തിരുവനന്തപുരം: കേരള ടൂറിസത്തിന് രാജ്യാന്തതലത്തില്‍ അംഗീകാരത്തിന്റെ സുവര്‍ണ മുദ്ര. പ്രശസ്തമായ പസിഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്റെ(പാറ്റാ) രണ്ടു ഗോള്‍ഡ് അവാര്‍ഡുകള്‍ നേടിയാണ് കേരള ടൂറിസം മികവു കാട്ടിയത്. ജക്കാര്‍ത്തയിലെ ഇന്തൊനീഷ്യന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍, വെള്ളിയാഴ്ച പാറ്റാ വാര്‍ഷിക ട്രാവല്‍ മാര്‍ട്ടിന്റെ സമാപനദിനത്തില്‍ നടന്ന ചടങ്ങില്‍ ടൂറിസം ഡയറക്ടര്‍ ശ്രീ യു.വി. ജോസ് കേരളത്തിനായി പാറ്റാ സി ഇ ഓ മരിയ ഹാര്‍ഡി മക്കാവു ടൂറിസം ഓഫീസ് ഡയറക്ടര്‍ മരിയ ഹെലന എന്നിവരില്‍ നിന്ന് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.
വിസിറ്റ് കേരള പദ്ധതിയുടെ പ്രചാരണത്തിനായി നിര്‍മിച്ച ടെലിവിഷന്‍ പരസ്യ പരിപാടിയും കേരള ടൂറിസം ഇ-ന്യൂസ് ലെറ്ററുമാണ് കേരളത്തിന് സുവര്‍ണ നേട്ടം സമ്മാനിച്ചത്. ആഗോളതലത്തില്‍, 71 ടൂറിസം സംഘടനകളില്‍ നിന്നായി 212 എന്‍ട്രികളാണ് അവാര്‍ഡിനായി മല്‍സരിച്ചത്. പാറ്റ ട്രാവല്‍ മാര്‍ട്ടില്‍ കേരള ടൂറിസം പങ്കാളികളുമായിരുന്നു. ടൂര്‍ ഓപ്പറേറ്റര്‍മാരായ സ്‌പൈസ് ലാന്‍ഡ് ഹോളിഡേയ്‌സ്, കുറുപ്പത്ത് ഹെറിറ്റേജ്, കുമരകം ലേക്ക് റിസോര്‍ട്ട് എന്നിവരും കേരളത്തില്‍നിന്ന് ട്രാവല്‍മാര്‍ട്ടില്‍ പങ്കെടുത്തു.
കേരള ടൂറിസം പ്രചാരണ പരിപാടികള്‍ എപ്പോഴും രാജ്യാന്തര ശ്രദ്ധയും അംഗീകാരവും നേടാറുണ്ടെന്നും പാറ്റാ പുരസ്‌കാരങ്ങള്‍ കേരള ടൂറിസത്തെ ഒരിക്കല്‍ക്കൂടി ശ്രദ്ധാകേന്ദ്രമാക്കുമെന്നും പുരസ്‌കാര ലബ്ധിയെപ്പറ്റി ടൂറിസം മന്ത്രി ശ്രീ. എ.സി. മൊയ്തീന്‍ പറഞ്ഞു. ബീച്ചുകള്‍, പൈതൃകസമൃദ്ധി, വന്യജീവി സമ്പത്ത്, സുഖചികില്‍സ തുടങ്ങിയവയുള്‍പ്പെടുന്ന കേരള ടൂറിസം ഘടകങ്ങള്‍ക്ക് പുരസ്‌കാരനേട്ടത്തിലൂടെ കൂടുതല്‍ പ്രചാരം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്റെ ഫലപ്രദമായ മാര്‍ക്കറ്റിങ് നയങ്ങളുടെ സാക്ഷ്യപത്രമാണ് പാറ്റാ ഗോള്‍ഡ് അവാര്‍ഡുകളെന്നും നിസ്തുലമായ കേരള ബ്രാന്‍ഡിനും നമ്മുടെ ടൂറിസം ഉല്‍പ്പന്നങ്ങള്‍ക്കും ഇവയെ മുന്നോട്ടു നയിക്കുന്ന അണിയറ പ്രവര്‍ത്തനങ്ങള്‍ക്കും ലഭിച്ച അംഗീകാരം കൂടിയാണിതെന്നും ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വേണു വി. പറഞ്ഞു.
പ്രചാരണ പരിപാടികള്‍ വിജയം നേടിയത് കൂട്ടായ പരിശ്രമം കൊണ്ടാണെന്നു ചൂണ്ടിക്കാട്ടിയ ടൂറിസം ഡയറക്ടര്‍ ശ്രീ ജോസ് കേരളത്തിനായി അവാര്‍ഡ് ഏറ്റുവാങ്ങിയത് അഭിമാനകരമായ മുഹൂര്‍ത്തമായിരുന്നുവെന്നു പ്രതികരിച്ചു. നമ്മുടെ പദ്ധതികളും നയപരിപാടികളും ഉദ്ദേശിച്ച ഫലം നേടുന്നുവെന്ന് ഇതിലൂടെ വ്യക്തമാണെന്നും ശ്രീ ജോസ് പറഞ്ഞു.
തദ്ദേശ ടൂറിസ്റ്റുകളെ ലക്ഷ്യമാക്കിയുള്ള വിസിറ്റ് കേരള പദ്ധതിയുടെ ടെലിവിഷന്‍ പരസ്യങ്ങള്‍ തയാറാക്കുന്നത് കേരള ടൂറിസത്തിന്റെ ബ്രാന്‍ഡ് ഏജന്‍സി സ്റ്റാര്‍ക് കമ്മ്യൂണിക്കേഷന്‍സും ഇ-ന്യൂസ് ലെറ്ററുകള്‍ തയാറാക്കുന്നത് ഇന്‍വിസ് മള്‍ട്ടിമീഡിയയുമാണ്.
മാര്‍ക്കറ്റിംഗിനുള്ള പാറ്റാ ഗ്രാന്‍ഡ് അവാര്‍ഡും സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള വിപണനത്തിന് ഗോള്‍ഡ് അവാര്‍ഡും ഹോങ്കോങ് ടൂറിസം ബോര്‍ഡിനാണ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രാഥമിക ലക്ഷ്യസ്ഥാനങ്ങളുടെ വിപണനത്തിന് ഇന്തോനേഷ്യ ടൂറിസം മന്ത്രാലയവും ദ്വിതീയ ലക്ഷ്യസ്ഥാനങ്ങളുടെ വിപണനത്തിന് ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സും അച്ചടിമാധ്യമങ്ങളിലെ പരസ്യത്തിന് കൊറിയ ടൂറിസം ഓര്‍ഗനൈസേഷനും ഗോള്‍ഡ് അവാര്‍ഡുകള്‍ നേടി.