കേരളത്തിന്റെ ലോകോത്തര സവിശേഷതകൾ ലോകത്തിനു മുന്നിൽ തുറന്നുവച്ച് കേരളീയം 2023നു തുടക്കമായി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലൊരുക്കിയ പ്രൗഢ വേദിയിൽ ലോക മലയാളികളെ സാക്ഷിനിർത്തി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഥമ കേരളീയത്തിനു തിരിതെളിച്ചു. ലോകമെമ്പാടുമുള്ള കേരളീയർക്ക് ഒരുമിച്ച് ആഘോഷിക്കാൻ ഇനി എല്ലാ വർഷവും കേരളീയമുണ്ടാ കുമെന്നു മലയാളത്തിന്റെ മഹോത്സവത്തെ ലോകത്തിനു സമ്മാനിച്ചു മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
ഉദ്ഘാടന ചടങ്ങിന് ഇന്ത്യൻ സിനിമയുടെ അഭിമാനവും കേരളീയത്തിന്റെ അംബാസിഡർമാരുമായ കമലഹാസൻ, മമ്മൂട്ടി, മോഹൻ ലാൽ, ശോഭന എന്നിവരും സംസ്ഥാന മന്ത്രിമാരും വിവിധ രാജ്യങ്ങളിൽനിന്നുള്ള അംബാസഡർമാരും സാക്ഷികളായി.കേരളീയരായതിൽ അഭിമാനിക്കുന്ന മുഴുവൻ ആളുകൾക്കും ആ സന്തോഷം മറ്റുള്ളവരുമായി പങ്കുവയ്ക്കാനും ലോകത്തോടു വിളിച്ചുപറയാനുമുള്ള അവസരമാണു കേരളീയമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന് എല്ലാ രംഗത്തും തനതായ വ്യക്തിത്വമുണ്ട്. സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിൽ കേരളത്തിന്റേതുമാത്രമായ വ്യക്തിത്വസത്ത യുമുണ്ട്. ഇതു നിർഭാഗ്യവശാൽ പലപ്പോഴും തിരിച്ചറിയുന്നില്ല. അതുകൊണ്ടുതന്നെ ഇതിനെ രാജ്യത്തിനും ലോകത്തിനും മുന്നിൽ അവതരിപ്പിക്കാൻ ശരിയായ രീതിയിൽ കഴിയുന്നില്ല. ഈ സ്ഥിതി മാറണം. കേരളീയതയിൽ തീർത്തും അഭിമാനിക്കുന്ന മനസ് കേരളീയർക്കുണ്ടാകണം.
വൃത്തിയുടെ കാര്യം മുതൽ കലയുടെ കാര്യത്തിൽ വരെ വേറിട്ടുനിൽക്കുന്ന കേരളീയതയെക്കുറിച്ചുള്ള അഭിമാനബോധം ഇളംതലമുറയിലടക്കം ഉൾച്ചേർക്കാൻ കഴിയണം. ആർക്കും പിന്നിലല്ല കേരളീയരെന്നും, പലകാര്യങ്ങളിലും എല്ലാവർക്കും മുന്നിലാണു കേരളീയരെന്നുമുള്ള ആത്മാഭിമാനത്തിന്റെ പതാക ഉയർത്താൻ കഴിയണം.
