സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ പൊലീസിന്‍റെ ജാഗ്രതാനിര്‍ദ്ദേശം

273

തിരുവനന്തപുരം: സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ പൊലീസിന്‍റെ ജാഗ്രതാനിര്‍ദ്ദേശം. വാട്സ്‌ആപ്പ്, ഫെയ്സ്ബുക്ക് തുടങ്ങിയ നവമാധ്യമങ്ങളിലൂടെ ബന്ധം സ്ഥാപിച്ച്‌ വ്യക്തിഗത വിവരങ്ങള്‍ മനസിലാക്കി നടത്തുന്ന തട്ടിപ്പുകള്‍ക്കെതിരെയാണ് മുന്നറിയിപ്പ്. വിദേശത്ത് താമസിക്കുന്ന തങ്ങള്‍ അനന്തരാവകാശികളില്ലാത്തവരാണെന്നും, അനധികൃതമായി പണം സൂക്ഷിക്കുന്നവരാണെന്നും സ്നേഹസൂചകമായി സമ്മാനങ്ങളും ഗിഫ്റ്റ് വൗച്ചറുകളും അയയ്ക്കുകയാണെന്നുമൊക്കെ ധരിപ്പിച്ചാണ് തട്ടിപ്പുകള്‍. ഇത്തരം സന്ദേശങ്ങള്‍ അയച്ചശേഷം സമ്മാനങ്ങള്‍ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ടെന്ന് അറിയിക്കും. പിന്നീട് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍, എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന ഫോണ്‍ ചെയ്ത് സമ്മാനം കിട്ടാന്‍ വന്‍തുക പിഴയടയ്ക്കണമെന്ന് ആവശ്യപ്പെടും. പണം നിക്ഷേപിക്കേണ്ട അക്കൗണ്ട് വിവരങ്ങളും നല്‍കും. അനധികൃതമായി രാജ്യത്ത് തങ്ങുന്ന നൈജീരിയക്കാര്‍ ഉത്തരേന്ത്യന്‍ കുറ്റവാളികളുമായി ചേര്‍ന്ന് വ്യാജവിലാസത്തില്‍ ബാങ്ക് അക്കൗണ്ട് തുറന്നാണ് പണം തട്ടിയെടുക്കുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

വിജനമായ സ്ഥലങ്ങളിലെ എ.ടി.എമ്മുകള്‍ക്കടുത്ത് കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ സ്കിമ്മറുകള്‍ വയ്ക്കാനുള്ള സാദ്ധ്യതയേറെയാണെന്നും മുന്നറിയിപ്പുണ്ട്. കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തി വ്യാജകാര്‍ഡുണ്ടാക്കി പണം തട്ടുകയാണ് രീതി. ബാങ്ക് ഉദ്യോഗസ്ഥനെന്ന വ്യാജേന ഉപഭോക്താക്കളെ വിളിച്ച്‌ പിന്‍നമ്ബരും ‘വണ്‍ടൈം പാസ്വേഡും’ കൈക്കലാക്കിയുള്ള തട്ടിപ്പും വര്‍ദ്ധിക്കുകയാണെന്നും ഇക്കാര്യങ്ങളിലെല്ലാം ജാഗ്രത പാലിക്കണമെന്നുമാണ് നിര്‍ദ്ദേശം.

NO COMMENTS