നോട്ട് പ്രതിസന്ധിയിലും നേട്ടവുമായി കേരള ടൂറിസം : വിനോദ സഞ്ചാരികളുടെ വരവില്‍ 5.71 ശതമാനം വളര്‍ച്ച

212

തിരുവനന്തപുരം : കറന്‍സി നിരോധനം സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം 5.71 ശതമാനം വര്‍ദ്ധനവ്. 2016-ല്‍ വിദേശവിനോദസഞ്ചാരികളുടെ വരവ് 6.23 ശതമാനവും ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവ് 5.67 ശതമാനവുമാണ് 2015-നെ അപേക്ഷിച്ച് വര്‍ദ്ധിച്ചത്.

കഴിഞ്ഞ വര്‍ഷം 1.42 (1,42,10,954) കോടി വിനോദസഞ്ചാരികള്‍ കേരളത്തിലെത്തിയതായി ടൂറിസം വകുപ്പിന്റെ കണക്കുകള്‍ പറയുന്നു. 2015ല്‍ ഇത് 1.34 കോടിയായിരുന്നു. 1.32 കോടി (1,31,72,535) ആഭ്യന്തര വിനോദസഞ്ചാരികളും 10.38 ലക്ഷം (10,38,419) വിദേശ വിനോദസഞ്ചാരികളും 2016-ല്‍ ദൈവത്തിന്റെ സ്വന്തം നാട് സന്ദര്‍ശിച്ചു.

സീസണ്‍ മാസമായി കണക്കാക്കപ്പെടുന്ന നവംബറില്‍ ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവിലാണ് നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം കാര്യമായ ഇടിവ് വരുത്തിയത്. 2015 നവംബറിനെ അപേക്ഷിച്ച് അര ശതമാനം കുറവ് ആഭ്യന്തര വിനോദസഞ്ചാരികളാണ് 2016 നവംബറില്‍ കേരളത്തിലെത്തിയത്. എട്ടു ശതമാനത്തോളം വര്‍ദ്ധനവ് പ്രതീക്ഷിക്കപ്പെട്ടിരുന്ന മാസത്തില്‍ ഇത് ഫലത്തില്‍ 8.5 ശതമാനത്തിന്റെ ഇടിവ് വരുത്തി. തുടര്‍ന്ന് ഡിസംബറില്‍ ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവ് കൂടിയെങ്കിലും ഈ വലിയ ഇടിവ് ആകെ എണ്ണത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്.

സീസണില്‍ പ്രഖ്യാപിക്കപ്പെട്ട നോട്ട് അസാധുവാക്കല്‍ നടപടി ഇല്ലായിരുന്നെങ്കില്‍ വിനോദ സഞ്ചാരികളുടെ വരവില്‍ കേരളം മികച്ച നേട്ടം കൈവരിക്കുമായിരുന്നുവെന്ന് ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ടൂറിസം മേഖലയില്‍ തിരിച്ചടിയുണ്ടായാല്‍ അത് സംസ്ഥാനത്തെ മൊത്തം ബാധിക്കും. വലിയ തിരിച്ചടിയില്ലാതെ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞത് സര്‍ക്കാരിന്റെയും ഈ രംഗത്തെ സ്വകാര്യ സംരംഭകരുടെയും ശ്രമം മൂലമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

കേരള ടൂറിസം സൃഷ്ടിച്ച മികച്ച ഉല്പന്നങ്ങളും വിപണന മാര്‍ഗങ്ങളുമാണ് പ്രതിസന്ധിക്കിടയിലും പിടിച്ചുനില്‍ക്കാന്‍ സംസ്ഥാനത്തെ സഹായിച്ചതെന്ന് ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വേണു വി പറഞ്ഞു. വരുംമാസങ്ങളില്‍ സ്ഥിതി മെച്ചപ്പെടുമെന്നാണ് സൂചനയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദേശ വിനോദസഞ്ചാരികളുടെ വരവിനെയും നവംബറിലെ പ്രഖ്യാപനം ബാധിച്ചിരുന്നുവെങ്കിലും വലിയ തോതിലെ കുറവ് സംഭവിച്ചിട്ടില്ല. 2016 ഒക്‌ടോബറില്‍ 8.45 ശതമാനവും ഡിസംബറില്‍ 8.01 ശതമാനവും 2015നെ അപേക്ഷിച്ച് വിദേശവിനോദസഞ്ചാരികളുടെ എണ്ണത്തില് വര്‍ദ്ധനവ് ഉണ്ടായപ്പോള്‍ നവംബറില്‍ 6.98 ശതമാനത്തിന്റെ മാത്രം വര്‍ദ്ധനവാണുണ്ടായത്. വിദേശവിനോദ സഞ്ചാരികളുടെ സന്ദര്‍ശനങ്ങള്‍ മിക്കതും വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ബുക്ക് ചെയ്യപ്പെടുന്നവയായതിനാല്‍, ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടായതുപോലെയുള്ള രൂക്ഷമായ കുറവ് നവംബറില്‍ സംഭവിച്ചില്ല.

നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം മൂലമുള്ള പ്രതിസന്ധി ഇല്ലായിരുന്നുവെങ്കില്‍ വിദേശവിനോദസഞ്ചരികളുടെ എണ്ണത്തില്‍ ഏഴു ശതമാനവും ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 6.5 ശതമാനവും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വര്‍ദ്ധനവ് ഉണ്ടാകുമായിരുന്നു എന്ന് കണക്കാക്കപ്പെട്ടിരുന്നതായി ടൂറിസം ഡയറക്ടര്‍ ശ്രീ. യു. വി. ജോസ് പറഞ്ഞു. പ്രതിസന്ധി ഉണ്ടായിരുന്നിട്ടും ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള രണ്ടാം അര്‍ദ്ധവര്‍ഷത്തിലെ വളര്‍ച്ചാനിരക്ക് മുന്‍വര്‍ഷത്തേക്കാള്‍ കൂടുതലാണ്. നോട്ട് പ്രതിസന്ധി ഇല്ലായിരുന്നെങ്കില്‍ ഈ കാലയളവില്‍ വിദേശവിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 8.5 ശതമാനത്തിലധികവും ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ 7.5 ശതമാനത്തിലധികവും വര്‍ദ്ധനവ് നേടാമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടൂറിസം വകുപ്പ് പുറത്തുവിട്ട താത്കാലിക കണക്കുകളാണിത്. വിശദമായ റിപ്പോര്‍ട്ട് ഏപ്രിലോടുകൂടി പുറത്തിറക്കുന്നതായിരിക്കും. കഴിഞ്ഞ വര്‍ഷം 2016-ല്‍ കേരളം സന്ദര്‍ശിച്ച വിനോദസഞ്ചാരികളുടെ എണ്ണം, ജില്ല (വിദേശം, ആഭ്യന്തരം) എന്ന നിലയില്‍ : ആലപ്പുഴ (78049, 315466), എറണാകുളം (407653, 3073159), ഇടുക്കി (50366, 752478), കണ്ണൂര്‍ (5264, 632332), കാസര്‍ഗോഡ് (1823, 282906), കൊല്ലം (8520, 298297), കോട്ടയം(49513, 477950), കോഴിക്കോട് (12649, 884477), മലപ്പുറം (19769, 471028), പാലക്കാട് (2385, 512271), പത്തനംതിട്ട (1620, 134466), തിരുവനന്തപുരം (383608, 2030384), തൃശൂര്‍ (10133, 2721174), വയനാട് (7067, 586146).

NO COMMENTS

LEAVE A REPLY