അസാധാരണമായ നേട്ടങ്ങൾ കരസ്ഥമാക്കിയ നാടാണു കേരളം. പലർക്കും അപ്രാപ്യമായ നേട്ടങ്ങൾ കൈവരിക്കാനുള്ള അപാരമായ സിദ്ധികളും സാധ്യതകളും നമുക്കുണ്ട്. തനതു കലാരംഗങ്ങൾ മുതൽ ഐടി മേഖലവരെയും മത്സ്യോത്പാദനം മുതൽ ടൂറിസം വരെ തുടങ്ങി ഏതു മേഖല നോക്കിയാലും വലിയ സാധ്യതകളാണുള്ളതെന്നു കാണാം. ഭൂപരിഷ്‌കരണം മുതൽ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളുടെ ജനകീയവത്കരണം വരെ ഏതെല്ലാം രംഗങ്ങളിൽ എന്തെല്ലാം മാതൃകകളാണുള്ളത്. എന്നാൽ അതിവിപുലമായ ഈ നേട്ടങ്ങളോ സാധ്യതകളോ അവ അർഹിക്കുന്ന വിധത്തിൽ ലോകം തിരിച്ചറിഞ്ഞിട്ടില്ല. ഇതു മറ്റൊരു വശമാണ്. ഈ രണ്ടു വശങ്ങളും മുൻനിർത്തി പുതിയ കേരളത്തെ, വിജ്ഞാന സമൂഹത്തിലേക്കു കുതിക്കുന്ന, മാറിയ കേരളത്തെ ലോക ക്രമത്തിനൊത്തു ചുവടുവയ്ക്കുന്ന കേരളത്തെ ലോകസമക്ഷം അവതരിപ്പിക്കുകയെന്നതാണു കേരളീയമെന്ന പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്.കേരളത്തെക്കുറിച്ച് അഭിമാനിക്കുക, കേരളീയതയെ ലോകസമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുക എന്നിവയാണ് കേരളീയത്തിന്റെ ഉദ്ദേശ്യം. ഇതിലൂടെ എല്ലാ രംഗത്തും കേരളം ലോകമാകെ ശ്രദ്ധിക്കപ്പെടും. ലോകശ്രദ്ധ ഇവിടേയ്ക്കു കേന്ദ്രീകരിക്കുന്ന മുറയ്ക്കു കേരളത്തിന്റെ സമസ്ത രംഗങ്ങളിലേയും കുതിച്ചുചാട്ട സ്വപ്നങ്ങൾ യാഥാർഥ്യമാകുകയും ചെയ്യുമെന്നു മുഖ്യന്ത്രി പറഞ്ഞു.
തിരുവനന്തപുരത്തിന്റെ മുഖമുദ്രയുള്ള ആഘോഷമായി കേരളീയം മാറും. ഒരു നാട്ടിൽ ഒരു പരിപാടി നടക്കുമ്പോൾ സാമൂഹ്യമായും സാംസ്‌കാരികമായും സാമ്പത്തികമായും ആ നഗരം ഉയരുകയാണു ചെയ്യുന്നത്. ലോകത്തെ മഹത്തായ കലാസാംസ്‌കാരിക പരിപാടികൾക്കു വേദിയാകുന്ന നഗരങ്ങളുടെ അനുഭവമിതാണ്. ഇത്തരം ഉത്സവങ്ങളുടെ പേരിൽ ലോകമെമ്പാടും അറിയപ്പെടുന്ന നഗരങ്ങളുണ്ട്. അവ നമുക്കു മാതൃകയാണ്.
രണ്ടാം ലോക മഹായുദ്ധത്തിന്റെ മുറിവുകൾ കലയിലൂടെ ഉണക്കുകയെന്ന ലക്ഷ്യത്തോടെ 1947ൽ ആരംഭിച്ച എഡിൻബറ ഇന്റർനാഷണൽ ഫെസിറ്റിവൽ പിന്നീട് ആ സ്‌കോട്ടിഷ് നഗരത്തിന്റെ സാമ്പത്തിക സ്രോതസായി മാറി. ബ്രിട്ടിഷ് സമ്പദ്ഘടനയ്ക്കു 300 ദശലക്ഷം പൗണ്ട് സംഭാവന ചെയ്യുന്ന മഹാമേളയാണ് ഇപ്പോൾ എഡിൻബെറ ഫെസ്റ്റിവൽ. ബ്രിട്ടിഷ് സർക്കാർ ഫണ്ട് നൽകി നടത്തുന്ന ഫെസ്റ്റിവലാണിത്.
