കേരളത്തെ സുരക്ഷിത വിനോദസഞ്ചാര മേഖലയാക്കിമാറ്റാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. വയനാട് വൈത്തിരിയിൽ സമ്പൂർണ വാക്‌സിനേഷൻ പൂർത്തിയായി.
സമ്പൂർണ വാക്‌സിനേഷൻ പ്രവർത്തനമാരംഭിച്ച സംസ്ഥാനത്തെ ആദ്യത്തെ ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ് വൈത്തിരി. ഗ്രാമപഞ്ചായത്തിലെ 14 വാർഡുകളിലായി 4837 പേർക്കാണ് ആദ്യഡോസ് വാക്‌സിൻ നൽകിയത്. ഹോട്ടൽ, റിസോർട്ട്, ഹോംസ്റ്റെ, സർവീസ്ഡ് വില്ല ജീവനക്കാർ, ഓട്ടോ തൊഴിലാളികൾ, ടാക്‌സി ഡ്രൈവർമാർ, ടൂറിസ്റ്റ് ഗൈഡുകൾ, പോർട്ടർമാർ, കച്ചവടക്കാർ തുടങ്ങി ടൂറിസം മേഖലയുമായി ബന്ധപ്പെടുന്ന എല്ലാവർക്കും വാക്‌സിൻ നൽകി.
ടൂറിസം അതിജീവന പദ്ധതിയുടെ ഭാഗമായാണ് ആരോഗ്യ വകുപ്പുമായി ചേർന്ന് വിനോദസഞ്ചാര മേഖലകളിൽ സമ്പൂർണ്ണ വാക്‌സിനേഷൻ പ്രവർത്തനം നടത്തുന്നത്. സംസ്ഥാനത്തെ മുഴുവൻ ഡെസ്റ്റിനേഷനുകളും പൂർണമായി വാക്‌സിനേറ്റ് ചെയ്യും.
കോവിഡ് വ്യാപനം ഏറ്റവുമധികം ദോഷകരമായി ബാധിച്ച മേഖലയാണ് ടൂറിസമെന്നും സമ്പൂർണ വാക്‌സിനേഷനിലൂടെ സഞ്ചാരികളെ ആകർഷിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വൈത്തിരിയിൽ ഒരാഴ്ച കൊണ്ടാണ് സമ്പൂർണ വാക്‌സിനേഷൻ നടപ്പിലാക്കിയത്. ഇക്കാര്യത്തിൽ മുൻകയ്യെടുത്ത ആരോഗ്യവകുപ്പ് മന്ത്രിയെയും ആരോഗ്യപ്രവർത്തകരെയും പ്രത്യേകം അഭിനന്ദിച്ചു.
അടുത്തതായി വയനാട് മേപ്പാടിയിലും തുടർന്ന് മൂന്നാർ, തേക്കടി, ഫോർട്ട് കൊച്ചി, കുമരകം, കോവളം, വർക്കല തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളെയും സുരക്ഷിത ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സന്നദ്ധ സംഘടനയായ ഡോക്ടേഴ്‌സ് ഫോർ യൂ വിന്റെ കൂടി സഹകരണത്തോടെയാണ് വൈത്തിരിയിൽ സമ്പൂർണ വാക്‌സിനേഷൻ യജ്ഞം നടപ്പിലാക്കിയത്. മൂന്ന് മൊബൈൽ വാക്‌സിനേഷൻ യൂണിറ്റുകളാണ് ഡോക്ടേഴ്‌സ് ഫോർ യൂ അനുവദിച്ചത്. വയനാട് ജില്ലയിലെ മറ്റ് കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ നടത്തുന്നതിനും ഈ മൊബൈൽ യൂണിറ്റുകളുടെ സേവനം ലഭിക്കും.
പൾസ് എമർജൻസി ടീം കേരളയുടെ സന്നദ്ധ പ്രവർത്തകരും സേവന രംഗത്തുണ്ട്. വാക്‌സിനേഷൻ യജ്ഞത്തിൽ പങ്കെടുക്കുന്ന മുഴുവൻ ജീവനക്കാർക്കും വളണ്ടിയർമാർക്കും വയനാട് ടൂറിസം ഓർഗനൈസേഷൻ (ഡബ്ല്യു.ടി.ഒ) സൗജന്യ ഉച്ച ഭക്ഷണം നൽകിയിരുന്നു.
കൂട്ടായ പ്രവർത്തനത്തിലൂടെ വൈത്തിരിയെ സുരക്ഷിത വിനോദസഞ്ചാര മേഖലയാക്കിയ എല്ലാവരെയും മന്ത്രി മുഹമ്മദ് റിയാസ് പ്രത്യേകം അഭിനന്ദിച്ചു.