സ്‌കൂള്‍ കുട്ടികളിലെ വര്‍ധിച്ച പുകയില ഉപയോഗം; യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടി വേണമെന്ന് വിദഗ്ധര്‍

231

തിരുവനന്തപുരം: കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ പുകയില ഉപയോഗം വ്യാപകമാകുന്നതായും ഇത് ആരോഗ്യസുരക്ഷാരംഗത്ത് വലിയ വെല്ലുവിളിയുയര്‍ത്തുന്നതായും ചൂണ്ടിക്കാട്ടി വിദഗ്ധര്‍ രംഗത്ത്.

കണ്ണൂര്‍ മെഡിക്കല്‍ കോളജിന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തില്‍ 70 ശതമാനം ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളും പതിനഞ്ചാം വയസ്സില്‍ത്തന്നെ പുകയില ഉപയോഗം തുടങ്ങുന്നതായി കണ്ടെത്തിയിരുന്നു. തിരുവനന്തപുരം റീജിയനല്‍ കാന്‍സര്‍ സെന്റര്‍ നടത്തിയ പഠനത്തില്‍ സ്‌കൂള്‍ പരിസരങ്ങളില്‍ വ്യാപകമായ പുകയില വില്‍പ്പന നടക്കുന്നതായും കണ്ടെത്തി.
വര്‍ധിച്ച പുകയില ഉപയോഗത്തിന്റെ ഗുരുതരാവസ്ഥ ബോധ്യപ്പെടുത്തുന്ന വിശ്വാസ്യതയുള്ള പഠനങ്ങളാണിതെന്നും പുകയില ഉപയോഗം വര്‍ധിക്കുന്നതു തടയാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നാണ് ഇവ വ്യക്തമാക്കുന്നതെന്നും സംസ്ഥാന ബാലാവകാശ കമ്മിഷന്‍ അധ്യക്ഷ ശ്രീമതി. ശോഭ കോശി പറഞ്ഞു.

താല്‍ക്കാലിക നടപടികള്‍ കൊണ്ടു കാര്യമില്ല. ഭാവിതലമുറയുടെ ആരോഗ്യവും ക്ഷേമവും ഉറപ്പുവരുത്തുന്നതിന് യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണാവശ്യം. സ്‌കൂള്‍ വളപ്പുകളില്‍ കര്‍ശനമായ നിയമം നടപ്പാക്കല്‍, അവലോകനങ്ങള്‍, ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവ ഗൗരവപൂര്‍വം നിര്‍വഹിക്കേണ്ടതുണ്ടെന്നും ശോഭ കോശി ചൂണ്ടിക്കാട്ടി.
ശിശുസംബന്ധമായി ആഗോള ജാഗ്രത പുലര്‍ത്തേണ്ട വിഷയമായാണ് ലോകാരോഗ്യ സംഘടന പുകയിലയെ വിശേഷിപ്പിക്കുന്നതെന്ന് ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ്, കേരള ഘടകത്തിന്റെ 2016-ലെ പ്രസിഡന്റും തിരുവനന്തപുരം മെഡിക്കല്‍ കോളജ് പീഡിയാട്രിക്‌സ് വകുപ്പ് മുന്‍മേധാവിയുമായ
ഡോ. കെ.ഇ. എലിസബത്ത് പറഞ്ഞു. പുകയിലയിലെ നിക്കോട്ടിന്‍ ഏറ്റവുമധികം ലഹരി അടിമത്തമുണ്ടാക്കുന്നതാണ്. ഒരിക്കല്‍ ഉപയോഗിച്ചു തുടങ്ങിയാല്‍ പിന്‍മാറാന്‍ പ്രയാസവുമാണ്.

അതുകൊണ്ടുതന്നെ ചെറുപ്പക്കാര്‍ ഇതിന്റെ ഉപയോഗം തുടങ്ങുന്നതു തടയേണ്ടതു പ്രധാനമാണെന്നും ഡോ. എലിസബത്ത് ചൂണ്ടിക്കാട്ടി.
പതിനഞ്ചിനും പതിനെട്ടിനുമിടയില്‍ പ്രായമുള്ള ആണ്‍കുട്ടികളില്‍ 19 ശതമാനം ഏതെങ്കിലുമൊരു രൂപത്തില്‍ പുകയില ഉപയോഗിക്കുന്നവരാണെന്നും 18.15 ശതമാനം പുകവലിക്കാരാണെന്നും കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസര്‍ ഡോ. സുശ്രുത് എ നീലോപന്ത്, റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിലെ ഡോ. ഡി. ശില്‍പ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പഠനത്തില്‍ വ്യക്തമായിരുന്നു. കണ്ണൂരിലെ പ്രീ-യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളിലെ പുകയില ഉപയോഗം-ഒരു സമഗ്ര പഠനം എന്ന പേരില്‍ ഓപണ്‍ ആക്‌സസ് ശാസ്ത്രമാസികയിലാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

കണ്ണൂര്‍ മെഡിക്കല്‍ കോളജിന്റെ നേതൃത്വത്തില്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളായ 336 ആണ്‍കുട്ടികളിലും 439 പെണ്‍കുട്ടികളിലുമായി നടന്ന പഠനത്തില്‍ 41 ശതമാനം കുട്ടികള്‍ക്കും പുകയില ഉല്‍പ്പന്നങ്ങള്‍ സ്‌കൂള്‍ പരിസരത്തുനിന്നും 27 ശതമാനത്തിനു കൂട്ടുകാരില്‍നിന്നുമാണ് കിട്ടുന്നതെന്നും കണ്ടെത്തിയിരുന്നു. പുകയില ഉല്‍പ്പന്നങ്ങള്‍ ലഭിക്കാന്‍ ഏറെ എളുപ്പമാണെന്നും പഠനവിധേയരായ വിദ്യാര്‍ഥികളില്‍ 79 ശതമാനവും അറിയിച്ചു.

റീജിയനല്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. പോള്‍ സെബാസ്റ്റ്യനും അസോസിയേറ്റ് പ്രഫസര്‍ ഡോ. ആര്‍. ജയകൃഷ്ണനും ചേര്‍ന്ന് തലസ്ഥാന ജില്ലയിലെ ഗ്രാമീണ മേഖലയിലെ സ്‌കൂളുകളില്‍ നടത്തിയ പഠനവും ഇതേ തരത്തിലുള്ള കണ്ടെത്തലുകളാണ് നടത്തിയത്.

പത്ത് സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ 1114 കുട്ടികളില്‍ നടത്തിയ പഠനത്തില്‍ 7.4 ശതമാനം കുട്ടികളും പഠനകാലയളവിലെ, അക്കാദമിക് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും പുകയില ഉപയോഗിച്ചവരായിരുന്നു. കേരളത്തിലെ ഗ്രാമീണ മേഖലയിലെ കൗമാര വിദ്യാര്‍ഥികളിലെ പുകയില-മദ്യ ഉപയോഗവും വിദ്യാലയ കേന്ദ്രീകൃത പുകയില വിരുദ്ധ ബോധവല്‍ക്കരണവും ഗ്രാഹ്യശേഷി വികാസവും എന്ന വിഷയത്തില്‍ നടത്തിയ പഠനത്തിന്റെ വിശദാംശങ്ങള്‍ ജേണല്‍ ഓഫ് അഡിക്ഷന്‍ എന്ന ആനുകാലികത്തിലാണ് പ്രസിദ്ധീകരിച്ചത്.

NO COMMENTS

LEAVE A REPLY