അഞ്ചു ദശലക്ഷം പേർ ഇവിടെ നന്ദർശിക്കുന്നുവെന്നാണു കണക്കുകൾ. ഈ ഫെസ്റ്റിവലിന്റെ ഗുണംലഭിക്കുന്നത് തദ്ദേശീയ ജനത യ്ക്കും വ്യാപാരികൾക്കും ടൂറിസം രംഗത്തിനും സമ്പദ്ഘടനയ്ക്കുമാണ്. അവിടെ പ്രദർശിപ്പിക്കപ്പെടുന്ന കലകളിലൂടെ സാംസ്‌കാരിക മായിക്കൂടി ആ നാടും നഗരവും വളരുന്നു. വെനീസ് ബിനാലെ മറ്റൊരു മാതൃകയാണ്. കോവിഡ് കാലത്തിനു ശേഷം സാമ്പത്തിക മാന്ദ്യത്തിലകപ്പെട്ട നഗരത്തെ പുനരുജ്ജീവിപ്പിക്കാൻ അവർ വെനീസ് ബിനാലെയെ ഉപയോഗിച്ചു. വെനീസിലെ 140 പൊതുസ്വകാര്യ സ്ഥാപനങ്ങൾ കലാകാരന്മാരെയും അന്താരാഷ്ട്ര സന്ദർശകേരയും സ്വീകരിച്ചു ബിനാലെയുടെ ജനപ്രീതി വർധിപ്പിച്ചു. വിദ്യാർഥിക ളെയും നഗരത്തിലെ വ്യാപാരികളെയും ഇതിലേക്ക് അണിചേർത്തു. അതോടെ ബിനാലെ വെനീസിന്റെ സാമ്പത്തിക രംഗത്തിന്റെ അവിഭാജ്യ ഘടകമായി മാറി.
വേൾഡ് ഇക്കോണമിക് ഫോറം സംഘടിപ്പിക്കുന്ന ദാവോസിലെ പ്രധാന വേദികളിലെ റസ്റ്ററന്റുകളും ഷോപ്പുകളും രാജ്യങ്ങളും കമ്പനികളും ഏറ്റെടുക്കുന്നു. അവിടെ പാനൽ ചർച്ചകളും സെമിനാറുകളും വാണിജ്യ കരാറുകളും യാഥാർഥ്യമാകുന്നു. അറുന്നൂറിലേറെ മുൻനിര കമ്പനികളിലെ സിഇഒമാരും 51 രാഷ്ട്രത്തലവന്മാരും ഈ ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കുന്നുണ്ട്. യുദ്ധമുറിവ് ഉണക്കാനും സാമ്പത്തിക മാന്ദ്യം അകറ്റാനും വിഘടിച്ച ലോകത്തെ കൂട്ടിയിണക്കാനും ശ്രമിക്കുന്ന ഈ മേളകളിലെ മികച്ച കാര്യങ്ങൾ സ്വാംശീകരിച്ച് കേരളീയത്തെ ഒരു ലോകോത്തര ബ്രാൻഡാക്കി വളർത്തിയെടുക്കണം.ലോകജനത ഒരിക്കലും നഷ്ടപ്പെടുത്തിക്കൂടാത്ത, ലോകത്തിനു മുന്നിൽ അവതരിപ്പിക്കേണ്ട ഒട്ടേറെ സവിശേഷതകൾ കേരളത്തിലുണ്ട്. ചവിട്ടിത്താഴ്ത്തപ്പെട്ടവരെ വരവേൽപ്പു നൽകുന്ന മഹാബലി സങ്കൽപ്പവുമായി ബന്ധപ്പെട്ട ദേശീയോത്സവമായ ഓണം ഒന്നാന്തരം ഉദാഹരണമാണ്. ക്രിസമസും ബക്രീദും ഓണവുമെല്ലാം ഒറ്റമനസായി ആഘോഷിക്കുന്ന ജനതയാണ് കേരളത്തിലുള്ളത്. തെയ്യവും തിറയും പെരുങ്കളിയാട്ടവുമൊക്കെയടങ്ങുന്ന എത്ര ഉദാഹരണങ്ങൾ.
