സംസ്ഥാനത്തെ ടൂറിസം മേഖലയുടെ വളർച്ചയ്ക്കായി എല്ലാവരിൽനിന്നുമുള്ള സഹകരണം വേണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

162

തിരുവനന്തപുരം : സംസ്ഥാനത്തെ ടൂറിസം മേഖലയുടെ വളർച്ചയ്ക്കായി എല്ലാവരിൽനിന്നുമുള്ള സഹകരണം വേണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അടിക്കടിയുണ്ടാകുന്ന ഹർത്താലുകൾ ടൂറിസം മേഖലയിൽ ചെറിയ പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കനകക്കുന്നിൽ വസന്തോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.സഞ്ചാരികൾക്കുവേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുക എന്നത് ടൂറിസം വികസനത്തിൽ പരമപ്രധാനമാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ടൂറിസ്റ്റുകൾക്ക് ഒരിടത്തും ബുദ്ധിമുട്ടുകളുണ്ടാകരുതെന്നാണ് നാം കണക്കാക്കുന്നത്. എന്നാൽ അടുത്തകാലത്തുണ്ടായ ചില പ്രശ്‌നങ്ങൾ, പ്രത്യേകിച്ച് അടിക്കടിയുണ്ടാകുന്ന ഹർത്താലുകൾ ചെറിയതോതിലുള്ള പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. ടൂറിസം മേഖലയെ ബാധിക്കുകയെന്ന ഉദ്ദേശ്യം ഉണ്ടോയെന്നുപോലും സംശയിക്കത്തക്ക രീതിയിലാണു ചിലത് ഉയർന്നുവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിഷേധങ്ങളുടെ അവസാന ഘട്ടമാണു ഹർത്താൽ എന്നതു മറക്കുന്ന രീതിയാണ്. കേരളത്തിലേക്കു പോകുമ്പോൾ ചിലതു ശ്രദ്ധിക്കണമെന്നു വിദേശരാജ്യങ്ങൾ പറയുന്ന സ്ഥിതിപോലുമുണ്ടായി. എന്നാൽ ഇവിടെ എത്തിയവർക്കെല്ലാം നല്ല സൗകര്യങ്ങളും ആതിഥ്യമര്യാദയുമാണു നാം നൽകിയത്. ഇതു നല്ലനിലയ്ക്കുതന്നെ മുന്നോട്ടുപോകണം. സംസ്ഥാനത്തിന്റെ സാധ്യതകളിൽ വലിയ ഒരു മേഖലയാണു ടൂറിസം. അതിന് ആവശ്യമായ സഹകരണം എല്ലാവരിൽനിന്നും ഉണ്ടാകണം. ടൂറിസത്തിന്റെ ഓരോ പ്രദേശങ്ങളുടേയും പ്രാദേശിക ഉത്പന്നങ്ങളടക്കമാണു വിപണനം ചെയ്യാൻ സർക്കാർ ഉദ്ദേശിക്കുന്നത്. ടൂറിസ്റ്റുകൾ വരിക, കാഴ്ചകൾ കാണുക, പ്രാദേശിക സാധനങ്ങൾ വാങ്ങുക, നാടിന്റെ വിഭവങ്ങൾ വിളമ്പാൻ സൗകര്യമൊരുക്കുക എന്നിങ്ങനെയുള്ള നിലയ്ക്കാണു ടൂറിസം മേഖല വികസിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രളയ ദുരന്തം ഏറ്റുവാങ്ങേണ്ടിവന്ന മൂന്നാർ അടക്കമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള റോഡുകളും വഴികളും അതിവേഗം പുനഃസ്ഥാപനം നടത്താൻ കഴിഞ്ഞതു വലിയ നേട്ടമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. പ്രളയം ടൂറിസം മേഖലയ്ക്ക് പ്രയാസമുണ്ടാക്കുമോയെന്ന സംശയമുണ്ടായിരുന്നെങ്കിലും നാടിന്റെ പ്രകൃതിഭംഗി ആസ്വദിക്കുന്നതിന് മറ്റു ദേശക്കാർ തത്പരരാണെന്നതാണ് ഇവിടേയ്ക്ക് അധികമായെത്തുന്ന ടൂറിസ്റ്റുകൾ സാക്ഷ്യപ്പെടുത്തുന്നത്. വിനോദസഞ്ചാര പദ്ധതികളിൽ ജനപങ്കാളിത്തമുണ്ടാകുമ്പോൾ ടൂറിസ്റ്റ് കേന്ദ്രങ്ങൾ വികസിക്കുകതന്നെചെയ്യും. അതിനനുസൃതമായ നടപടികൾ സർക്കാരും സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കനകക്കുന്ന് കൊട്ടാരത്തിനു സമീപം നടന്ന ചടങ്ങിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. എ. സമ്പത്ത് എം.പി, മേയർ വി.കെ. പ്രശാന്ത്, കെ. മുരളീധരൻ എം.എൽ.എ, . ടൂറിസം സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ പി. ബാലകിരൺ എന്നിവരും പ്രസംഗിച്ചു.

NO COMMENTS