ച് പഴയപ്രതാപത്തിലേക്ക് കേരള ഓട്ടോമൊബൈൽസ് തിരിച്ചുവരികയാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വ്യവസായമന്ത്രി ഇ.പി. ജയരാജൻ അഭിപ്രായപ്പെട്ടു. ചെറിയ വാഹനങ്ങൾ നിർമിച്ചു വലിയ വാഹനങ്ങളിലേക്ക് സ്ഥാപനം വിപുലീകരിക്കാൻ ആലോചനയുണ്ട്. ഐ.എസ്.ആർ.ഒ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് സ്പെയർ പാർട്സ് നിർമിക്കാനും ആധുനിക മെഷീനറിയുമായി കേരള ഓട്ടോമൊബൈൽസ് സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു.
ഭിന്നശേഷിക്കാർക്കുള്ള സൈഡ് വീൽ സ്കൂട്ടറിന്റെ വിതരണോദ്ഘാടനം സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. എം.എൽ.എമാരായ കെ. ആൻസലൻ, സി.കെ. ഹരീന്ദ്രൻ, നെയ്യാറ്റിൻകര മുനിസിപ്പൽ ചെയർപേഴ്സൺ ഡബ്ളിയു.ആർ. ഹീബ, ആസൂത്രണബോർഡ് അംഗം ഡോ. കെ. രവിരാമൻ, കെ.എ.എൽ ഡയറക്ടർ പ്രദീപ് ദിവാകരൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കരദാസ്, വികലാംഗക്ഷേ കോർപറേഷൻ ചെയർമാൻ പരശുവയ്ക്കൽ മോഹനൻ, എം. ശ്രീകണ്ഠൻ നായർ, ജി. മാഹീൻ അബൂബേക്കർ, ഡോ. ഗോപകുമാർ തുടങ്ങിയവർ സംബന്ധിച്ചു. കേരള ഓട്ടോമൊബൈൽസ് എം.ഡി എ. ഷാജഹാൻ റിപ്പോർട്ട് അവതരിപ്പിച്ചു. കേരള ഓട്ടോമൊബൈൽസ് ചെയർമാൻ കരമന ഹരി സ്വാഗതവും ഡയറക്ടർ സി. സത്യചന്ദ്രൻ നന്ദിയും പറഞ്ഞു.