ഇന്ത്യൻ ചികിത്സാ സമ്പ്രദായമായിരിക്കെത്തന്നെ തനിമയോടെ നാം വളർത്തിയെടുത്ത ആയുർവേദം തുടങ്ങി എന്തെല്ലാമുണ്ട് ഇവിടെ. മലയ്ക്കും അലയ്ക്കുമിടയിലുള്ള മലയാളക്കരയിലെ ജലസമൃദ്ധിയും ധാന്യസമൃദ്ധിയും ഹരിതാഭയും മിത ശീതോഷ്ണാവസ്ഥയും സുഖകരമായ ആവാസവ്യവസ്ഥയും വൈവിധ്യമാർന്ന നാട്ടുഭക്ഷണ രീതികളും നാട്ടു ഭാഷണ രീതികളും ചേർന്ന് എന്തെല്ലാമുണ്ട്. വിവിധങ്ങളായ സംസ്‌കാരങ്ങളുടെ സംഗമം, രഞ്ജിപ്പന്റേതായ ജീവിതത്തിനു തളിരിടാൻപറ്റിയ സാംസ്‌കാരിക, രാഷ്ട്രീയ, ഭൗതിക പരിസരങ്ങൾ തുടങ്ങി എല്ലാം കേരളത്തിന്റെ നാല് അതിരുകൾക്കുള്ളിൽ മാത്രം ഒതുങ്ങുനിന്നാൽ പോര.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വാളും തീയുമായി വിവിധ വിശ്വാസ വിഭാഗങ്ങൾ പരസ്പരം ആക്രമിച്ചു നശിക്കുമ്പോൾ ഇവിടെ നാം രൂപപ്പെടുത്തിയ സാംസ്‌കാരിക സമന്വയത്തിന്റെയും മതനിരപേക്ഷ ഐക്യത്തിന്റെയും അന്തരീക്ഷം അവർക്കൊക്കെ മാതൃകയാക്കാവുന്നതാണ്. ലോകത്തിന്റെ പലഭാഗങ്ങളിലെയും വംശീയ സംഘർഷങ്ങൾക്കുള്ള ഒറ്റമൂലിയാകുന്ന ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമെന്ന നമ്മുടെ പ്രത്യേകതയും ആ ബോധം വളർത്തി യെടുത്ത നവോത്ഥാന പ്രസ്ഥാനങ്ങളുടെ പൈതൃകവും ലോകമാകെ ശ്രദ്ധിക്കേണ്ടതാണ്.
