അത്യാഹിത ചികിത്സയിൽ സ്പെഷ്യാലിറ്റിയുമായി കേരളം

20

അപകടത്തിൽപ്പെട്ടോ മറ്റ് അസുഖങ്ങൾ ബാധിച്ചോ വരുന്നവർക്ക് അടിയന്തിര വിദഗ്ധ ചികിത്സ ലഭ്യമാക്കാനായി ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച എമർജൻസി മെഡിസിൻ വിഭാഗത്തിന് കരുത്തേകി എമർജൻസി മെഡിസിൻ പിജി കോഴ്സിന് അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മൂന്ന് എമർജൻസി മെഡിസിൻ പിജി സീറ്റുകൾക്കാണ് നാഷണൽ മെഡിക്കൽ കമ്മീഷൻ അനുമതി നൽകിയത്.

സംസ്ഥാനത്തെ ആശുപത്രികളിൽ അത്യാഹിത വിഭാഗ ചികിത്സയ്ക്കായി വലിയ സൗകര്യങ്ങളാണ് സർക്കാർ ഒരുക്കി വരുന്നത്. സൗകര്യങ്ങൾ കൂടുന്നതോടൊപ്പം ഈ വിഷയത്തിൽ വിദഗ്ധ സ്പെഷ്യാലിറ്റി ഡോക്ടർമാരെയും സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്. എമർജൻസി മെഡിസിൻ പിജി കോഴ്സ് ഈ വർഷം തന്നെ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മറ്റ് പ്രധാന മെഡിക്കൽ കോളേജുകളിലും എമർജൻസി മെഡിസിൻ കോഴ്സിനുള്ള അനുമതി ലഭിക്കാൻ ശ്രമിക്കുന്നതാണ്. ഇതിലൂടെ കൂടുതൽ എമർജൻസി ഡോക്ടർമാരെ സൃഷ്ടിക്കാനും ഭാവിയിൽ കേരളത്തിലാകെ അത്യാഹിത വിഭാഗ ചികിത്സയിൽ പ്രയോജനപ്പെടു ത്താനും സാധിക്കുന്നതാണ്. ഈ സർക്കാർ വന്ന ശേഷം കുറഞ്ഞ നാൾകൊണ്ട് 18 സ്പെഷ്യാലിറ്റി സീറ്റുകൾക്കും 9 സൂപ്പർ സ്പെഷ്യാലിറ്റി സീറ്റുകൾക്കും അനുമതി നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.

സമഗ്ര ട്രോമ കെയറിന്റെ ഭാഗമായി പ്രധാന മെഡിക്കൽ കോളേജുകളിൽ എമർജൻസി മെഡിസിൻ വിഭാഗം ആരംഭിച്ചിട്ടുണ്ട്. അത്യാഹിത വിഭാഗത്തിൽ മെഡിസിൻ, സർജറി, ഓർത്തോപീഡിക്സ് തുടങ്ങിയ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചാണ് എമർജൻസി മെഡിസിൻ വിഭാഗം ആരംഭിച്ചത്. ഈ വിഭാഗത്തിനായി 108 തസ്തികകൾ സൃഷ്ടിക്കുകയും ചെയ്തു.

മികച്ച ട്രയേജ് സംവിധാനം, രോഗ തീവ്രതയനുസരിച്ച് രോഗികൾക്ക് അടിയന്തര പരിചരണം ഉറപ്പാക്കാൻ പച്ച, മഞ്ഞ, ചുവപ്പ് മേഖലകൾ എന്നിവയെല്ലാം എമർജൻസി മെഡിസിൻ വിഭാഗത്തിന്റെ പ്രത്യേകതയാണ്. ഓപ്പറേഷൻ തീയറ്ററുകൾ, തീവ്ര പരിചരണ വിഭാഗങ്ങൾ, സ്‌കാനിംഗ് തുടങ്ങി വിവിധ പരിശോധനാ സംവിധാനങ്ങൾ ഒരൊറ്റ കുടക്കീഴിൽ ഏകോപിപ്പിച്ചുണ്ട്.

ഒരാൾ അപകടത്തിൽപ്പെട്ടാൽ ഗോൾഡൻ അവറിനുള്ളിൽ അദ്ദേഹത്തെ രക്ഷിക്കുക എന്നത് വളരെ പ്രധാനമാണ്. അതിന് വിദഗ്ധ പരിശീലനം ആവശ്യമാണ്. ഇത് മുന്നിൽ കണ്ട് സംസ്ഥാന സർക്കാർ ആരോഗ്യ പ്രവർത്തകരെ പരിശീലിപ്പിക്കുന്നതിനായി തിരുവനന്തപുരത്ത് ഒരു അപെക്സ് ട്രോമ & എമർജൻസി ലേണിംഗ് സെന്റർ (എ.ടി.ഇ.എൽ.സി.) ആരംഭിച്ചിട്ടുണ്ട്. ഇതിനോടകം നിരവധി ആരോഗ്യ പ്രവർത്തകർക്ക് ഈ സെന്റർ വഴി വിദഗ്ധ പരിശീലനം നൽകുകയും അവർ വിവിധ ആശുപത്രികളിൽ സേവനമനുഷ്ഠിക്കുകയും ചെയ്യുന്നുണ്ട്.

ഡോക്ടർമാർ, നഴ്സുമാർ, പാരാ മെഡിക്കൽ ജീവനക്കാർ തുടങ്ങിയവർക്കായി വിവിധതരം എമർജൻസി & ട്രോമ അനുബന്ധ കോഴ്സുകളാണ് ഈ സെന്ററിൽ നടത്തി വരുന്നത്.

NO COMMENTS