വിശ്വ സംസ്‌കാരത്തിന്റെ മിനിയേച്ചർ മാതൃക കേരളത്തിലുണ്ടെന്നു ലോകത്തോടു വിളിച്ചു പറയാൻ കഴിയണം. ലോകത്തിന്റെ പല ഭാഗങ്ങളിലും ചെന്ന് ആ പ്രദേശങ്ങളുടെയെല്ലാം വികസനത്തിൽ വലിയ പങ്കുവഹിച്ചിട്ടുള്ള പ്രവാസി സമൂഹത്തെയും അവരുടെ സാംസ്‌കാരികതയേയും ലോകത്തിന്റെ ശ്രദ്ധയിൽപ്പെടുത്തണം. ലോകത്ത് മറ്റ് ഏതു ജനതയുണ്ട് ഇങ്ങനെ ?. പലയിടങ്ങളിൽപ്പോയി തേൻ സംഭരിക്കുന്ന തേനീച്ചകളെപ്പോലെയാണു മലയാളികൾ. പലയിടങ്ങളിൽപ്പോയി ജീവിച്ച് അവിടെനിന്നു ലഭിക്കന്ന അറിവു കളെയും വിഭവങ്ങളെയും നമ്മുടെ സമൂഹത്തിനുവേണ്ടി ഉപയോഗിച്ച് നാം നമ്മളെ ശക്തിപ്പെടത്തുന്നു. ഇങ്ങനെ നെയ്തെടുത്ത ഒരു ജീവിതക്രമം മലയാളക്കരയിലല്ലാതെ മറ്റെങ്ങുമില്ല എന്നതാണു വസ്തുതയെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവിധ തലങ്ങളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ നിലനിർത്തി കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിലേക്ക് കേരളത്തെ ഉയർത്തി ക്കൊണ്ടുവരണം. അതിന്റെ ഭാഗമായാണു വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും കേരളത്തെ പരിവർത്തിപ്പിക്കുന്നത്. നവകേരള നിർമിതിയുടെ ഭാഗമായി ലോകത്തിന്റെ ഏതു ഭാഗത്തെ ജനതയോടും മത്സരിച്ചു നിൽക്കാനും വിജയിക്കാനും വൈജ്ഞാ നികമായി പ്രാപ്തമായ തലമുറയെ വാർത്തെടുക്കണം. അതിന് ഉതകും വിധം ലോകത്തിന്റെയാകെ അറിവുകളും അനുഭവങ്ങളും സ്വാംശീകരിക്കണം. അതിനായി ലോകത്തെയാകെ കേരളത്തിലേക്ക് ആകർഷിക്കണം. ഇതിനുള്ളതാണു കേരളീയം. നഷ്ടപ്പെടാൻ ഒന്നുമില്ലെന്നു കരുതുന്ന ജനതയെ ഏത് അധിനിവേശ ശക്തിക്കും കീഴ്പ്പെടുത്താം.
നഷ്ടപ്പെടുത്തിക്കൂടാത്ത ചിലത് തങ്ങൾക്കുണ്ടെന്ന ബോധമാണു ചെറുത്തുനിൽക്കാൻ കരുത്തു നൽകുന്നത്. അതാണു കേരളീയത. കേരളീയത എന്ന നമ്മുടെ ആത്മാഭിമാനത്തെ ഉദ്ദീപിപ്പിക്കുന്നതാകും കേരളീയം. കേരളീയത്തിനു മുൻപും ശേഷവും എന്ന രീതിയിൽ കേരള ചരിത്രം രേഖപ്പെടുത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. കേരളീയത്തിൽ പങ്കുചേരാനും ഭാവി കേരളത്തിന് ഉതകുന്ന ആശയ ങ്ങളും അറിവുകളും പകർന്നുനൽകാനും ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള വിദഗ്ധർ, പണ്ഡിതർ, പ്രതിഭകൾ തുടങ്ങി ഇതി ലേക്ക് എത്തുന്ന എല്ലാവരേയും കേരളം സ്വാഗതം ചെയ്യുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള കലാമണ്ഡലം അവതരിപ്പിച്ച കേരളീയ ഗാന നൃത്താവിഷ്‌കാരത്തോടെയാണു ചടങ്ങുകൾക്കു തുടക്കമായത്. കേരളീയവുമായി ബന്ധപ്പെട്ടു ഷാജി എൻ. കരുൺ തയാറാക്കിയ ഒരു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ വേദിയിൽ പ്രദർശിപ്പിച്ചു. കേരളത്തനിമയുടെ ആവിഷ്‌കാരമായ 42 പ്രദർശന നഗരികൾ, നവകേരളത്തിന്റെ രൂപരേഖയൊരുക്കുന്ന സെമിനാറുകൾ, ചലച്ചിത്രോത്സവം, പുഷ്പോ ത്സവം, ട്രേഡ് ഫെയറുകൾ, കലാപരിപാടികൾ തുടങ്ങി നാട് ഇതുവരെ കണ്ടിട്ടില്ലാത്ത ആഘോഷമാണ് ഏഴു സുന്ദര രാപ്പകലു കളിലായി കേരളീയത്തിൽ ഒരുക്കിയിരിക്കുന്നതെന്നു ചടങ്ങിനു സ്വാഗതം ആശംസിച്ച കേരളീയം സംഘാടക സമിതി ചെയർ മാനും പൊതുവിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രിയുമായ വി. ശിവൻകുട്ടി പറഞ്ഞു.
കേരളത്തിലെ പുതു തലമുറയ്ക്കു പുതിയ കേരളം എന്താണെന്നറിയാനുള്ള വാതിലാകും കേരളീയമെന്ന് അധ്യക്ഷ പ്രസംഗത്തിൽ റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. കേരളീയത്തിന്റെ ബ്രാൻഡ് അംബാസിഡർമാരായ കമലഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ശോഭന എന്നിവർ മുഖ്യമന്ത്രിയുമായി വേദിയിൽവച്ച് സെൽഫിയെടുത്തു. അടുത്ത വർഷത്തെ കേരളീയത്തിന്റെ പ്രചാരണാർഥമാണിതെന്നു സെൽഫിയെടുത്തുകൊണ്ടു മോഹൻലാൽ പറഞ്ഞു.
സംസ്ഥാനത്തെ അതിദാരിദ്ര്യ നിർമാർജന പദ്ധതി പൂർത്തീകരണ പ്രഖ്യാപനം വേദിയിൽ മുഖ്യമന്ത്രി നിർവഹിച്ചു. അതിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ തൽസ്ഥിതി റിപ്പോർട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് മുഖ്യമന്ത്രിക്കു കൈമാറി. കേരളീയത്തിന്റെ ബ്രോഷർ നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ പ്രകാശനം ചെയ്തു.മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, ആന്റണി രാജു, വി. അബ്ദുറഹിമാൻ, അഹമ്മദ് ദേവർ കോവിൽ, സജി ചെറിയാൻ, ഡോ. ആർ. ബിന്ദു, ജി.ആർ. അനിൽ, ജെ. ചിഞ്ചുറാണി, മേയർ ആര്യ രാജേന്ദ്രൻ, യു.എ.ഇ. അംബാ സിഡർ അബ്ദുൽനാസർ ജമാൽ അൽശാലി, ദക്ഷിണ കൊറിയൻ അംബാസിഡർ ചാങ് ജെ ബോക്, ക്യൂബൻ എംബസി പ്രതിനിധി മലേന റോജസ് മെദീന, വിയറ്റ്നാം പൊളിറ്റിക്കൽ കൗൺസിലർ ട്രാൻ താൻ ഹൂൺ, എം.പി. മാർ എം എൽ എ മാർ ചീഫ് സെക്രട്ടറി ഡോ. വി. വേണു, പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ വി.കെ. രാമചന്ദ്രൻ ,എം.എ. യൂസഫലി, രവിപിള്ള, എം.വി പിള്ള, ടി. പത്മനാഭൻ, ശ്രീകുമാരൻ തമ്പി, കേരളീയം സംഘാടക സമിതി കൺവീനർ എസ്. ഹരികിഷോർ തുടങ്ങിയവർ പങ്കെടുത്തു.
പ്രൊഫ. ഡോ. അമർത്യ സെൻ, ഡോ. റാമില ഥാപ്പർ, ഐ.എസ്.ആർ.ഒ. ചെയർമാൻ എസ്. സോമനാഥ്, അഡ്വ. കെ.കെ. വേണുഗോപാൽ, ടി.എം. കൃഷ്ണ, ഉസ്താദ് അംജദ് അലി ഖാൻ എന്നിവരുടെ ആശംസാ പ്രസംഗങ്ങൾ വേദിയിൽ പ്രദർശിപ്പിക്കുകയും ചെയ്തു